തെക്ക് കിഴക്കന്‍ അറേബ്യന്‍ കടലില്‍ വെള്ളിയാഴ്ച രാവിലെ ഒരു ന്യൂന മര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യത; കൊല്ലം മുതല്‍ തൃശൂര്‍ വരെ അതിശക്ത മഴ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, May 13, 2021

കൊല്ലം: തെക്ക് കിഴക്കന്‍ അറേബ്യന്‍ കടലില്‍ വെള്ളിയാഴ്ച രാവിലെ ഒരു ന്യൂന മര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എങ്കിലും ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം കേരളത്തില്‍ മെയ് 14, 15 ദിവസങ്ങളില്‍ അതിശക്തമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതിനാല്‍ അറേബ്യന്‍ കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം മൂലം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് .

ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാദ്ധ്യതയുള്ളതായി കേന്ദ്രം മുന്നറിയിപ്പു നല്‍കി. തിരുവനന്തപുരം , മലപ്പുറംജില്ലകളില്‍ നേരിയ മഴയ്ക്കുള്ള യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.

2021 മെയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

2021 മെയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

2021 മെയ് 16 : കണ്ണൂര്‍, കാസര്‍ഗോഡ്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

2021 മെയ് 14 : തിരുവനന്തപുരം, മലപ്പുറം

2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.

ശനിയാഴ്ച ലക്ഷദ്വീപ് പ്രദേശത്തും തെക്കുകിഴക്കന്‍, കിഴക്കന്‍ അറേബ്യന്‍ കടലിനടുത്തുള്ള പ്രദേശത്തും ഇത് കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും കൂടുതല്‍ തീവ്രത ആര്‍ജ്ജിച്ചു് കിഴക്കു മധ്യ അറബിക്കടലിന് മുകളില്‍ ചുഴലിക്കാറ്റായി നിലകൊള്ളാന്‍ ഇടയുണ്ട് . 16 ഓടെ കൂടുതല്‍ ശക്തിയോടെ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട് .

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

×