നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ഗൾഫിൽ നിന്നുള്ള പ്ലസ് ടു വിദ്യാർത്ഥികളെ കേരളത്തിലെത്തിച്ചില്ലെങ്കില്‍ ഭാവി അവതാളത്തിലാകുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ? നാട്ടിലെത്തി പരീക്ഷയ്ക്ക് മുൻപ് ക്വാറന്‍റൈന്‍ പൂർത്തിയാക്കാൻ സമയം ലഭിക്കുമോ എന്നതില്‍ ആശങ്ക !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 22, 2020

കുവൈറ്റ് : കൊറോണ പ്രതിസന്ധിയുടെ ഭാഗമായ ലോക് ഡൗൺ വിമാനയാത്രാവിലക്ക് തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം പ്രതിസന്ധിയിൽ.

ഗൾഫ് രാജ്യങ്ങളിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ ജൂലൈ മാസം നടക്കുകയാണ്. സ്റ്റേറ്റിന്‍റെ നീറ്റ് പരീക്ഷ ജൂലൈ 16 നും കേന്ദ്രത്തിന്‍റേത് ജൂലൈ 26നുമാണ്.

അതിനു മുൻപ് സംസ്ഥാനത്തെത്തി ക്വാറന്‍റൈന്‍ കൂടി പൂർത്തിയാക്കിയാൽ മാത്രമേ ഗൾഫിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയൂ. നിലവിൽ 150 ല്‍ താഴെ യാത്രക്കാരാണ് ഓരോ ഫ്ലൈറ്റിലും ഗൾഫിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്.

അതുതന്നെ അടിയന്തിര സാഹചര്യങ്ങളിലുള്ളവരെ മുൻഗണനാ പട്ടിക നോക്കിയാണ് കൊണ്ടുവരുന്നത്. മുൻഗണനാ പട്ടികയിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികളും തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടാനുള്ള വിദ്യാര്‍ത്ഥികളും ഇടംപിടിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍നിന്നും പുറപ്പെടുന്ന നാമമാത്രമായ വിമാനങ്ങളില്‍ അത്യാവശ്യ സാഹചര്യങ്ങളിലുള്ളവരുടെ യാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥികളെ എന്ന് നാട്ടിലെത്തിക്കാന്‍ കഴിയുമെന്നറിയില്ല. ജൂണ്‍ അവസാനത്തിന് മുന്‍പ് ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നാട്ടിലെത്തിക്കാനായില്ലെങ്കില്‍ അവര്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ കഴിയില്ല. ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.

×