Advertisment

കൊല്ലം കുണ്ടറയിലെ പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത് സൈബറിടത്തില്‍ എന്‍സിപി നേതാക്കള്‍ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ! എന്‍സിപി നേതാക്കളുടെ സൗന്ദര്യപ്പിണക്കമെന്ന് പറഞ്ഞതോടെ മന്ത്രിയും കേസൊതുക്കാന്‍ ഇടപെട്ടു. മന്ത്രി വിളിച്ചതോടെ കേസിന്റെ സ്വഭാവം തന്നെ മാറി മറിഞ്ഞു. സൈബറിടത്ത് അപമാനിച്ചത് എന്നത് പീഡനപരാതിയിലേക്ക് മാറിയതോടെ മന്ത്രിയും കുഴപ്പത്തിലായി ! ഇനി കുണ്ടറയിലെ കേസില്‍ ശശീന്ദ്രനും കുരുക്കാകും. കുണ്ടറയില്‍ നടക്കുന്ന കാര്യങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെ

New Update

publive-image

Advertisment

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ നല്‍കിയ പരാതിയില്‍ യുവതി പീഡന വിവരം ആദ്യം പറഞ്ഞത് അവ്യക്തമായി. പെണ്‍കുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ആദ്യം കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രീയ വിരോധം മാത്രമാണ് ഈ പരാതിക്കുപിന്നിലെന്ന നിഗമനത്തിലായിരുന്നു പോലീസ് തുടക്കം.

അതുകൊണ്ടുതന്നെയാണ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും മെല്ലെപ്പോക്ക് ഉണ്ടായത്. എന്‍സിപി നിയോജകണ്ഡലം പ്രസിഡന്റിന്റെ മകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതു മുതല്‍ പിതാവിനെ ആ സ്ഥാനത്തുനിന്നും നീക്കാനുള്ള നടപടികള്‍ ചിലര്‍ ആലോചിച്ചിരുന്നു. ഇപ്പോള്‍ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള പത്മാകരനും ഈ വിഭാഗത്തിനൊപ്പമായിരുന്നു.

കഴിഞ്ഞ മാസത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ ലക്ഷ്യമിട്ട് ചില എന്‍സിപി ഗ്രൂപ്പുകളില്‍ പെണ്‍കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുഎന്ന നിലയില്‍ ചില പോസ്റ്റുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്.

ഈ പരാതിയില്‍ മുമ്പ് തന്നെ അപമാനിക്കാന്‍ പത്മാകരന്‍ ശ്രമിച്ചു എന്നു പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും എത് എപ്പോള്‍, എവിടെവച്ച് എന്നൊന്നും പറഞ്ഞിരുന്നില്ല. ഇതുകൊണ്ടുതന്നെ അന്വേഷണവും വൈകി. ഇതില്‍ മന്ത്രിയടക്കമുള്ളവരുടെ ഇടപെടലും ഉണ്ടായിയെന്ന ആരോപണം പെണ്‍കുട്ടിയും പിതാവും ഉന്നയിക്കുന്നുണ്ട.

എകെ ശശീന്ദ്രന്റെയടുത്ത് വിഷയം എത്തിയപ്പോള്‍ തന്നെ ഒത്തുതീര്‍പ്പിനായുള്ള നീക്കം അദ്ദേഹവും തുടങ്ങി. പീഡനപരാതി ഒതുക്കുന്നു എന്നതനപ്പുറം പാര്‍ട്ടിക്കാര്‍ തമ്മിലുള്ള സൗന്ദര്യ പിണക്കം എന്നുതന്നെയാണ് മന്ത്രിയും ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിഷയം ഒതുക്കാനാണ് അദ്ദേഹവും ശ്രമിച്ചത്.

പക്ഷേ മന്ത്രിയുടെ ഇടപെടല്‍ കൂടി വാര്‍ത്തയായതോടെ പരാതി പൂര്‍ണമായും പീഡനം എന്നതിലേക്ക് എത്തി. 2021 മാര്‍ച്ച് ആറിനാണ് തനിക്കെതിരെ പീഡനശ്രമം നടന്നത് എന്നു കൂടി പെണ്‍കുട്ടി മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചതോടെ പരാതി പീഡനത്തിലേക്ക് മാറുകയാണ്. ഇതോടെയാണ് മന്ത്രി എകെ ശശീന്ദ്രനും ഇതില്‍ കുടുങ്ങുന്നത്.

പരാതിയുടെ മെറിറ്റ് പൂര്‍ണമായും മാറിയതോടെ മന്ത്രിയുടെ രക്തത്തിനായി ഇനി മുറവിളി ഉറപ്പായി കഴിഞ്ഞു.

ak sasindran
Advertisment