ന്യൂഡൽഹി: ഹത്രാസ് സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ‘അന്താരാഷ്ട്ര ഗൂഢാലോചന’ നടന്നുവെന്ന് പറഞ്ഞ് യു.പി പോലീസ് കേസെടുത്ത വെബ്‌സൈറ്റ് തുടങ്ങിയത് ഒക്ടോബർ മാസത്തിലെ ആദ്യ ദിവസങ്ങളിൽ. സംഭവത്തിലെ അബദ്ധങ്ങളും, തെറ്റുകളും, വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ.
/sathyam/media/post_attachments/zEKu7RzN6dQRUD9uYEtX.jpg)
വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും യോഗി ആദിത്യനാഥിനെതിരെ രാജ്യാന്തര ഗൂഢാലോചന നടന്നെന്നും കഴിഞ്ഞ ദിവസം യു.പി പോലീസ് രജിസ്റ്റർ ചെയ്ത പുതിയ എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റിന് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. എന്നാല്‍ ഒക്ടോബര്‍ മൂന്നിനും നാലിനുമാണ് ഈ വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നതെന്നും ഇത് എവിടെയും സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗ് കണ്ടെത്തിയിരുന്നു.
ഇത് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും അവർ പുറത്ത് വിട്ടിരുന്നു. ഇത് റിട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ യു.പി സര്‍ക്കാരിനെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയത്. ‘അന്താരാഷ്ട്ര ഗൂഢാലോചന’എന്ന യോഗിയുടെ പുതിയ കഥ പോലീസും അവരുടെ ഏമാന്മാരും തമ്മിലുള്ള ഗൂഢാലോചനയായിട്ടാണ് തോന്നുന്നത്’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സൈറ്റില്‍ അധികവും ഉണ്ടായിരുന്നത്. ഇതിനെ കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് എങ്ങനെ യു.പിയിൽ കലാപം ഉണ്ടാക്കാനാകും എന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 109, 120 ബി( ക്രിമിനല്‍ ഗൂഢാലോചന), 124 എ(രാജ്യദ്രോഹം), 153 എ( മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ പേരില്‍ രണ്ട് സംഘങ്ങള്‍ക്കുള്ളില്‍ ശത്രുതയുണ്ടാക്കുക), 153 ബി, 420 (വഞ്ചനാകുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാന്ദ്പ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us