‘വാട്‌സാപ്പ് ഫോര്‍വേഡ് മെസേജ് ഉള്ളടക്കം നോക്കാതെ പോസ്റ്റ് ചെയ്തതാണ്, ഇന്ത്യക്കായി പോരാടുന്ന സിഖുകാരനാണ് ഞാന്‍’; വിവാദ പോസ്റ്റ് പങ്കുവച്ചതില്‍ മാപ്പ് ചോദിച്ച് ഹര്‍ഭജന്‍ സിങ്‌

സ്പോര്‍ട്സ് ഡസ്ക്
Monday, June 7, 2021

ചണ്ഡീഗഡ്: ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ സൈന്യം വധിച്ച ഖാലിസ്താൻ വിഘടനവാദി നേതാവ് ജർനയിൽ സിങ്ങ് ഭിന്ദ്രാവാലയെ പ്രകീർത്തിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത സംഭവത്തില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മാപ്പ് പറഞ്ഞു. ഭിന്ദ്രാവാലെയുടെ ചിത്രത്തിനൊപ്പം ‘അഭിമാനത്തോടെ ജീവിച്ചു, മതത്തിന് വേണ്ടി ജീവൻ നൽകി’ എന്നായിരുന്നു ഹര്‍ഭജന്‍ കുറിച്ചത്.

വാട്സ്ആപ്പിൽ വന്ന ഫോർവേഡ്മെസേജ് ഉള്ളടക്കം നോക്കാതെ പോസ്റ്റ് ചെയ്തതാണെന്നും തന്റെ തെറ്റ് അംഗീകരിക്കുന്നുവെന്നും ഹർഭജൻ സിങ് ട്വീറ്റ് ചെയ്തു.

‘കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ അത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചതിന് മാപ്പ് ചോദിക്കുന്നു. ആ പോസ്റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളോടോ ചിത്രത്തിലുണ്ടായിരുന്ന വ്യക്തിയോടോ ഞാൻ യോജിക്കുന്നില്ല. ഇന്ത്യയ്ക്കായി പോരാടുന്ന ഒരു സിഖുകാരനാണ് ഞാൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ഞാൻ രാജ്യവിരുദ്ധ ശക്തികൾക്ക് ഒരിക്കലും പിന്തുണ നൽകില്ല.’ ഹർഭജൻ ട്വീറ്റിൽ പറയുന്നു.

×