ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വാഹനങ്ങൾ പമ്പയിലേക്ക് വിളിച്ച് വരുത്താം ; പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, November 19, 2019

കൊച്ചി: നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി. ചെറു വാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലേക്ക് പോകുന്ന വാഹനങ്ങൾ തീർഥാടകരെ ഇറങ്ങിയ ശേഷം നിലയ്ക്കലിൽ പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് വാഹനങ്ങൾ പമ്പയിലേക്ക് വിളിച്ച് വരുത്താമെന്നും കോടതി ഉത്തരവിട്ടു.

ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്നകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ചെറുവാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പമ്പയിലെ വാഹന പാർക്കിംഗ് സംവിധാനങ്ങൾ പ്രളയത്തെ തുടർന്ന് തകർന്നെന്നും ജില്ലാ പോലീസ് സൂപ്രണ്ട് കോടതിയെ അറിയിക്കുകയും ചെയ്തു.

എന്നാൽ ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെയെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ വാഹനങ്ങൾ കടത്തി വിടാമെന്ന നിലാപാട് സ്വീകരിക്കുകയായിരുന്നു.

×