Advertisment

ഐപിഎല്ലില്‍ പവര്‍ പ്ലേകളിലും മധ്യ ഓവറുകളിലും ഞാന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടുണ്ട്; പക്ഷെ വയസനായി കണ്ട് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല; പ്രായം നാല്‍പതിന് അടുത്തെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാന്‍ ഇനിയും തനിക്കാവുമെന്ന് ഹര്‍ഭജന്‍ സിംഗ്

New Update

ചണ്ഡീഗഡ്: പ്രായം നാല്‍പതിന് അടുത്തെത്തിയെങ്കിലും ഇന്ത്യക്കായി കളിക്കാന്‍ ഇനിയും തനിക്കാവുമെന്ന് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 2016 മാര്‍ച്ചിലാണ് ഹര്‍ഭജന്‍ ഇന്ത്യക്കായി അവസാനമായി പന്തെറിഞ്ഞത്. 2017 മുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലോ ആഭ്യന്തര ക്രിക്കറ്റിലോ 39കാരനായ ഹര്‍ഭജന്‍ കളിച്ചിട്ടില്ല.

Advertisment

publive-image

എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി തനിക്ക് വീണ്ടും പന്തെറിയാനാവുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. എന്നെ ഒരു വയസനായി കാണുന്നതുകൊണ്ടാണ് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കാത്തത്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനായാല്‍ എനിക്ക് ഇനിയും ഇന്ത്യക്കായി കളിക്കാനാവും.

കാരണം ബൗളര്‍മാര്‍ക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ലോകത്തിലെ മികച്ച താരങ്ങളുടെ സാന്നിധ്യവുമാണ് ഐപിഎല്ലില്‍ വെല്ലുവിളിയാകുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ഒരു കളിക്കാരന് രാജ്യാന്തര ക്രിക്കറ്റിലും തിളങ്ങാനാവുമെന്നുറപ്പാണ്.

ഐപിഎല്ലില്‍ പവര്‍ പ്ലേകളിലും മധ്യ ഓവറുകളിലും ഞാന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടുണ്ട്. പക്ഷെ വയസനായി കണ്ട് എന്നെ അവര്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റിലും ഞാന്‍ കളിക്കുന്നില്ല. എങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ എനിക്ക് കഴിയുന്നുണ്ട്. ബാക്കിയൊക്കെ എന്റെ റെക്കോര്‍ഡുകള്‍ തന്നെ പറയും-ഹര്‍ഭജന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ടീമുകള്‍ക്കും ഐപിഎല്‍ ടീമുകളുടെ മികവില്ല. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്. എന്നാല്‍ മറ്റ് ടീമുകളുടെ സ്ഥിതി അതല്ല. ഐപിഎല്ലില്‍ ജോണി ബെയര്‍സ്റ്റോയെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ എന്തുകൊണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ അതിന് കഴിയില്ലെന്നും ഹര്‍ഭജന്‍ ചോദിച്ചു. ടീമില്‍ നിന്നൊഴിവാക്കുന്നതിനുള്ള കാരണത്തെക്കുറിച്ച് സെലക്ടര്‍മാരോ ടീം മാനേജ്മെന്റോ കളിക്കാരുമായി ആശയവിനിമയം നടത്തുന്നില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ipl harbhajan singh
Advertisment