ഹഠ യോഗ, ശരീരത്തെ വളച്ചൊടിക്കുന്ന ഇടപാടല്ല; നിങ്ങള്‍ ചിന്തിക്കുകയും, വികാരം കൊള്ളുകയും, ജീവിതത്തെ ഗ്രഹിക്കുകയും ചെയ്യുന്ന രീതിയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതാണ്‌; എന്തുകൊണ്ടാണ് ‘ജീവശ്വാസം പകർന്ന് നല്കപ്പെടുമ്പോൾ’ മാത്രം ഹഠ യോഗ സചേതമാകുന്നത്‌? ഹഠ യോഗയുടെ ശാസ്ത്രം അറിയാത്തവര്‍ക്കായി..!

ഹെല്‍ത്ത് ഡസ്ക്
Saturday, June 20, 2020

ഹഠ യോഗ എങ്ങനെയാണ് ഒരു ശാരീരിക വ്യായാമമുറയെന്നതിനപ്പുറം, കൂടുതൽ ഉയർന്ന സാധ്യതകളിലേക്കായി ശരീരത്തെ തയ്യാറാക്കുന്ന സുശക്‌തമായ ഒരു മാർഗ്ഗമാകുന്നതെന്നാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്‌.

യോഗയെന്ന വാക്ക് ഉച്ചരിച്ചാൽ, റബ്ബർ ബാൻഡുകൾ പോലെ സ്വയം പിണയണമെന്നോ, അല്ലെങ്കിൽ തല കുത്തി നിൽക്കണമെന്നൊക്കെയാണ് ആളുകൾ സങ്കൽപ്പിക്കുന്നത്. യോഗ ഒരു വ്യായാമമുറയല്ല. “യോഗ’ എന്ന വാക്കിൻറ്റെ അർത്ഥം, ഏകീകരണമെന്നാണ്. മുഴുവൻ അസ്തിത്വവും കേവലം ഒരൊറ്റ ഊർജ്ജം മാത്രമാണെന്ന്, ഇന്ന് ആധുനിക ശാസ്ത്രം സ്ഥാപിച്ചു കഴിഞ്ഞു. ഇതെല്ലാം ഒരൊറ്റ ഊർജ്ജം മാത്രമാണെങ്കിൽ, എന്ത് കൊണ്ടാണ് നിങ്ങൾക്ക് അത് ആ രീതിയിൽ അനുഭവിച്ചറിയുവാൻ കഴിയാത്തത്?

നിങ്ങൾ വേറിട്ടതാണെന്ന മിഥ്യാബോധത്തിൻറ്റെ പരിമിതികൾ തകർത്ത്, അസ്തിത്വത്തിൻറ്റെ ഏകത്വം അനുഭവിച്ചറിയുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, അതാണ് യോഗ. ഈശ്വരൻ സർവ്വവ്യാപിയാണെന്ന് ഈ ലോകത്തിലെ മതങ്ങളെല്ലാം എന്നും ഉദ്‌ഘോഷിച്ചിട്ടുള്ള കാര്യമാണ്. ഈശ്വരൻ എല്ലായിടത്തുമുണ്ടെന്ന് പറയുന്നതും, എല്ലാം ഒരേ ഊർജമാണെന്ന് പറയുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഇവ രണ്ടും ഒരേ യാഥാർഥ്യമാണ്.

ഇത് ഗണിതപരമായി നിഗമിക്കപെടുമ്പോൾ, അതിനെ നമ്മൾ ശാസ്ത്രമെന്ന് വിളിക്കുന്നു. നിങ്ങൾ അതിൽ വിശ്വാസമർപ്പിക്കുകയാണെങ്കിൽ, നമ്മൾ അതിനെ മതമെന്ന് വിളിക്കുന്നു. അവിടെയുത്തുവാനുള്ള വഴി നിങ്ങൾ കണ്ടെത്തുമ്പോൾ, നമ്മൾ അതിനെ യോഗയെന്ന് വിളിക്കുന്നു. അങ്ങനെയെങ്കിൽ, എന്താണ് യോഗ, എന്തല്ല യോഗ? അങ്ങനെയൊന്നില്ല.

യോഗയുടെ അനുഭവത്തിലേക്ക് 

ഏകീകരണത്തിൻറ്റെയും അപരിമേയതയുടെയും – നിങ്ങളെ നയിക്കുവാൻ, ഊർജ്ജത്തിൽ സ്വാധീനം ചെലുത്തി,ഒരു വിശേഷ രീതിയിൽ വ്യവസ്ഥയെ ചലിപ്പിക്കുന്നു. അംഗവിന്യാസങ്ങൾ ഇതിൻറ്റെ ഒരു തലമാണ്. ശരീരത്തിൻറ്റെ യന്ത്രശാസ്ത്രം മനസ്സിലാക്കി, ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ച ശേഷം, ശരീരം അല്ലെങ്കിൽ അംഗവിന്യാസങ്ങൾ ഉപയോഗിച്ച്‌ ഊർജ്ജത്തെ നിശ്ചിത ദിശകളിലേക്ക് തെളിക്കുക – ഇതാണ് ഹഠ യോഗ അല്ലെങ്കിൽ യോഗാസനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഹഠ യോഗ ഒരു വ്യായാമമുറയല്ല. ആസനം എന്നാൽ അംഗവിന്യാസമെന്ന് അർത്ഥം.  ഒരു പ്രത്യേക രീതിയിൽ ഇരിക്കുകയാണെങ്കിൽ, അതൊരു ആസനമാണ്. മറ്റൊരു രീതിയിൽ ഇരിക്കുകയാണെങ്കിൽ, അത് മറ്റൊരു ആസനമാകുന്നു. അങ്ങനെ അസംഖ്യം ആസനങ്ങൾ സാധ്യമാണ്. ശരീരത്തിന് എടുക്കാവുന്ന ഈ അസംഖ്യം ആസനങ്ങളിൽ നിന്ന്, എൺപത്തിനാല് അടിസ്ഥാന ആസനങ്ങളെ യോഗാസങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

യോഗയുടെ പ്രാരംഭിക പ്രക്രീയയാണ് ഹഠ യോഗ. “ഹ’ എന്നാൽ സൂര്യൻ, “ഠ’ എന്നാൽ ചന്ദ്രനും.

“ഹഠ” എന്നാൽ നിങ്ങളുടെയുള്ളിലെ സൂര്യനും ചന്ദ്രനും തമ്മിൽ സമതുലിതാവസ്ഥ കൊണ്ടുവരുകയെന്നർത്ഥം. ചില പരിമിതികൾക്കപ്പുറത്തേക്ക് നിങ്ങളെ കൊണ്ടുപോകത്തക്ക രീതിയിൽ നിങ്ങൾക്ക് ഹഠ യോഗയെ ഉപയോഗിക്കാം, പക്ഷെ മൗലികമായി, അതൊരു ശാരീരിക സജ്ജീകരണമാണ് – കൂടുതൽ ഉയർന്ന ഒരു സാധ്യതയിലേക്കായി ശരീരത്തെ സജ്ജമാക്കുക. .

ഇതിന് മറ്റ് തലങ്ങളുമുണ്ട്, പക്ഷെ ലളിതമായി പറയുകയാണെങ്കിൽ, കേവലം ഒരാൾ ഇരിക്കുന്ന രീതി ശ്രദ്ധിക്കുകയാണെങ്കിൽ, അവർക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് ഏകദേശം അറിയുവാൻ കഴിയുമെന്ന് സാരം. നിങ്ങൾ നിങ്ങളെ തന്നെ നിരീക്ഷിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും – കുപിതനാണെങ്കിൽ നിങ്ങൾ ഒരു രീതിയിൽ ഇരിക്കും, സന്തോഷത്തിലാണെങ്കിൽ, മറ്റൊരു രീതിയിലും;

വിഷാദവാനാണെങ്കിൽ, നിങ്ങൾ തീർത്തും വ്യത്യസ്‌തമായ രീതിയിലായിരിക്കും ഇരിക്കുക. ഓരോ വ്യത്യസ്‌ത ബോധാവസ്ഥയിലും, അല്ലെങ്കിൽ ഓരോ വ്യത്യസ്‌ത മാനസിക/ വൈകാരിക സാഹചര്യത്തിലും, നിങ്ങളുടെ ശരീരം സ്വാഭാവികമായി ഒരു നിശ്ചിത വിന്യാസത്തിൽ ഏർപ്പെടുന്നു. ഇതിൻറ്റെ പരിവൃത്തിയാണ് ആസനങ്ങളുടെ ശാസ്ത്രം. ബോധപൂര്‍വ്വം നിങ്ങളുടെ ശരീരത്തെ നിങ്ങൾ വ്യത്യസ്‌ത വിന്യാസങ്ങളിലേക്ക് കൊണ്ട് പോകുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ പ്രജ്ഞയെ ഉയർത്തുവാൻ കഴിയുന്നു.

യോഗ പശ്ചാത്യ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്ത്, ജനപ്രീയമായി മാറി ഇരുപത് വർഷങ്ങളോളമായിരിക്കെ, അത് പഠിപ്പിക്കപ്പെടുന്ന രീതിയിൽ ധാരാളം കുറവുകളുണ്ടെങ്കിലും, അതിൻറ്റെ ആരോഗ്യപരമായ ഗുണങ്ങൾ അനിഷേധ്യമാണ്, നിങ്ങൾ എവിടെ വസിക്കുന്നവരായാലും, എന്ത് ചെയ്യുന്നവരായാലും. ഇപ്പോൾ, യോഗ അഭ്യസിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായികൊണ്ടിരിക്കുകയാണ്.

ഇത്, ഒരു പക്ഷെ, യോഗയുടെ ആഴവും പരപ്പും ശാസ്ത്രീയ സമൂഹം പതിയെ തിരിച്ചറിയുവാൻ തുടങ്ങിയത് കൊണ്ടാകാം. പക്ഷെ, അനുചിതമായ, വളച്ചൊടിക്കപെട്ട യോഗ വ്യാപിക്കുകയാണെങ്കിൽ, ഇത് ഏതൊക്കെ രീതികളിലാണ് മനുഷ്യന് ദോഷകരമാകുന്നതെന്ന ശാസ്ത്രീയ പഠനങ്ങൾ പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ പുറത്ത് വരികയും, അത് യോഗയുടെ പതനത്തിന് കാരണമാകുകയും ചെയ്യും.

അതിനാൽ, പരമ്പരാഗതമായ യോഗ എങ്ങനെയായിരുന്നോ അഭ്യസിക്കപ്പെട്ടിരുന്നത്, അങ്ങനെ തന്നെ അതിനെ തിരിച്ചു കൊണ്ടുവരിക എന്നത് സുപ്രധാനമാണ്. യുക്തമായ അന്തരീക്ഷത്തിൽ, വിനയത്തോടും, ആ അഖണ്ഡ പ്രക്രീയയുടെ പൂർണ്ണഗുണസമ്പന്നതയെക്കുറിച്ചുള്ള ബോധത്തോടും കൂടി യോഗ പഠിപ്പിക്കപ്പെടുകയാണെങ്കിൽ, ദൈവീകതയെ സ്വീകരിക്കുവാനുള്ള വിസ്മയാവഹമായ ഒരു ഉപകരണമെന്ന രീതിയിൽ, നിങ്ങളുടെ വ്യവസ്ഥയെ ഒരു മനോഹര യാനപാത്രമാക്കി രൂപപ്പെടുത്തുവാനുള്ള ഒരു അത്യുത്തമ പ്രക്രീയയാണിത്.

ജീവിക്കുവാനുള്ള വളരെ സുശക്തമായ ഒരു മാർഗ്ഗമാണത്, മറ്റൊരാളുടെ മേൽ പ്രതാപം കാണിക്കുവാനല്ല; അത് പ്രതിപാദിക്കുന്നതെല്ലാം ജീവിതത്തെ സമീപിക്കുവാനുള്ള ശക്തിയെക്കുറിച്ചാണ് .

×