സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 25, 2020

ഡല്‍ഹി : സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. മോഹന ശാന്തന ഗൗഡർ, എ.എസ്. ബൊപ്പണ്ണ, ആർ. ഭാനുമതി, അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച് 1 എൻ 1 പനി ബാധിച്ചത്.ജഡ്ജിമാരിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി.

സുപ്രീംകോടതിയിലെ ജഡ്ജിമാർക്കും അഭിഭാഷകർക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളിൽ ജഡ്ജിമാർ എത്തിച്ചേരാൻ വൈകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേരാനും താമസമുണ്ടായി. എന്നാൽ ജഡ്ജിമാർ കോടതിമുറിയിൽ എത്തിച്ചേരാൻ താമസിക്കുന്നതിന്റെ കാരണം കോർട്ട് മാസ്റ്റർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നില്ല.

ഇതിനുപിന്നാലെയാണ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 ബാധിച്ചെന്നും ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് യോഗം വിളിച്ചെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നത്.

×