“ഗൾഫിലെ പ്രവാസികൾ ഓടിപോകുമ്പോൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു “

സത്യം ഡെസ്ക്
Wednesday, May 6, 2020

ജീവിതത്തിലെ ചില സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പലപ്പോഴും പോകേണ്ടിയിരിക്കുന്നു . ഇപ്പോഴുള്ള സാഹചര്യം അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ വന്നുപെട്ടിട്ടുള്ളതാണ് .

ആരുടെയോ മുഖപുസ്തകത്തിൽ അവരുടെ നോർക്ക രെജിസ്ട്രേഷനിൽ പ്രത്യക്ഷപ്പെട്ട രെജിസ്ട്രേഷൻ നമ്പർ കണ്ട് കണ്ണ് തള്ളിപ്പോയി . ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് നാട്ടിലേക്ക് ഓടിപ്പോകാൻ തീരുമാനിച്ചിരിക്കുന്നത് …

മനസ്സിലെ ഭീതികൾ കൊണ്ടാണെങ്കിലും , അല്പമൊന്ന് നമ്മൾ ക്ഷമിക്കേണ്ടത് അത്യാവശ്യമാണ് . പ്രവാസത്തിലെ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ പോലും നമ്മൾ പിടിച്ചു നിൽക്കേണ്ടതുകൂടിയുണ്ട് . പ്രവാസലോകത്തിൽ നിന്ന് നമ്മൾ ഓടിപോയാലും നാട്ടിൽ പെട്ടെന്ന് പോയി ഒന്നും ചെയ്യാൻ കഴിയില്ല .

ഇപ്പോൾ പതിനാല് ദിവസം നിർബന്ധിത ക്വാറന്റൈൻ സത്യവാങ്മൂലം നൽകുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ അനുസരിച്ച് മാറാനും ഇടയുണ്ട് . ചുരുക്കം പറഞ്ഞാൽ രണ്ട് മാസം വെറുതെ പോകും . തിരിച്ചു വരവ് , ഗൾഫിലെ സാഹചര്യങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കും . നാട്ടിൽ കയ്യിൽ ഒന്നുമില്ലാത്ത സാഹചര്യം തരുന്ന ഭീതി മാനസിക സംഘർഷം കൂട്ടും .

നാട്ടിൽ പ്രതീക്ഷകൾ തരുന്ന ഒരു സംവിധാനവും നിലവിലില്ലാത്ത സാഹചര്യങ്ങൾ സാധാരണ പ്രവാസികളെ സംബന്ധിച്ച് വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക . കഷ്ടങ്ങൾ ഉണ്ടെങ്കിലും പ്രത്യാശയോടെ പ്രവാസത്തിൽ പിടിച്ചു നിൽക്കുക . കോവിഡ് ഭീതി നിഴലിക്കുന്നുണ്ടെങ്കിലും എല്ലവരും സ്വയരക്ഷയെ നോക്കി ഗവണ്മെന്റ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ട് പോവേണ്ടതാണ് .

ഇനി നാട്ടിൽ പോയി സെറ്റിൽ അകാൻ ആഗ്രഹിച്ചാൽ ഉണ്ടാകുന്ന പരിണിതഫലം ഭയാനകമാണ് . പ്രവാസികളെ കൊണ്ട് നാട്ടിൽ സ്വന്തം കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർന്നു എന്നല്ലാതെ പ്രത്യേകിച്ച് ക്രിയാത്മകമായി ഉണ്ടായോ എന്നുള്ളതിൽ നമ്മുക്ക് തന്നെ സംശയം നിഴലിക്കുന്ന സാഹചര്യങ്ങളാണ് ഉള്ളത് .

എല്ലവരും ഇങ്ങനെ തിടുക്കം കൂട്ടിപ്പോയാൽ നാട്ടിലെ ഉള്ള സാഹചര്യങ്ങൾ മാറിമറിയും . സാമ്പത്തിക ഭദ്രത അകെ താറുമാറിലാകും .

ഇപ്പോൾ ചിരിക്കുന്ന പലരും നാട്ടിൽ ചെന്നാൽ കാണിക്കുന്ന സ്നേഹം കാണിക്കുമോ എന്നുള്ളതിൽ സംശയമില്ലാതില്ല . ഇന്നലെ വരെ അവർക്ക് മദ്യവും ചോദിക്കുമ്പോൾ പണവും കൊടുത്ത് സഹായിച്ചനമ്മളെ , സാഹചര്യങ്ങൾ അനുസരിച്ച് അവർ ഒഴിവാക്കി പുതിയ പണച്ചാക്കുകളെ തേടിപോകും . സത്യസന്ധമായി പറഞ്ഞാൽ നാട്ടിൽ ഒറ്റപ്പെട്ട് പോകാൻ സാധ്യതയുണ്ട് .

ആയതിനാൽ ഇപ്പോൾ വളരെ അത്യാസന്ന നിലയിലുള്ളവർ , ഗർഭിണികൾ കൂടാതെ വളരെ അത്യാവശ്യമുള്ളവർ മാത്രം പോകാൻ തയ്യാറാവുക ബാക്കിയുള്ളവർ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ അതാത് രാജ്യങ്ങളിൽ തുടരുക ………

 

 

 

 

 

ഹരിഹരൻ പങ്ങാരപ്പിള്ളി

 

×