എയ്ഡ്സ് പൂർണമായും സുഖപ്പെടുത്താനാവില്ലെങ്കിലും എച്ച്ഐവി വൈറസ് ബാധ തടയുന്ന മരുന്നുകൾ രോഗം മൂർച്ഛിക്കുന്നതു സാവധാനത്തിലാക്കുകയും സങ്കീര്‍ണതകൾ കുറയ്ക്കുകയും ചെയ്യും. എയ്ഡ്സ് നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനു ഒരു പ്രധാന പങ്കു വഹിക്കാനാകും.
/sathyam/media/post_attachments/7TrGxNhIF8kAv87fga5k.jpg)
എച്ച്ഐവി ബാധിച്ച ഒരാൾക്ക് വൈറ്റമിൻ എ, ബി, സിങ്ക്, അയൺ എന്നിവയുടെ അഭാവം നേരിടാം. എയ്ഡ്സ് രോഗികൾക്ക് നൽകുന്ന ആന്റിറെട്രോവൈറൽ മരുന്നുകളും പോഷകങ്ങളുടെ നിലയെ ബാധിക്കാം. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണം രോഗലക്ഷണങ്ങളെ അകറ്റാൻ സഹായിക്കും.
1. ഇരുമ്പ് (Iron) ലഭിക്കാൻ പച്ചനിറത്തിലുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
2. ക്ഷീണം കുറയ്ക്കാൻ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ പാൽ, പാലുൽപ്പന്നങ്ങൾ, പരിപ്പ് വർഗങ്ങൾ, മുട്ട, അനിമൽ പ്രോട്ടീൻ ഇവ കഴിക്കാം.
3. വൈറ്റമിൻ സി, ഡി, ഇ, എ, സിങ്ക്, സെലനിയം, ഇരുമ്പ് എന്നിവയും ധാതുക്കളും രോഗപ്രതിരോധ ശക്തി വർധിപ്പിക്കും. നാരകഫലങ്ങളായ നാരങ്ങ, മുന്തിരി, ഓറഞ്ച്, മുസമ്പി ഇവ കഴിക്കാം. മുളപ്പിച്ചതും പുളിപ്പിച്ചതുമായ ഭക്ഷണങ്ങൾ വൈറ്റമിൻ സി നല്‍കും. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും വൈറ്റമിൻ എയുടെയും ധാതുക്കളുടെയും ഉറവിടമാണ്. ഉദാഹരണത്തിന് തണ്ണിമത്തൻ, മസ്ക്മെലൺ, പപ്പായ, ചുവപ്പും മഞ്ഞയും കാപ്സിക്കം, മത്തങ്ങ മുതലായവ.
4. ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയവ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാം. കൂടുതൽ നേരം വയറ്റിൽ ഒന്നുമില്ലാതെ വിശന്നിരിക്കരുത്. ഭക്ഷണം കഴിച്ചയുടനെ കിടക്കരുത്.
5. ഭക്ഷണത്തിന് രുചിയില്ലായ്മയോ രുചിമാറ്റമോ അനുഭവപ്പെടാം. രുചി കൂട്ടുന്ന ഉപ്പ്, മുളക്, നാരങ്ങ തുടങ്ങിയവ ചേർക്കാം. നന്നായി ചവച്ചരച്ചു വേണം ഭക്ഷണം കഴിക്കാൻ.
ശരീരത്തിന് ആവശ്യമുള്ള കാലറിയും പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ശ്രദ്ധിക്കണം. പായ്ക്കറ്റ് ഭക്ഷണങ്ങളും പ്രിസർവേറ്റീവ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാം. ഭക്ഷണം വൃത്തിയായി പാകം ചെയ്യണം. മദ്യപാനം, പുകവലി ഇവ ഒഴിവാക്കാം. വേവിക്കാത്ത ഭക്ഷണങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.