ഹൈക്കോടതി ഇടപെട്ടു; തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എന്‍ഡിഎക്ക് ലഭിച്ചു 

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, April 18, 2021

കൊച്ചി: തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എന്‍ഡിഎക്ക് ലഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്‍ഡിഎ പ്രതിനിധികളായ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്ന് ജസ്റ്റിസ് പിബി സുരേഷ് കുമാര്‍ ഉത്തരവിട്ടു.

രണ്ട് തവണ ഇടത് അംഗങ്ങള്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുഡിഎഫ് പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജിവെക്കുകയായിരുന്നു.

ഈ സാഹചര്യം തുടരുന്നതിനാല്‍ തങ്ങളെ വിജയികളാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ ഹരി സി നരേന്ദ്രനും ഗീതാ സുകുമാരനും കോടതിയെ സമീപിക്കുകയായിരുന്നു.

നിലവിലെ അനിശ്ചിതാവസ്ഥ പരിഗണിച്ചും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഇല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ പഞ്ചായത്തിന് പ്രവര്‍ത്തിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് ഉത്തരവ്.

×