ബാബു ആന്റണിയുടെ ആരാധികയായ യുവതിക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ചികിത്സ സഹായം ലഭ്യമാക്കി; ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ല…ഇനി ഇതാണ് പുതിയ കീഴവഴക്കമെങ്കില്‍ മുഖ്യമന്ത്രിയുടെ നമ്പര്‍ പരസ്യമാക്കുക…എല്ലാ പാവപ്പെട്ടവര്‍ക്കും മുഖ്യമന്ത്രിക്ക് നേരിട്ട് സന്ദേശങ്ങള്‍ അയക്കാമല്ലോ; വിമര്‍ശനവുമായി ഹരീഷ് പേരടി

ഫിലിം ഡസ്ക്
Monday, May 31, 2021

തിരുവനന്തപുരം: നടന്‍ ബാബു ആന്റണി മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് കൊവിഡ് രോഗിക്ക് ചികിത്സ എത്തിച്ചതില്‍ വിമര്‍ശനം അറിയിച്ച് നടന്‍ ഹരീഷ് പേരടി. ഇത് ജനാധിപത്യ സംവിധാനത്തിന് ചേരില്ലെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം വാര്‍ത്തയും പങ്കുവെച്ചിട്ടുണ്ട്.

ആരുമില്ലാത്ത രോഗികള്‍ ഇനിയുമുണ്ട്. അവര്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ നമ്പര്‍ കിട്ടിയാല്‍ നല്ല ചികിത്സ ലഭിക്കുമല്ലോ. എന്നാല്‍ ഒരു പ്രമുഖന്‍ വിളിച്ചാലെ അത് നടക്കൂ എന്നാണ് ഈ വാര്‍ത്തയിലൂടെ മനസിലാകുന്നത്. ഇതാണ് പുതിയ രീതിയെങ്കില്‍ സാധാരക്കാര്‍ക്കും മുഖ്യമന്ത്രിയുടെ നമ്പര്‍ കൊടുക്കണമെന്നും ഹരീഷ് അഭിപ്രായപ്പെട്ടു.

‘ആരുമില്ലാത്ത ഒരു പാട് കോവിഡ് രോഗികള്‍ ഇനിയും ബാക്കിയുണ്ട്.. ഇവര്‍ക്കൊക്കെ മുഖ്യമന്ത്രിയുടെ നമ്പര്‍ കിട്ടിയാല്‍ നല്ല ചികില്‍സ കിട്ടുമെന്നും..ശുപാര്‍ശ ചെയ്യാന്‍ ഏതെങ്കിലും പ്രമുഖര്‍ കൂടി വേണമെന്നുള്ള ഒരു തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത എന്നില്‍ ഉണ്ടാക്കിയത്…

ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ഒട്ടും ചേര്‍ന്നതല്ല…ഇനി ഇതാണ് പുതിയ കീഴവഴക്കമെങ്കില്‍ മുഖ്യമന്ത്രിയുടെ നമ്പര്‍ പരസ്യമാക്കുക…എല്ലാ പാവപ്പെട്ടവര്‍ക്കും മുഖ്യമന്ത്രിക്ക് നേരിട്ട് സന്ദേശങ്ങള്‍ അയക്കാമല്ലോ…ചെറുപ്പത്തില്‍ വായിച്ച നല്ലവനായ രാജാവിന്റെ കഥയാണ് എനിക്കൊര്‍മ്മ വന്നത്.’

കഴിഞ്ഞ ദിവസമാണ് ബാബു ആന്റണിയുടെ ആരാധികയായ യുവതിക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് ചികിത്സ സഹായം ലഭ്യമാക്കിയത്. യുവതിയുെട ഗുരുതരാവസ്ഥയെക്കുറിച്ച് ബാബു ആന്റണി മെസ്സേജ് അയച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.

ഉടന്‍ തന്നെ കളക്ടര്‍ക്ക് അറിയിപ്പ് നല്‍കുകയും കൊല്ലം കള്ക്ടര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രശസ്ത സംവിധായകന്‍ ടി.എസ്. സുരേഷ്ബാബു ആണ് ബാബു ആന്റണിക്ക് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാനുള്ള വഴിയൊരുക്കിയത്.

×