Advertisment

ഒമൈക്രോണിൽ തടയുന്ന പ്രവാസിയുടെ മനസ്സ് (നിയന്ത്രണം കടുപ്പിക്കാതിരുന്നുകൂടെ?)

New Update

publive-image

Advertisment

ലോകത്തെ വിറപ്പിച്ച കോവിഡ് -19 മഹാമാരി മൂന്നാം വർഷത്തിലേക്കു പ്രവേശിക്കുകയാണ്. ഇന്നലത്തെ കോവിഡല്ല ഇന്നനുഭവിക്കുന്നത് , ഇന്നത്തെ കോവിഡായിരിക്കില്ല നാളെ ലോകം കണ്ടറിയുക. കോവിഡ് കേവലം ഒരു ജലദോഷം (ഫ്ലൂ) മാത്രമാണെന്നും മാസ്കുകളോ വാക്സിനുകളോ ആവശ്യമില്ലാതെ ജലദോഷത്തോട് പൊരുത്തപ്പെട്ടു ജീവിക്കാനുള്ള ആഹ്വാനത്തിന്റെ ആദ്യശബ്ദം പുറത്തുവന്നത് സ്പെയിനിൽ നിന്നാണ്.

publive-image

(കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് സ്പെയിനിൽ നടത്തിയ റാലി)

യൂറോപ്പിൽ പ്രചുരപ്രചാരമായ റാഡിറ്റ് സോഷ്യൽ മീഡിയ ഡിസംബറിൽ സംഘടിപ്പിച്ച ഡിബേറ്റിൽ ഇരുപത്തയ്യായിരം പേർ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ നീക്കാനും, ജലദോഷപ്പനിയായി കണക്കാക്കിയാൽ മതിയെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. ഒടുവിൽ ഇന്നലെ സ്പെയിൻ അംഗീകരിച്ചതോടെ യൂറോപ്പിൽ പലയിടത്തും കോവിഡ് നിയന്ത്രങ്ങൾ പിൻവലിക്കാനുള്ള തിടുക്കത്തിലാണ്.

കോവിഡിന്റെ പ്രഭവകേന്ദ്രമായ അമേരിക്കയിൽ 2020 മാർച്ചുമുതൽ ആറുമാസക്കാലം താമസിച്ചിട്ടും എനിക്കോ കുടുംബത്തിനോ കോവിഡ് നാല്അയലക്കത്തുകൂടിപോലും പോയിരുന്നില്ല, പക്ഷെ ഇപ്പോൾ രണ്ടുവര്ഷങ്ങൾക്കിപ്പുറം ദുബൈയിലെ നനുത്ത തണുപ്പിൽ സകലമാന കോവിഡ് പ്രോട്ടോകോളുകൾക്കു വിധേയനായിട്ടും വൈറസ്‌ ഞങ്ങളെ തേടി എത്തിയിരിക്കുന്നു. “വിടില്ല ഞാൻ ആരെയും, വാക്സിനും ബൂസ്റ്ററുംകൊണ്ട് എന്നെതടയാനാവില്ല” എന്ന വെല്ലുവിളിയുടെ……ഇതാ അവൻ ഞങ്ങളെ പിടികൂടിയിരിക്കുന്നു.

കടുത്ത പനിയും, ചുമയും, ശരീരവേദനയുമായിരുന്നു രോഗലക്ഷണങ്ങൾ. രണ്ടുവയസ്സുള്ള കൊച്ചുമോളെ വരെ “ഒമൈക്രോൺ” വിടാൻ തയ്യാറായില്ല. ഡോക്ടറായ മകൾ കൂടെയുള്ളതാണ് ഏക ആശ്വാസം. ആന്റിബൈക്കോടിക്ക്, വൈറ്റമിൻ സി, ഡി ഗുളികകളും ഇവിടത്തെ പ്രോട്ടോകോളനുസരിച്ച് കഴിച്ചു തുടങ്ങി. സാവകാശം സുഖം പ്രാപിച്ചാലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടുംവരെ യാത്രചെയ്യാനാവില്ല.

പ്രവാസികൾക്ക് മാത്രമായി ക്വാറന്റൈൻ എന്തിനു??

കേന്ദ്ര-കേരള സർക്കാരുകളുടെ കോവിഡ് നിയന്ത്രണങ്ങൾ അക്ഷരം പ്രതി അനുസരിക്കാൻ പ്രജകൾ നിർബന്ധിതരാണ്, പ്രത്യേകിച്ച് പ്രവാസികളായവർ. വർഷങ്ങളുടെ കാത്തിരിപ്പിൽ സ്വരൂപിച്ച ഇത്തിരിക്കാശുകൊടുത്തു ടിക്കറ്റെടുക്കുമ്പോൾ മടക്കയാത്രയുടെ തിയ്യതി ഒന്നൊന്നര മാസത്തെ അവധികൂടി കണക്കിലെടുത്തവും.

അടിയന്തിരാവശ്യങ്ങളായ മരണമോ, വേണ്ടപ്പെട്ടവരുടെ അത്യാഹിത അസുഖങ്ങളോ മറ്റോആയി നാലോ അഞ്ചോദിവസത്തെ അത്യാവശ്യ അവധിക്കായാലും ലോ-റിസ്ക് രാജ്യത്തുനിന്നുള്ളവരായാലും ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയത് പുനർവായിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പരിഷ്കൃത രാജ്യങ്ങൾ മാസ്കും, വാക്സിനുകളും വേണ്ടാന്ന് വെക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ പഴകിയ പ്രോട്ടോക്കോൾ പൊടിതട്ടിയെടുത്തു പ്രവാസികളുടെമേൽ അടിച്ചേൽപ്പിക്കുന്നത്. നടത്തിപ്പിലെ ശരിയും തെററും തീരുമാനിക്കേണ്ടത് അധികൃതരാണ്, പക്ഷെ ഒരു പ്രത്യേക വിഭാഗം മനുഷ്യരെ മാത്രം വേർതിരിച്ചുകാണുന്നതു ഏതു ശരിയിൽ പെടുത്തുമെന്നുകൂടി സർക്കാർ ആലോചിക്കണം.

ഒന്നുകിൽ പ്രോട്ടോകാൾ എല്ലാവർക്കും ഒരുപോലെ ബാധകമാകുക, അല്ലെങ്കിൽ വിവേചനമില്ലാതെ അംഗീകരിക്കുക. മകരജ്യോതിയും, തിരുവാതിരക്കളിയും, രാക്ഷ്ട്രീയ കൂടിച്ചേരലുകളും മാരകമായ മഹാമാരിക്ക് ഒരു വിപത്തായില്ലെങ്കിൽ പാവം പ്രവാസിയെമാത്രം ഒന്നുരണ്ടാഴ്ചത്തേക്കു കൂട്ടിലടക്കുന്നതിലെ ശരിതെറ്റുകൾ ദയവായി വിചിന്തതം ചെയ്യുക. ക്രീമിലെയർ പ്രവാസികളേക്കാൾ കൂടുതലും സാധാരണക്കാരായ പ്രവാസികളാണെന്ന തോന്നൽ സർക്കാരിനുണ്ടാവണം. അവർക്കായി ഒരു നീല കാർപെറ്റെങ്കിലും വിരിക്കാൻ മനസ്സുവെക്കണം.

email: hassanbatha@gmail.com 

Advertisment