കേരളം

സ്ത്രീ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗമാണ്; ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് ഹൈക്കോടതി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, August 5, 2021

കൊച്ചി: സ്ത്രീ ശരീരത്തിൽ അനുമതി കൂടാതെയുള്ള ഏതുതരം കയ്യേറ്റവും ലൈംഗിക പീഡനമാണെന്നു നിർവചിച്ചു ഹൈക്കോടതി. പീഡനക്കേസ് പ്രതിയായ പിറവം സ്വദേശി നല്‍കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണു നിര്‍ണായക നിർവചനം.

യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതിനെയും ബലാത്സംഗമായി തന്നെ കാണാന്‍ സാധിക്കൂവെന്ന് വ്യക്തമാക്കിയാണ് വിധി.

പീഡനപരാതികളുമായി ബന്ധപ്പെട്ട കേസുകള്‍ കീഴ്‌ക്കോടതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ നിരീക്ഷണങ്ങള്‍ മാനദണ്ഡമാക്കാം. സ്വാകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെ ഏത് ശരീരഭാഗത്തും അനുമതിയില്ലാതെ സ്പര്‍ശിച്ചാല്‍ അത് ബലാത്സംഗമാണ്. പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തുപിടിച്ചുള്ള ലൈംഗികാതിക്രമം കുറ്റകരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണിതെന്നും കോടതി വിശദീകരിച്ചു.

2015ൽ‍ പീഡനത്തിന് ഇരയായ പതിനൊന്നുകാരി വയറുവേദനയ്ക്കു ചികിത്സ തേടിയെത്തിപ്പോൾ ഡോക്ടറുടെ ചോദ്യത്തിനു മറുപടിയായാണ് അയൽവാസിയുടെ അതിക്രമം വെളിപ്പെടുത്തിയത്. കർശനമായും പൊലീസില്‍ പരാതിപ്പെടണമെന്നു നിർദേശിച്ചാണ് ചികിത്സ നൽകി വിട്ടയച്ചതെങ്കിലും അപമാനഭയം മൂലം പെണ്‍കുട്ടിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടില്ല. ചൈല്‍ഡ് ലൈന്‍ നടത്തിയ ഇടപെടലുകൾക്കു പിന്നാലെയാണു കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

×