തിരുവനന്തപുരം : ദീപാവലി ദിനമായ ഒക്ടോബര്‍ 24ന് മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് സര്‍ക്കാര്‍ ആഹ്വാനത്തെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. കൊറോണക്കെതിരെ പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി അന്ധവിശ്വാസിയാണെന്ന് പറഞ്ഞ വിപ്ലവ സിംഹങ്ങളെല്ലാം തൂങ്ങി മരിച്ചോ എന്നാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഹരീഷ് പേരടി ചോദിക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ...
''കൊറോണക്കെതിരെ ബാല്‍കണിയിലോ വീടിന്റെ മുറ്റത്തോ നിന്ന് വിളക്കോ മൊബൈല്‍ ഫോണിലെ വെളിച്ചമോ കത്തിച്ച് പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി അന്ധവിശ്വാസിയാണെന്ന് പറഞ്ഞ വിപ്ലവ സിംഹങ്ങളെല്ലാം തൂങ്ങി മരിച്ചോ.. ഈ ശനിയാഴ്ച്ച നാലാം മതത്തിലെ എല്ലാ അടിമ വീടുകളിലും ദീപം കത്തും... ഗോ ലഹരി ദീപം.. ഗോ ലഹരി ദീപം...ദീപ വിപ്ലവം ജയിക്കട്ടെ.. വെളിച്ചസലാം'
ശനിയാഴ്ച ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തില്‍ പങ്കാളികളായി വീടുകളില്‍ ദീപം തെളിയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടിയും നടക്കും.
ലഹരിക്കെതിരെ ഒക്ടോബര്‍ 2ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബര്‍ ഒന്നിനാണ് ഒന്നാം ഘട്ട പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാര്‍ഥികളും പൊതുജനങ്ങളും ശൃംഘല തീര്‍ക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഘല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യത്ഥിച്ചു.