കുഞ്ഞാലിക്കുട്ടി “അള്ളാഹു അക്ബർ വിളിച്ചാൽ —–?”

Saturday, April 3, 2021

-ഹസ്സൻ തിക്കോടി-

ഇന്നലെ, പ്രധാനമന്ത്രി നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണയോഗം തുടങ്ങിയത് “സ്വാമിയേ ശരണമയ്യപ്പാ” എന്ന ശരണം വിളിയോടെ ആയിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെ മന്ത്രധ്വനികൾ ഒരു രാക്ഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കുന്നതു ശരിയോ തെറ്റോ എന്നെനിക്കറിയില്ല. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടി “അള്ളാഹു അക്ബർ” എന്നോ ജോസ് കെ.മാണി “ഈശോ മിശിഹാക്ക് സ്തുതി” എന്നോ പറഞ്ഞുകൊണ്ടു അവരവരുടെ മതത്തിലെ സൂക്തങ്ങൾ രാക്ഷ്ട്രീയ പ്രചാരണ യോഗത്തിൽ ഉരുവിടുന്നില്ല?

പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിമാരോ, ജനപ്രതിനിധികളോ, അവരെ ജനങ്ങൾ തെരെഞ്ഞെടുത്തു ഭരണം ഏൽപ്പിച്ചാൽ അവർ മൊത്തം ജനങ്ങളുടെ ഭരണീയരാണു. അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല എന്നാണ് ഞാൻ കരുതുന്നത്. ഇടയലേഖനം വായിക്കുമ്പോളോ ഉസ്താദുമാർ അവരുടെ സമ്മേളനങ്ങളിൽ ആത്മീയ മന്ത്രങ്ങൾ ഉരുവിടുന്നതോ, മാതാചാര്യന്മാർ അവരുടെ സ്തോത്രങ്ങൾ ചൊല്ലുന്നതോ പോലെയല്ല ഒരു ഭരണാധികാരി രാക്ഷ്ട്രീയ പ്രചാരണ യോഗത്തിൽ സംവദിക്കുന്നത്.

ഏതൊരു തെരഞ്ഞെടുപ്പിലും വീറും വാശിയും സ്വാഭാവികമാണ്. ജനാധിപത്യത്തിൽ അനിവാര്യമായും അതുണ്ടാവണം. എങ്കിൽ മാത്രമേ നമുക്ക് കറകളഞ്ഞ ഭരണാധികാരികളെ ലഭിക്കുള്ളൂ. നമുക്ക് ലഭിച്ച സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ മൂല്യങ്ങളും മാനവികതയും നിലനിർത്താനും തെരഞ്ഞെടുപ്പിന്റെ പവിത്രത കാത്തുസൂക്ഷിക്കാനും നാമോരുത്തരും പ്രതിഞ്ജാബന്ധരാണ്.

അധികാരത്തിലിരിക്കുന്നവർ താങ്കൾക്കുതന്നെ തുടർച്ച ഉണ്ടാവണമെന്നാഗ്രഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. കഴിഞ്ഞ ഭരണത്തിൽ അവർ നന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ജനങ്ങൾ അവർ തന്നെ വരണമെന്നാഗ്രഹിക്കും. ഭരണ തുടർച്ച ഇല്ലാതാക്കാൻ മറുഭാഗം അവരാൽ കഴിയുന്നതൊക്കെ കാട്ടിക്കൂട്ടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. പരസ്പരം ചെളി വാരി എറിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പ്രചാരണം.

രാക്ഷ്ട്രീയത്തിൽ ശെരിക്കും തെറ്റിനും വിലയില്ല. പരസ്പര സ്നേഹത്തിനോ സഹോദര്യത്തിനോ പ്രാധാന്യമില്ല. ലക്ഷ്യം അധികാരം മാത്രം. നുണക്കഥകൾ മെനെഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമാണ് തെരെഞ്ഞടുപ്പുകൾ. അതുകൊണ്ടല്ലേ “ലൗ ജിഹാദും, ഹലാലും” ഈ പ്രചാരണത്തിന്റെ ഭാഗമായത്.

ആണും പെണ്ണും തമ്മിലുള്ള പരസ്പര സ്നേഹവും പ്രേമവും ഏതെങ്കിലും ഒരു മതത്തിന്റെ പരിവർത്തനമായി മാറുന്നതെങ്ങനെയാണ്. കലാലയങ്ങളിൽ വെച്ചോ, ജോലിയിടങ്ങളിൽ വെച്ചോ പരസ്പരം പരിചയപ്പെടുമ്പോൾ അവരുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ പൊട്ടിമുളക്കുന്ന വൈകാരികവാസ്ഥയെ പോലും “ലൗ ജിഹാദ്” നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നെങ്കിൽ നാം നാളിതുവരെ താലോലിച്ചു വളർത്തിയ ആർഷ ഭാരതത്തിന്റെ ചലനങ്ങൾ എവിടെവരെ എത്തിനിൽക്കുന്നു എന്നുകൂടി നാം ആലോചിക്കണം.

വാൽകഷ്ണം:

നാൽപതു വർഷങ്ങൾക്കുമുമ്പ് ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന പരിശീലനത്തിന്റെ ഭാഗമായി ഞാൻ ആദ്യമായി ലണ്ടനിൽ പോയിരുന്നു. കുവൈത്തിൽ നിന്നും യാത്ര പുറപ്പെടുംമുമ്പേ കൂട്ടുകാരിൽ പലരും ഉപദേശിച്ചു, “അവിടുന്ന് ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കണം. കഴിയുന്നതും വെജ് മാത്രമേ കഴിക്കാവൂ. ഹലാൽ അവിടങ്ങളിൽ കിട്ടില്ല.”

പീക്കാഡല്ലി സ്ട്രീറ്റിലെ പഞ്ച നക്ഷത്ര ഹോട്ടലിലെ താമസത്തിനിടയിൽ “ഹലാൽ” ഭക്ഷണം തേടി ഞാൻ പുറത്തിറങ്ങി. പീക്കാഡല്ലിയിൽ നിന്നും ഇരുപതു മിനുട്ട് മെട്രോയിൽ യാത്ര ചെയ്താൽ അവിടെ ഒരു ഇന്ത്യക്കാരന്റെ “ഹലാൽ റെസ്റ്റാറെന്റ്” ഉണ്ടെന്നു ആരോ പറഞ്ഞു.

എന്റെ ലക്ഷ്യം തെറ്റിയില്ല. സ്റ്റേഷനിൽ ഇറങ്ങി കുറച്ചു നടന്നപ്പോൾ തന്നെ ഒരു വലിയ ബോർഡ് കണ്ണിൽപ്പെട്ടു. “Halal Restarurant”. ഗ്‌ളാസ്സിനു പുറകിൽ നീലയും വെളുപ്പും കർട്ടനിട്ട സാമാന്യം വലിയ ലണ്ടനിലെ ആ റെസ്റ്റോറന്റിൽ ഞാൻ കയറി. തീൻ മേശകൾ മനോഹരമായ മേശവിരിപ്പുകൾകൊണ്ട് പൊതിഞ്ഞിരുന്നു. അത്ര വലിയ തിരക്കില്ലെങ്കിലും പകുതിയിലേറെ മേശകളിലും വെള്ളക്കാരായ ആണും പെണ്ണും ഇടകലർന്നിരുപ്പുണ്ട്. ചില ടേബിളിൽ ബിയറിന്റെ വലിയ ഗ്ലാസ്സുകളിൽ ബിയർ കുടിക്കുന്നവർ. നീണ്ട റെസ്റ്റോറന്റിന്റെ മറ്റേ അറ്റത്തു വിവിധ തരം മദ്യകുപ്പികൾ നിരത്തിവെച്ച ബാർ കൗണ്ടർ.

ഞാൻ സ്ഥലം മാറി കയറിയതാണോ എന്ന് തോന്നി. പുറത്തിറങ്ങി നിയോണിൽ പ്രകാശിക്കുന്ന സൈൻ ബോർഡ് ഒന്നെക്കൂടി നോക്കി. ഇത് “ഹലാൽ റെസ്റ്റോറന്റ്” തന്നെയാണോ എന്ന്. വീണ്ടും അകത്തു കയറിയപ്പോൾ അവിടെയുള്ള ഇന്ത്യക്കാരൻ വെയ്റ്റർ എന്നെ സമീപിച്ചു കൊണ്ട് ചോദിച്ചു “ർ യു ലൂക്കിങ് ഫോർ എനിവൺ”. ഞാൻ പുറത്തിറങ്ങി വീണ്ടും കയറിയത്കൊണ്ടാവാം അയാൾ അങ്ങനെ ചോദിച്ചത്. ഞാൻ പതിയെ അയാളോട് പറഞ്ഞു. “നോട്ട് എനി വൺ പർട്ടിക്കുലർ, ബട്ട് ഐ വാണ്ട് ഹലാൽ ഫുഡ്”.

എന്നെ അയാൾ ഒരു ടേബിളിൽ ഇരുത്തി ഓർഡർ എടുക്കുമ്പോൾ ഞാൻ ചോദിച്ചു. “എന്തുകൊണ്ടാണ് ഹലാൽ റെസ്റ്റോറന്റ് എന്ന പേരെഴുതിയ ഇവിടെ മദ്യം വിൽക്കുന്നതും വിളമ്പുന്നതും.” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇവിടെ കൊടുക്കുന്ന ഇറച്ചികൾ മാത്രമാണ് “ഹലാൽ”, ഈ റെസ്റ്റോറന്റുടമ ഒരു മുസ്ലിമാണ്, അദ്ദേഹത്തിന്റെ മത വിശ്വാസമനുസരിച്ചു ഇറച്ചികൾ ഹലാൽ ആയിരിക്കണമെന്ന് നിർബന്ധമാണ്. മദ്യം വിളമ്പിയില്ലെങ്കിൽ ഇവിടെ ഭക്ഷണം കഴിക്കാൻ ആരും വരില്ല. ഞാൻ മനസ്സിൽ കരുതി മദ്യം കഴിക്കുന്നവന് എന്ത് ഹലാലും ഹറാമും.

ഹസ്സൻ തിക്കോടി : 9747883300 – hassanbatha@gmail.com

×