കോവിഡ്: അറിയപ്പെടാത്ത നൊമ്പരങ്ങൾ !!

സണ്ണി മണര്‍കാട്ട്
Tuesday, February 16, 2021

-ഹസ്സൻ തിക്കോടി

ലോകത്തിലുള്ള സകല മനുഷ്യരെയും കോവിഡ് രോഗം നേരിട്ടോ അല്ലാതെയോ ബാധിച്ചിരിക്കുകയാണ്. സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-രാക്ഷ്ട്രീയ രംഗത്തേക്കുള്ള കോവിഡിന്റെ കടന്നുവരവ് വരുത്തിവെച്ച വിനകൾഎണ്ണമറ്റതാണ്. പ്രത്യകിച്ചു സാമ്പത്തികമേഖലയിൽ അടിച്ചുകയറിയ സുനാമിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ലോകം.

പ്രവാസികളുടെ കാര്യവും അതീവ സങ്കീർണമായിരിക്കുന്നു. ജോലിരഹിതരായി നാട്ടിലെത്തിയവരുടെ എണ്ണം ഏഴരലക്ഷം കടന്നിരിക്കുന്നു. അവരുടെ തിരിച്ചുപോക്ക് ഒരു മരീചികയായിമാറുകയാണ്. സമ്പത്തിന്റെ അതിപ്രസരമുള്ള രാജ്യങ്ങൾപോലും ഒരുപാട് നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുന്നു.

ഈ മഹാമാരിയുടെ വിപത്തുകൾ എന്നവസാനിക്കുമെന്നോ ആരെയൊക്കെ ഈ സുനാമിയുടെ ആഘാതം പരിക്കേൽപ്പിക്കുമെന്നോ പ്രവചിക്കാനാവാത്തവിധം കോവിഡ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

ജനിതകമാറ്റം സംഭവിച്ച പുതിയ വേരിയന്റ് ഇതിനകം ലോകത്തിൽ പലയിടത്തും വന്നെത്തിയിട്ടുണ്ട്. യൂറോപ്പടക്കം പലരാജ്യങ്ങളും മറ്റൊരു അടച്ചുപൂട്ടലിന്റെ തിരക്കിലാണ്. ആഭ്യന്തര നിയന്ത്രണങ്ങൾ കടുപ്പിക്കുകയും രാജ്യാതിർത്തികൾ അടക്കുകയും വിമാനസർവീസുകൾ നിർത്തലാക്കുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം ടൂറിസത്തിന്റെ മഹാവിപണിയും തകർന്നടിഞ്ഞു.

കോവിഡ് വാക്സിന്റെ കണ്ടുപിടിത്തവും ഉല്പാദനവും ഒരളവുവരെ ടൂറിസത്തിന് ഉത്തേജനം നൽകുമെങ്കിലും വാക്സിന്റെ പ്രതിരോധശേഷി എത്രത്തോളമാണെന്ന് ആർക്കും പ്രവചിക്കാനായിട്ടില്ല. ലോകത്തിലെ 25 ശതമാനം മനുഷ്യരെങ്കിലും വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സുഗമമായ യാത്രയും ടൂറിസവും ആരഭിക്കാനാവൂ. അത് നടപ്പിൽ വരണമെങ്കിൽ ഇനിയും ഒന്നുരണ്ടു വർഷങ്ങളെടുക്കും.

കോവിഡ് ബാധിച്ച് ലോകത്തുടനീളം 2.39 ദശലക്ഷം മനുഷ്യർ മരിക്കുകയും രണ്ടു കോടിയിലധികം പേർ രോഗാതുരരാക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്. 4.48 ലക്ഷം. രണ്ടാംസ്ഥാനം ബ്രസീലിനാണ് 2.39 ലക്ഷം. ഇന്ത്യയിൽ ഇതിനകം 1.56 ലക്ഷംപേർമരിച്ചിട്ടുണ്ട്. ആരോഗ്യ-ഭക്ഷ്യ മേഖലകൾ ഒട്ടനവധി വെല്ലുവിളികളെ നേരിടുകയാണ്.

700 ദശലക്ഷം മനുഷ്യരെങ്കിലും പോഷകാഹാര കുറവുമൂലം മറ്റിതരരോഗങ്ങള്‍ വരാനുള്ള സാധ്യത വളരെയേറെയാണ്, അതോടൊപ്പം പട്ടിണിമരണങ്ങളും സംഭവിക്കാം. ലോകത്തിലെ ഒട്ടേറെ വ്യവസായശാലകളും ഉല്പാദനകേന്ദ്രങ്ങളും ഇപ്പോഴും അടഞ്ഞിരിക്കുകയാണ്. ആഗോളതലത്തിൽ 3.3 ബില്യൺ തൊഴിലാളികളിൽ പകുതിയോളം പേർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുന്ന ഭയത്തിലാണിപ്പോൾ ജീവിക്കുന്നത്. ജോലി ഇല്ലെങ്കിൽ വരുമാനമില്ല, വരുമാനമില്ലെങ്കിൽ ആഹാരമില്ല. കിട്ടുന്ന ആഹാരത്തിലാണെങ്കിൽ പോഷകക്കുറവും. ഭയമാണ് ഇന്നവരുടെ ഭക്ഷണം.

ആകാശയാത്രകൾ കുറയുമ്പോൾ

എണ്ണമേഖല കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ വ്യവസായം ടൂറിസമായിരുന്നു. 2020 ഏപ്രിൽമാസം മുതൽ വ്യോമ-ടൂറിസ വ്യവസായം അതീവ പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ എയർപോർട്ടുകളിൽ ഗ്രൗണ്ട് ചെയ്തിരിക്കുന്നത്.

പൂർണമായോ ഭാഗികമായൊ അടച്ചുപൂട്ടിയ വിമാനകമ്പനികളുടെ കണക്കും ഏറെയാണ്. സാമ്പത്തിക ബാധ്യതമൂലം നിരവധി തൊഴിലാളികളെ പിരിച്ചുവിടേണ്ടിവന്നതും വിമാനമേഖലക്കേറ്റ വലിയ ആഘാതമാണ്. കഴിഞ്ഞ ഒറ്റവർഷം കൊണ്ട് ഏകദേശം നാലുലക്ഷം ജോലിരഹിതരെ സൃഷ്ടിച്ചിരിക്കയാണ് വിമാനകമ്പനികൾ. വിമാനകമ്പനികളെ ചുറ്റിപറ്റി ജീവിക്കുന്ന മറ്റു തൊഴിലാളികളുടെ എണ്ണം പത്തുലക്ഷത്തിലേറെ വരും.

ഹോട്ടൽ ജീവനക്കാർ മുതൽ ടൂറിസ്റ്റുഗൈഡുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. അനുബന്ധ മേഖലകളായ വിമാന ഉല്പാദനകമ്പനി, എൻജിനുകളുടെ നിർമാണം, എയർപോർട്ട് ജീവനക്കാർ, ട്രാവൽ ഏജൻസികൾ എന്നിവിടങ്ങളിലെ മൊത്തം തൊഴിൽ നഷ്ട്ം 25 ദശലക്ഷമായി കണക്കാക്കുന്നു.

എയർബസ് നിർമ്മാണ കമ്പനി മാത്രം മുപ്പതിനായിരം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതൊക്കെ അയാട്ടയുടെ ഏകദേശ കണക്കുകൾമാത്രം. വിമാനങ്ങൾ റൺവേകളിൽ നിർത്തിയിട്ടതിനാൽ അയാട്ട കണക്കാക്കുന്ന ഒരുവർഷത്തെ നഷ്ട്ടം 84 ബില്ല്യൻ ഡോളറാണ്. ഇത്രയും വലിയ തൊഴിൽ മേഖലയുടെ പെട്ടെന്നുള്ള തിരിച്ചുവരവ് ഇനി അസാധ്യമാണന്നാണ് അയാട്ട മേധാവിയുടെ നിഗമനം.

വാക്സിൻ എല്ലാവരിലും എത്തിച്ചേരാനുള്ള കാലതാമസം വിമാന-ടൂറിസം മേഖലയെ സാരമായി ബാധിക്കും. ഭയാശങ്കകളില്ലാതെ യാത്രചെയ്യാനുള്ള മനസിക സ്ഥിതിയിലേക്ക് മനുഷ്യർ എത്തിച്ചേരാന്‍ ഇനിയും ഒരുപാട് നാളുകൾ വേണ്ടിവരും. മനുഷ്യർക്കെല്ലാം അഗോറ ഫോബിയ പിടിപെട്ടിരിക്കുകയാണ്.

വിമാനങ്ങൾ റെസ്റ്റോറന്‍റ് ആയപ്പോൾ

220 വിമാനങ്ങൾ സ്വന്തമായുള്ള സിംഗപ്പൂർ എയർലൈൻസ് അവരുടെ 32 വിമാനങ്ങൾ മാത്രമാണ് താത്കാലികമായി സംപ്തംബർ അവസാനത്തോടെ പറത്തി തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍  മറ്റു മാർഗങ്ങൾ ഇല്ലാതായതോടെ അവരുടെ ഏറ്റവും മുന്തിയ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയർബസ് 380 ലോകത്തെതന്നെ അതിശയിപ്പിക്കും വിധത്തിൽ മനോഹരമായ ഭക്ഷണശാലയായി (A380-Restaurant) മാറ്റുവാൻ നിർബന്ധിതരായി.

പകർച്ചവ്യാധി പടർന്നു പിടിച്ച വറുതിക്കാലത്ത് മറ്റൊരു വരുമാനമാർഗം എന്നനിലയിൽ ആരംഭിച്ച റെസ്റ്റോറന്‍റ് വൻ വിജയമായിരുന്നു. സിംഗപ്പൂരിലെ “ചാങ്ങി” എയർപോർട്ടിൽ നിർത്തിയിട്ട എയർബസ് റസ്റ്റോറന്‍റിലെ മുഴുവൻ സീറ്റുകളും പ്രഖ്യാപിച്ചു മുപ്പതു മിനിറ്റിനകം വിറ്റഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യകത. അടച്ചുപൂട്ടലിന്‍റെയും, യാത്രകൾ മുടങ്ങിയതിന്‍റെയും മടുപ്പിൽ വീർപ്പുമുട്ടിയവർ വിമാനത്തിന്നകത്തൊരുക്കിയ ഭക്ഷണം കഴിക്കാൻ ആവേശം കാണിച്ചപ്പോൾ അതൊരു പുതിയ കച്ചവടതന്ത്രമായി മാറിയതിൽ അതിശയമില്ല.

ചലിക്കാത്ത വിമാനത്തിലെ സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടു സിനിമ കാണാനും, ആകാശ സുന്ദരിമാരുടെ പരിചരണം ലഭ്യമാവാനുള്ള തിടുക്കമായിരുന്നു പലർക്കും. വിമാനത്തില്‍  മുകളിലത്തെ നിലയിൽ ഫസ്റ്റ്ക്ലാസ് ലോഞ്ചിൽ ഒരു നേരത്തെ സുഭിക്ഷമായ ഭക്ഷണത്തിന്റെ വില 474 ഡോളർ ആണെങ്കിൽ താഴെനിലയിൽ എക്കോണമി ക്ലസ്സിലിരുന്നു ഭക്ഷണം കഴിക്കാനുള്ള വില വെറും 39 ഡോളർമാത്രം. കോവിഡ് പ്രോട്ടോക്കോള്‍ ബാധകമായതിനാൽ വിമാനത്തിലെ പകുതി സീറ്റുകൾ മാത്രമേ വിൽക്കപ്പെടുകയുള്ളൂ. സോഷ്യൽ ഡിസ്റ്റൻസിങ്ങും, മാസ്ക്ധരിക്കലും നിർബന്ധമായിരുന്നു.

കഴിഞ്ഞ വർഷത്തെ സിംഗപ്പൂർ എയർലൈൻസിന്റെ മൊത്തം നഷ്ട്ടം 825 ദശലക്ഷം ഡോളറായിരുന്നു. പടുകൂറ്റൻ വിമാനം റെസ്റ്റോറന്റായി മാറ്റിയതിൽനിന്നും നല്ലൊരു വരുമാനം ലഭ്യമായതോടെ അവർ മറ്റൊരു കച്ചവടത്തിനുകൂടി തയ്യാറായി.

പായ്ക്ക് ചെയ്ത വിമാന ഭക്ഷണം (എയർലൈൻ കാറ്ററിംഗ്) ഓൺലൈൻ ആയി പലയിടത്തും വിതരണം ചെയ്തു തുടങ്ങി. അതേസമയം ആസ്ട്രേലിയയിലെ “കോണ്ടസ്” എയർലൈൻ വരുമാനം കണ്ടെത്തിയത് മറ്റൊരു വിധത്തിലായിരുന്നു. വിമാനത്തിൽ കയറാൻ വീർപ്പുമുട്ടുന്ന യാത്രക്കാരെ ഒരു മണിക്കൂർ വിമാനത്തിലിരുത്തി ആകാശക്കീറിലൂടെ കരയിലെ മനോഹര ദൃശ്യങ്ങൾ കാണിച്ചു കൊണ്ടുള്ള ഹ്രസ്വയാത്ര.

പറന്നുയർന്നു അതെ എയർപോർട്ടിൽതന്നെ തിരിച്ചെത്തുന്ന ഒരുല്ലാസയാത്ര. അതിജീവനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കാൻ വിമാനക്കമ്പനികളും തയ്യാറായിരിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ ദാരുണമായ നീരാളിപ്പിടുത്തതിൽനിന്നും രക്ഷെപ്പെടാൻ വെമ്പൽകൊള്ളുന്നവരാണ് ലോക ജനതയിലധികവും. ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോൾത്തന്നെ അരപ്പട്ടിണിയിൽനിന്നും മുഴുപ്പട്ടിണിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന വാർത്തകൾ ഞെട്ടലോടെ മാത്രമേ കേൾക്കാനാവുന്നൂള്ളൂ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ് ബ്രിട്ടന്‍.

നിലക്കാത്ത കോവിഡ് മഹാമാരി ബ്രിട്ടനെ തളർത്തിയിരുന്നു. തെരുവുകളും റെസ്റ്റോറന്റ്കളും, വിനോദസഞ്ചാര മേഖലകളും എല്ലാം ഇന്നും അടഞ്ഞുതന്നെ കിടക്കുന്നു. യൂറോപ്പ് മൊത്തം മാന്ദ്യം അസാധാരണമായി വളർന്നു വലുതാവുകയാണ്. 2020-ന്‍റെ തുടക്കത്തിലാരംഭിച്ച അടച്ചുപൂട്ടും അതിർത്തികളടക്കലും ലോക സമ്പദ് ഘടനയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്.

പല രാജ്യങ്ങളുടെയും കരുതിവെപ്പുപണം തീരുന്ന (Future fund) മുറക്ക് ലോകം വറുതിയുടെ വറ്റിവരണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുമോ എന്ന് ഇയ്യിടെ ചേർന്ന യു.എൻ  സമ്മേളനം വിലയിരുത്തിയത്. ഈ മഹാമാരിയുടെ ആഘാതം മനുഷ്യകുലത്തെ ഒന്നടക്കം ബാധിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

പൈലറ്റുമാർ ഡ്രൈവർമാരായി

വിമാനക്കമ്പനിയിലെ എല്ലാ ജോലികളും മുന്തിയ പരിഗണന നൽകുന്നതും എല്ലാവരാലും ആദരിക്കപ്പെടുന്നതുമാണ്. പ്രത്യേകിച്ച് വൈമാനികന്റെ ജോലി. ഈ ജോലിയുടെ ഗ്ലാമർ ഒന്നു വേറെതന്നെയാണ്. ക്രിസ്റ്റഫർ ബെല്ലി കഴിഞ്ഞ 20 വർഷമായി “തോമസ് കുക്ക്” കമ്പനിയുടെ പൈലറ്റായി ജോലി ചെയ്യന്നു. 2019-സെപ്റ്റംബറിൽ കമ്പനി ഭാഗികമായി തകർന്നപ്പോൾ ക്രിസ്റ്റഫറിന് ജോലി നഷ്ടപ്പെട്ടു.

അദ്ദേഹം മടിച്ചുനിൽക്കാതെ ആത്മവിശ്വാസത്തോടെ എമിറേറ്റ്സ് എയർലൈൻസിൽ അപേക്ഷിച്ചു. ഭാഗ്യവശാല് 2020 ജനവരിമാസം ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും ലഭിച്ചു. ലോകത്തിന്റെ പ്രിസ്റ്റീജ് വിമാനമായ എ380 ന്‍റെ പൈലറ്റായികൊണ്ടായിരുന്നു നിയമനം.

അദ്ദേഹം ആഹ്ലാദത്തോടെ യു.കെ.യിലുള്ള വീടും കാറും മറ്റുസാധനങ്ങളും വിറ്റു. ഭാര്യയെയും മകളെയുംകൂട്ടി ദുബായിലേക്ക് പുറപ്പെട്ടു. കാൽ നൂറ്റാണ്ടുകാലം വിമാനംപറത്തി പരിചയമുള്ള ഈ വൈമാനികന്റെ ദുബായിൽനിന്നുള്ള ആദ്യ പറക്കൽ സിംഗപ്പൂരിലേക്കായിരുന്നു.

പക്ഷെ, ആറാഴ്ച കഴിയുമ്പോഴേക്കും കൊറോണവ്യാപനം ശക്തമാകുകയും ലോകത്തിലെ എല്ലാ വിമാനങ്ങളും ഗ്രൗണ്ട്ചെയ്യപ്പെടുകയും ചെയ്തു. വിമാനകമ്പനികളിൽ പലതും ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. സർവീസുകൾ ഒന്നും ഇല്ലെങ്കിലും എമിറേറ്റ്സ് കഴിവതും ജീവനക്കാരെ പിടിച്ചു നിർത്തി.

നിൽക്കക്കള്ളിയില്ലാതായപ്പോൾ എമിറേറ്റ്സും ജീവനക്കാരെ ഒഴിവാക്കാന്‍ നിർബന്ധിതരായി . കാത്തിരിപ്പിന്നറുതിവരുമെന്ന് എല്ലാവരും ആശിച്ചെങ്കിലും അത് നടന്നില്ല. ഒടുവിൽ മെയ് മാസം ക്രിസ്റ്റഫറിനെ പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചു. തിരിച്ച് യുകെയിലേക്ക് പോവുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിനില്ലായിരുന്നു.

44 കാരനായ ക്രിസ്റ്റഫറിന് പരിചയമുള്ള ഒരേഒരുജോലി വിമാനംപറത്തൽ മാത്രമാണ്. വീടും കാറും വിറ്റ ക്രിസ്റ്റഫർ വാടക വീട്ടിലേക്കു നീങ്ങി. ലോക്ക്ഡൌൺ ആയതിനാൽ കാറിന്റെ ആവശ്യം ഇല്ലായിരുന്നു. പുതിയ ജോലി കണ്ടെത്തൽ വലിയ പരീക്ഷണമായി. യുകെയിലെ ഒരു വേർഹൗസിൽ ഡ്രൈവർ ജോലിക്കപേക്ഷിച്ചപ്പോൾ അദ്ദേഹം അതിനു ഓവർക്വാളിഫൈഡ് ആണെന്ന് പറഞ്ഞു മടക്കി.

ഒരു വിമാനത്തിന്റെ പൈലറ്റായി ജോലിചെയ്ത ക്രിസ്റ്റഫറിന് ആരും ഡെലിവറിബോയിയുടെ ജോലിപോലും നൽകുന്നില്ലായിരുന്നു. സൂപ്പർമാർക്കറ്റിലെ ജോലിക്കു ചെന്നപ്പോഴും “ഓവർക്വളിഫൈഡ്” മുദ്രകുത്തി തിരിച്ചയച്ചു. കോവിഡിന്റെ ആഘാതം അത്രമേൽ ദാരുണമായിരുന്നു.

ജോലിതേടിയുള്ള അലച്ചിലിന്റെ അവസാനം ജി4എസ് എന്ന കമ്പനി അദ്ദേഹത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരനായി നിയമിച്ചു, അതും കോവിഡ് ടെസ്റ്റിംഗ്സെന്ററിൽ. എന്നാൽ മിടുക്കനായ പൈലറ്റ് സാവകാശത്തിൽ കോവിഡ് സെന്‍ററിന്‍റെ മാനേജരായി മാറിയത് യാദൃശ്ചികം.

ക്രിസ്റ്റഫർ ഒരു ഉദാഹരണം മാത്രമാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിരഹിതരായ പൈലറ്റ്മാർ ധാരാളമായിരുന്നു. ഗ്ളാമർ ജോലിയുടെ പരിതാപകരമായ അവസ്ഥ വിവരണാതീതമാണ്. യുകെയിൽമാത്രം പതിനായിരം വൈമാനികർ ജോലിരഹിതരായി കഴിയുന്നു. അതിൽ 1600 പൈലറ്റ്മാർ ബ്രിട്ടീഷ് പൈലറ്റ് അസോസിയേഷനില്‍ രജിസ്റ്റര് ചെയ്തവരാണ്.

ആസ്ട്രലിയയുടെവിമാനക്കമ്പനിയായ “കൊണ്ടസിലെ” വൈമാനികന്‍ വെലോൺ പാർക്കറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. “കോണ്ടസ്” വിമാനങ്ങൾ ഗ്രൗഡ്ചെയ്തതിനാൽ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടു. ജീവിക്കാൻ മറ്റുമാർഗങ്ങൾ തേടി അദ്ദേഹം എത്തിയത് അവിടത്തെ ഒരു ട്രക്ഡ്രൈവറായാണ്.

വിമാനത്തിന്റെ കോക്ക്പിറ്റിൽനിന്നും നേരിട്ട് ലോറിയുടെ വളയം പിടിക്കുന്ന ജോലി. വൈമാനികജോലി ഇനി കിട്ടുമോ എന്നാണ് 41-കാരനായ വൈലോണിന്റെ ആശങ്ക. നിരാശനായിരുന്നില്ല വൈലോൺ.  ട്രക്കിലുള്ള നീണ്ടയാത്ര അദ്ദേഹത്തെ എത്തിച്ചത് കൽക്കരി ഖനന കേന്ദ്രത്തിലേക്കായിരുന്നു.

പഴയ പൈലറ്റ് യൂണിഫോമിന് പകരം കറുത്തിരുണ്ട കരിപുരണ്ട ഖനിയൂണിഫോം. വിസ്മയകരമായ ആകാശയാത്രക്കപ്പുറം ഭൂമിക്കടിയിലെ കറുത്തിരുണ്ട മറ്റൊരു ലോകം ഉണ്ടെന്ന യാഥാർഥ്യം വൈലോൺ മനസ്സിലാക്കി. ജെംബോ747 ആയിരുന്നു ആദ്യം പറത്തിയത്. പിന്നീട് ബോയിങ് 777-ലേക്ക് മാറിയപ്പോഴാണ് ലോകം മഹാമാരിയുടെ പിടിയിലമർന്നതും വിമാനങ്ങൾ ഗ്രൗണ്ട്ചെയ്തതും.

ഇനി ആകാശത്തിലേക്കൊ രുമടക്കയാത്ര ഉണ്ടാവുമോ എന്നയാൾ സംശയിക്കുന്നു. കരിപുരണ്ട കൽക്കരിഖനിയിലെ ജോലിയിൽ ഇന്നയാൾ തൃപതനാണ്.  എന്നാലും ഏതെങ്കിലും വിമാനക്കമ്പനി അദ്ദേഹത്തെ എന്നെങ്കിലും തിരിച്ചുവിളിച്ചാൽ പഴയ ജോലിക്കുപോകണമെന്നാണ് വൈലോണിന്റെ ആഗ്രഹം.

അറിയപ്പെടാത്ത കോവിഡ് നൊമ്പരങ്ങൾ…

ഇനിയുമുണ്ട് ഒരുപാട് കോവിഡ് വേദനകള്‍. നമ്മുടെ നാട്ടിൽതന്നെ മീൻകച്ചവടം ചെയ്ത ഓട്ടോഡ്രൈവർമാരുടെ കദനകഥകളുണ്ട്. നിൽക്കക്കള്ളിയില്ലാതെ തെരുവോര കച്ചവടം നടത്തിയ അഭ്യസ്തവിദ്യരുടെ കണ്ണീരിൽകുതിർന്ന ചിത്രങ്ങൾ അനവധിയാണ്. ഗൾഫിൽനിന്നും മടങ്ങിയെത്തിയവരിൽ പലരും പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. അഭിമാനം പണയംവെക്കാൻ അവരുടെ മനസ്സനുവദിക്കുന്നില്ല. കടം കൊടുക്കാൻ കൂടെപ്പിറന്നവർ പോലും മടിക്കുന്നു. കാരണം പ്രവാസിയുടെ മടക്കയാത്ര അനിശ്ചിതത്തിലാണന്ന ബോധം ബന്ധുക്കളിലും നാട്ടുകാരിലും ഉണ്ടായിത്തുടങ്ങി.

ഏതൊരു ജോലിക്കും അതിന്റെതായ മേന്മയും മഹിമയുമുണ്ടെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു. വഴിയോരങ്ങളിൽ കാണുന്ന ബിരിയാണികച്ചവടവും പച്ചക്കറികളും തുണിത്തരങ്ങളും ചെമ്പുപാത്രവില്പനയും കോവിഡിന്റെ സൃഷ്ടിയാണ്. അതുപോലെ കൊച്ചുകൊച്ചു ചായക്കടകളും, പലചരക്കുകടകളും ധാരാളമായി പൊട്ടിമുളച്ചതും ജീവിക്കാനുള്ള തത്രപ്പാടിൽ പടച്ചുണ്ടാക്കിയതാണ്.

അങ്ങനെ അറിയപ്പെടാത്ത കോവിഡ് കാല അനുഭവം പലർക്കും പറയാനുണ്ട്. ചിലരൊക്കെ അതൊക്കെ ഒരു തമാശപോലെ പറയും. മറ്റുചിലർ അതൊക്കെ മറച്ചുവെയ്ക്കും. അരപ്പട്ടിണിയിലും മുഴുപട്ടിണിയിലും അഭിമാനിയായി കഴിയുന്നവരും ഏറെയാണ്. അങ്ങനെ നഷ്ടത്തിന്റെയും, നൊമ്പരത്തിന്റെയും പരശ്ശതം അനുഭവങ്ങളും കഥകളും ബാക്കിയാക്കി കോവിഡ് അതിന്റെ ജൈത്രയാത്ര തുടരുന്നു. അവസാനത്തിന്റെ അറ്റം കാണാൻ നമുക്കൊക്കെ കാത്തിരിക്കാം…

-ഹസ്സൻ തിക്കോടി
9747883300 – hassanbatha@gmail.com

×