ഗുജറാത്ത് സര്‍ക്കാര്‍ സത്യസന്ധത കാണിക്കണം; യഥാര്‍ഥ കൊവിഡ് വിവരങ്ങള്‍ പുറത്തു വിടണമെന്ന് ഹൈക്കോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

അഹമ്മദാബാദ്: കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അഹമ്മദാബാദ് ഹൈക്കോടതി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണങ്ങളും സംബന്ധിച്ച് യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടണമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നിൽ സത്യസന്ധതയും സുതാര്യതയും കാണിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് 19 ആര്‍ടി പിസിആര്‍ പരിശോധനാഫലങ്ങള്‍ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യഥാര്‍ഥ കണക്കുകള്‍ പുറത്തു വിടുന്നതിൽ നാണിക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ റിപ്പോര്‍ട്ടിങ് വേണമെന്നും ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ഭാര്‍ഗവ് കരിയയും അടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിന് കോടതിയുടെ നിര്‍ദേശം.

കൊവിഡിൻ്റെ യഥാര്‍ഥ ചിത്രം മറച്ചു വെച്ചതു കൊണ്ട് സംസ്ഥാനത്തിന് ഒന്നും നേടാനില്ലെന്നും എന്നാൽ ഇത്തരത്തിൽ വിവരങ്ങള്‍ അടിച്ചമര്‍ത്തി സൂക്ഷിച്ചാൽ പ്രശ്നം കൂടുതൽ ഗുരുതരമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ആളുകള്‍ക്ക് വിശ്വാസക്കുറവിനും ഭയപ്പാടിനും കാരണമാകും. കൊവിഡ് 19 കേസുകള്‍ കുതിച്ചുയരുന്നതിൽ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ ശരിയായ വിവരങ്ങള്‍ പുറത്തു വിടണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഇതു സംബന്ധിച്ച് പ്രസ്താവനയിറക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ചികിത്സാസൗകര്യങ്ങളുടെ നിലവിലെ ലഭ്യത, കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍, ഓക്സിജൻ, വെൻ്റിലേറ്ററുകള്‍, മരുന്ന് തുടങ്ങിയവയുടെ വിതരണം തുടങ്ങിയ കാര്യങ്ങളിൽ സുതാര്യമായി വിവരങ്ങള്‍ പുറത്തു വിടാനാണ് നിര്‍ദേശം. പരിമിതികള്‍ ഉണ്ടെങ്കിൽ അത് അംഗീകരിക്കണമെന്നും ഉടൻ കുറവുകള്‍ നികത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ശരിയായ വിവരങ്ങള്‍ നല്‍കാതിരുന്നാൽ തെറ്റായ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്താൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

×