ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കും, ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും; ചരിത്ര ബോധമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ ആവർത്തനം അനുഭവിക്കേണ്ടി വരും ; ഹരി എസ് കര്‍ത്താ എഴുതുന്നു

New Update

ഹരി എസ്. കർത്താ

publive-image

ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കും. ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും. കമ്മ്യൂണിസത്തിന്റെ ആചാര്യൻ കാൾ മാർക്സിന്റേതാണ് ഈ പ്രസ്താവന. ചരിത്ര ബോധമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ ആവർത്തനം അനുഭവിക്കേണ്ടി വരും എന്ന് ജോർജ് സാന്തായനായും പറഞ്ഞു വെച്ചിട്ടുണ്ട്.

Advertisment

ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരെ ചരിത്രത്തിന്റെ അനന്തമായ ആവർത്തനം പിന്തുടർന്ന് കൊണ്ടേയിരിക്കും എന്നായിരുന്നു ലാൺ ബ്രൗൺ എന്ന വിഖ്യാത എഴുത്തുകാരൻ പറഞ്ഞത് . ഇങ്ങനെ ചരിത്രത്തിന്റെ ആവർത്തന സാധ്യതയെ കുറിച്ച് ഒട്ടേറെ വ്യക്തികൾ ഒട്ടേറെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.

ചരിത്രം ആവർത്തിക്കും എന്നതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. ഇവിടെ ഈ ഉദ്ധരണികൾ അവതരിപ്പിച്ചത് കേരളവുമായി ബന്ധപ്പെട്ട രണ്ട് പ്രമാദമായ കേസുകളിൻമേൽ ഏറ്റവും ഒടുവിലായി വരുന്ന വാർത്തകൾ വിലയിരുത്തുമ്പോഴും വിശകലനം ചെയ്യുമ്പോഴും ഉയരുന്ന ആശങ്ക കാരണമാണ്.

രണ്ട് കേസുകളിൽ ഒന്നിന് രണ്ടര മാസത്തിലേറെ മാത്രം പഴക്കം. മറ്റൊന്നിന് രണ്ടര പതിറ്റാണ്ടിലേറെ പഴക്കം. രണ്ടും 'ദൈവത്തിന്റെ സ്വന്തം നാട്ടി'ൽ നടന്നത്. ഇരു കേസുകളും കേരളത്തിൽ ഇതിനകം തന്നെ വിവാദങ്ങൾ ഇളക്കി വിട്ടവയും ഇനിയും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉളവാക്കാവുന്നവയും.

പറഞ്ഞു വരുന്നത് അടുത്ത കാലത്ത് പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ നടന്ന സ്വർണക്കള്ളക്കടത്ത് കേസിനെയും, പണ്ട് പിണറായി വിജയൻ വൈദ്യുതി മന്ത്രി ആയിരിക്കെ നടന്ന എസ് എൻ സി ലാവലിൻ കേസിനെയും കുറിച്ചാണ്. ലാവലിൻ കേസ് അന്വേഷിച്ചത് സിബിഐ ആണ്. സ്വർണക്കടത്ത് കേസ് സിബിഐക്കൊപ്പം കസ്റ്റംസ്, എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ്, എൻ ഐ എ എന്നീ കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നു. കേരളീയ സമൂഹം കണ്ണും കാതും കൂർപ്പിച്ചിരിക്കായാണ് ഈ കേസുകൾ എങ്ങനെ അവസാനിക്കും എന്നറിയാൻ .

ഇനി ഈ കേസുകളുമായി ബന്ധപ്പെടുത്തി ചരിത്രത്തിന്റെ ആവർത്തനത്തെപ്പറ്റി ആമുഖമായി പറഞ്ഞതെന്തിന് എന്നതിലേക്ക് വരാം. ഈ രണ്ട് കേസുകളുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വാർത്തകളാണ് ഇവിടെ വിശകലന വിധേയമാവുന്നത്.

കോടതികൾക്ക് മുന്നിലുള്ളവ ആയത് കൊണ്ട് 'സബ്ജുഡീസ്' ആവും എന്നതിനാൽ കേസുകളുടെയോ അവയുടെ അന്വേഷണത്തിന്റെയോ വിശദാമ്ശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പ്രത്യേകിച്ചും മാധ്യമ വിചാരണക്കെതിരെ കഴിഞ്ഞ ദിവസം പരമോന്നത നീതി പീഡത്തിന്റെ ചില പരാമർശങ്ങൾ വന്നതിന്റെ കൂടി വെളിച്ചത്തിൽ. അല്ലെങ്കിൽ തന്നെ കേരളീയർ മിക്കവാറും എസ് എൻ സി ലാവ്‌ലിൻ, സ്വർണക്കടത്ത് കേസുകളെപ്പറ്റി ബോധ്യം ഉള്ളവരാണ്.

'ഡിപ്ലോമാറ്റിക് ബാഗ്ഗേജ്' എന്ന വ്യാജന തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണകള്ളക്കടത്ത് സ്ഫോടനാത്മക മാനങ്ങൾ ഉള്ളൊരു കേസ് എന്ന പ്രതീതിയാണ് നാളിതുവരെ ഉണ്ടായിരുന്നത്. യുഎഇ കോൺസുലേറ്റിലേക്കു വന്ന ആ ബാഗുകൾ കോൺസൽ ജനറലിന്റെ വിലാസത്തിൽ ആണയച്ചിരുന്നത്. അത് കൊണ്ട് തന്നെ കേസിന് ഒരു രാജ്യാന്തര സ്വഭാവം പ്രഥമ ദൃഷ്യാ തന്നെ കൈവന്നു.

കേസിലെ പ്രധാന പ്രതികളിൽ ഒരാളായ വനിത സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥ എന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദർശകയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി പ്രത്യേക ബന്ധം പുലർത്തുന്ന വ്യക്തിയും ആണെന്നത് അഭൂതപൂർവമായ മാനമാണ് ഈ കള്ളക്കടത്ത് കേസിന് നൽകിയത്.

ആ വനിത, മുഖ്യമന്ത്രി പിണറായി വിജയനെ പല പ്രാവശ്യം നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട് എന്ന അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, വല്ലാത്ത ഒരു രാഷ്ട്രീയ മാനവും സ്വർണക്കടത്ത് കേസിന് കൈവരുന്നു. ലാവ്‌ലിൻ കേസ് ആവട്ടെ പിണറായി വിജയന് എതിരെയുള്ള ബ്രഹ്‌മാസ്ത്രം ആയിട്ടാണ് അദ്ദേഹത്തിന്റെ പ്രതിയോഗികൾ കുറെ കാലമായി കരുതി വരുന്നത്.

വ്യത്യസ്ത കാലങ്ങളിൽ നടന്ന രണ്ട് കുറ്റകൃത്യങ്ങളും പിണറായി വിജയനിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിലും കരിനിഴൽ വീഴ്ത്തുന്നു. സ്വർണക്കടത്തിന് ആവട്ടെ, ഭീകരവാദ ബന്ധം ഉണ്ടെന്ന് കോടതിയിൽ എൻഐ എ പറഞ്ഞിരിക്കുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ യുടെ മറ്റൊരു കണ്ടെത്തൽ.

എന്നാൽ കേസ് അന്വേഷിക്കുന്ന എൻ ഐ എക്ക് കനത്ത തിരിച്ചടിയാണ് ഇന്നലെ കോടതിയിൽ നിന്ന് ഉണ്ടായത്. ഭീകരവാദ പ്രവർത്തനവുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ അന്വേഷണ ഏജൻസിക്ക് ഹാജരാക്കാൻ ആയില്ലത്രേ. സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് സ്വർണം കടത്തിയത് എന്നതാണ് കോടതിയുടെ നിഗമനം.

അതായത് പതിവായി നടക്കുന്ന കള്ളക്കടത്തിനെക്കാൾ വലിയ മാനങ്ങളൊ തലങ്ങളോ ഒന്നും ഈ 'ഡിപ്ലോമാറ്റിക് സ്വർണക്കടത്തി'ന് ഇല്ല എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അത് കൊണ്ടാണല്ലോ യൂ എ പി എ ചുമത്തിയ പ്രതികളിൽ ഏറെ പേരെയും ജാമ്യത്തിൽ പോകാൻ കോടതി അനുവദിച്ചത്.

എൻഫോഴ്സ്‌മെന്റ് ഡയറക്റേറ്റിന്റെ കേസിൽ കള്ളക്കടത്തിന്റെയും അനുബന്ധ അവിഹിത ഇടപാടുകളുടെയും മുഖ്യ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന ശിവശങ്കരനെ രണ്ടാഴ്ച്ചക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുത് എന്ന ഉത്തരവും കേരള ഹൈക്കോടതി ഇന്നലെ നൽകിക്കഴിഞ്ഞു. അതീവ ശ്രദ്ധേയമായ സന്ദേശമാണ് കഴിഞ്ഞ ദിവസത്തെ കോടതി നടപടികൾ നൽകുന്നത്.

സ്വർണക്കടത്ത് കേസിന്റെ അവസ്ഥ ഇങ്ങനെ നീങ്ങുമ്പോൾ സുപ്രീം കോടതി മുമ്പാകെ വരെ എത്തി നിൽക്കുന്ന ലാവ്‌ലിൻ കേസിന്റെ പുരോഗതി വളരെക്കാലമായി ഒച്ചിഴയുന്ന വേഗതയിലാണ്. രണ്ടര പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസ് പതിനാറ് പ്രാവശ്യമാണ് ഇതിന് മുമ്പ് കോടതി മാറ്റി വച്ചത്. കഴിഞ്ഞ ദിവസം കേസിൽ സുപ്രീം കോടതി നടത്തിയ ചില പരാമർശങ്ങൾ പ്രത്യേക സൂചനകൾ നൽകുന്നവയാണ്.

"രണ്ട് തവണ ഹൈ കോടതി തള്ളിയ കേസ് എന്തിന് വീണ്ടും സുപ്രീം കോടതി മുമ്പാകെ കൊണ്ട് വന്നു?"എന്ന ജഡ്ജിയുടെ ചോദ്യത്തിൽ നിന്ന് വരികൾക്കിടയിലൂടെ പലതും വായിച്ചെടുക്കാവുന്നതാണ്. ഏറ്റവും ഒടുവിലായി ഇന്നിപ്പോൾ, ലാവ്‌ലിൻ കേസിൽ കൂടുതൽ സമയവും സാവകാശവും അനുവദിക്കണം എന്ന സിബിഐ യുടെ അപേക്ഷ കോടതി അനുവദിച്ചിരുന്നു.

തെളിവുകൾ ഹാജരാക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി അനുവദിക്കണം എന്നാണ് സിബിഐയുടെ അപേക്ഷിച്ചത്. ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് യൂ യൂ ലളിത് അധ്യക്ഷനായുള്ള ബെഞ്ച് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് സമയം നീട്ടിക്കിട്ടണമെന്ന സിബിഐയുടെ പതിനൊന്നാം മണിക്കൂറിലെ അപേക്ഷ സമർപ്പിക്കപ്പെട്ടത്.

വർഷങ്ങളേറെ പിന്നിട്ട കേസിൽ പല പ്രാവശ്യം മാറ്റി വെച്ച കേസിൽ വീണ്ടും സമയം ആവശ്യപ്പെടുമ്പോൾ, 'ജസ്റ്റിസ് ഡീലേയേഡ് ഈസ്‌ ജസ്റ്റിസ് ഡിനൈഡ്' '(വൈകുന്ന നീതി, നീതി നിഷേധം തന്നെയാണ് ) എന്ന ആപ്തവാക്യം ഓർത്തു പോവുകയാണിവിടെ.

ഈ രണ്ട് കേസുകളുടെയും അവസ്ഥ കാണുമ്പോൾ മുപ്പതാണ്ട് മുമ്പ് കേരളത്തെ പിടിച്ചു കുലുക്കിയ പഴയ ഐ എസ് ആർ ഒ ചാരക്കേസ്‌ ഓർമ വരുന്നു. ഒട്ടേറെ ആഘോഷിക്കപ്പെട്ടതാണ് അന്നത്തെ ആ കേസ്. അതും അന്വേഷിച്ചത് സിബിഐ തന്നെ. ഒടുവിൽ മല എലിയെ പ്രസവിച്ചത് പോലെയായി. മാധ്യമ ഭാഷയിൽ, ചാരക്കേസ്‌ ചാരമായി.

പേര് കേട്ട കേരളാ പോലീസും , ഇവിടത്തെ സമർത്ഥരായ പോലീസ് ഉദ്യോഗസ്ഥരും, പിന്നെ സെൻട്രൽ ഇന്റലിജൻസും (ഐ ബി ) സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ ചാര പ്രവർത്തനം എന്തേ ഒടുവിൽ ചാരമായിപ്പോയി? ആ ചോദ്യം ഉന്നയിക്കാനോ അതന്വേഷിക്കാനോ ആരും മിനക്കെട്ടില്ല. ചാരകഥ ആഘോഷിച്ച മാധ്യമങ്ങളും പിന്നെ അതിനെക്കുറിച്ച് മിണ്ടിയില്ല .

കേരളാ പോലീസിന്റെ, ഐ ബി യുടെ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ, മാധ്യമങ്ങളുടെയാകെ പ്രതീചായയും വിശ്വാസ്യതയുമാണ് അന്ന് ആ 'ആന്റി ക്ലൈമാക്സി'ൽ ചോദ്യം ചെയ്യപ്പെട്ടതും ചോർന്നു പോയതും. സ്വർണക്കടത്ത് കേസിലും ലാവ്‌ലിൻ കേസിലും ചരിത്രം ആവർത്തിക്കുകയാണോ? മാർക്സ് പറഞ്ഞത് പോലെ, ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നോ എന്ന് സംശയിച്ചു പോവുകയാണ്.

hari s kartha
Advertisment