മഹാമാരിയിലെ രാജകാരുണ്യം തുടരുന്നു: ഹജ്ജ് - ഉംറ മേഖലയിൽ ഉത്തേജനം പകരാനുള്ള നടപടികൾക്ക് സൽമാൻ രാജാവ് അനുമതി നൽകി; പ്രവാസി തൊഴിലാളികളുടെ മാസാന്ത ലെവി ആറ് മാസം അടക്കേണ്ട

New Update

ജിദ്ദ: മഹാമാരിക്കാലത്ത് നിർജീവമായി കഴിയുന്ന തീർത്ഥാടക രംഗത്ത് പുതിയ ആവേശം പകർന്ന് കൊണ്ട് സൗദി അറേബ്യ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ഹജ്ജ് - ഉംറ ഉത്തേജക പദ്ധ്വതികളുടെ പ്രയോജനം ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഗുണം ചെയ്യും. കൊറോണ മൂലം മറ്റെല്ലാ മേഖലയെയും പോലെ ശുഷ്കമായി നിൽക്കുന്ന തീർത്ഥാടന രംഗത്തിന് ആവേശം പകരുന്ന തീരുമാനങ്ങൾ വ്യക്തികൾ, നിക്ഷേപകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്ക് ഏൽക്കേണ്ടിവരുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരു പരിധി വരെ ആശ്വാസം പകരുമെന്നാണ് വിശ്വാസം.

Advertisment

publive-image

 

സൗദിയിൽ കൊറോണാ ആഘാതം ഏറെ പ്രതിസന്ധി ഏൽപ്പിച്ച മേഖലയാണ് ഹജ്ജ് - ഉംറ. ഈ മേഖലയ്ക്ക് ഉത്തേജനം നൽകുകയെന്ന ഉദ്യേശത്തോടെ നൂറ്റി അമ്പതിലേറെ കാര്യങ്ങളാണ് സൗദി അറേബ്യ ഇതിനകം പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. ഇതിന്റെ മൊത്തം ചിലവ് നൂറ്റി എൺപത് ബില്യൺ റിയാൽ വരും.

ചൊവാഴ്ച പ്രഖ്യാപിച്ച പ്രധാന ആശ്വാസ നടപടികൾ ഇവയാണ്:

ഹജ്ജ്, ഉംറ മേഖലയിലെ പ്രവാസി ജീവനക്കാരുടെ ഇഖാമ പുതുക്കാനുള്ള ഫീസ് അടയ്ക്കുന്നതിന് ആറ് മാസത്തേക്ക് സാവകാശം നൽകും; അതാകട്ടെ, ഒരു വർഷത്തിനുള്ളിലായി ഗഡുക്കളായി അടക്കാനും സൗകര്യം.

പ്രവാസികളായ തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമ സർക്കാരിൽ അടക്കേണ്ട മാസാന്ത ലെവി നൽകുന്നതിൽ നിന്ന് ഹജ്ജ് - ഉംറ മേഖലയെ ആറ് മാസത്തേക്ക് ഒഴിവാക്കും.

മക്ക, മദീന നഗരങ്ങളിലെ ഹോട്ടൽ, താമസ കേന്ദ്രങ്ങൾക്കുള്ള മുനിസിപ്പാലിറ്റിയുടെ കൊമേഴ്സ്യൽ ബിസിനെസ്സ് ലൈസെൻസ് ഫീസ് ഒരു വർഷത്തേക്ക് വേണ്ടെന്നു വെക്കും.

മക്ക, മദീന നഗരങ്ങളിലെ ഹോട്ടൽ, താമസ കേന്ദ്രങ്ങൾക്കുള്ള ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസ് ചുരുങ്ങിയത് ഒരു വർഷത്തേക്ക് സൗജന്യമായി പുതുക്കും; ആവശ്യമെങ്കിൽ ഇത് ദീർഘിപ്പിക്കുകയും ചെയ്യും.

തീർത്ഥാടകർക്കായി സർവീസ് നടത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് സൗജന്യമായി ഒരു വർഷത്തേയ്ക്ക് സൗജന്യമായി പുതുക്കി കൊടുക്കും.

2021 ലെ ഹജ്ജ് സീസണിൽ പുതിയ ബസുകൾക്കുള്ള കസ്റ്റംസ് നികുതി മൂന്ന് മാസത്തേക്ക് വൈകിപ്പിക്കും. അതാകട്ടെ, അടക്കേണ്ട തീയതി മുതൽ ആരംഭിച്ച് 4 മാസങ്ങളിലായി ഗഡുക്കളായി അടക്കാനും സൗകര്യം.

Advertisment