തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, May 14, 2021

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ടൗട്ടി ചുഴലിക്കാറ്റായി മാറി ഞായറാഴ്ച തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.

മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്നും കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി ഇല്ല എന്നും ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശിഗന്‍ വ്യക്തമാക്കി.

എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രിയോടെ മഴ കനക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറില്‍ മണിക്കൂറിൽ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളാണ് കേരളത്തിലെത്തിയിരിക്കുന്നത്. വയനാട് , മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, എന്നിവിടങ്ങളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. മഴയ്ക്ക് പിന്നാലെ കുട്ടനാട്ടില്‍ പല ഇടങ്ങളിലും ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

×