ഹിജാബ് പ്രശ്‌നത്തിന് പിന്നാലെ മതനൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് അടുത്ത പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍. കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം ആവശ്യപ്പെട്ടാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഹലാല്‍ ഭക്ഷണത്തിനെതിരെ ഹിന്ദുജന ജാഗ്രതി സമിതി പ്രവര്‍ത്തകര്‍ ഉഡുപ്പിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട. സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിക്കുന്നു.
കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി ഹലാല്‍ ഫ്രീ ദീപാവലി എന്ന ആവശ്യവുമായി സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ശ്രീരാമ സേനയും ഹിന്ദു ജാഗരണവേദിയും. ഉഡുപ്പിയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ക്ക് മുന്നില്‍ സംഘടനകള്‍ പ്രതിഷേധിച്ചു. ഷിമോഗ്ഗയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളായ കെഎഫ്‌സി, പിസ്സ ഹട്ട് സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഹലാല്‍ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. കെ.എഫ്.സി.യുടെയും മക്ഡൊണാള്‍ഡിന്റെയും മാനേജ്മെന്റുകള്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയതായി ഇവര്‍ അവകാശപ്പെട്ടു. ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണ ആഹ്വാനം ദീപാവലി ആഘോഷം അവസാനിക്കുന്നതുവരെ തുടരുമെന്ന് സമിതി വക്താവ് മോഹന്‍ ഗൗഡ പറഞ്ഞു. ഇതിന്റെഭാഗമായി ഭക്ഷണ വിതരണ ശൃംഖലകളായ കെ.എഫ്.സി., മക്ഡൊണാള്‍ഡ് എന്നിവയുടെ ബെംഗളൂരുവിലെ സ്റ്റോറുകള്‍ക്കുമുമ്പില്‍ പ്രകടനം നടത്തിയെന്നും ഇവര്‍ വ്യക്തമാക്കി.
സ്റ്റോറുകളിലെ മെനുവില്‍ ഹലാല്‍ ഭക്ഷണവും നോണ്‍ ഹലാല്‍ ഭക്ഷണവും പ്രത്യേക പട്ടികകളായി നല്‍കണം. ഇത് ഒരാഴ്ചക്കകം നടപ്പില്‍ വരുത്തണം. ഇല്ലെങ്കില്‍ സ്‌റ്റോറുകള്‍ പൂട്ടിക്കാനായി പ്രതിഷേധം ശക്തമാക്കുമെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി