മക്ക: വിശുദ്ധ ഉംറ തീർത്ഥാടകരെ എതിരേറ്റ് പുണ്യ ഹറം ശരീഫിന്റെ കവാടങ്ങൾ ഞായറാഴ്ച പുലർച്ചയിൽ വീണ്ടും തുറന്നപ്പോൾ, ഏഴ് മാസങ്ങളായി വിശ്വാസി ലോകം അനുഭവിക്കുകയായിരുന്ന മനഃക്ലേശം വഴിമാറി. സർവലോക രക്ഷിതാവിന് സ്തുതിയും സമർപ്പണവും പ്രഖ്യാപിച്ചു കൊണ്ടും, അതോടൊപ്പം തികഞ്ഞ ജാഗ്രതയുടെയും തീർത്ഥാടകർ കർമങ്ങളിലേയ്ക്ക് നീങ്ങി. മഹാമാരിയിൽ നിലച്ചുപോയ പുണ്യ തീർത്ഥാടനം ആത്മീയാവേശം തുടികൊട്ടിയ ധന്യ പശ്ചാത്തലത്തിൽ കനത്ത മുൻകരുതൽ നടപടികളോടെ വീണ്ടും സ്ഥാപിതമായി.
/sathyam/media/post_attachments/3QewkXQ6YpSvKvo1sCOY.jpg)
നടപ്പ് വ്യാധിയുടെ വ്യാപനം തീർത്ഥാടനത്തിലൂടെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മനുഷ്യസാധ്യമായ എല്ലാ ഒരുക്കങ്ങളും മുൻകരുതലുകളും ഏർപ്പെടുത്തി കൊണ്ടായിരുന്നു ഉംറയുടെ പുനരാരംഭം. ഇക്കാര്യത്തിൽ പ്രശംസനീയമായ ആസൂത്രണവും യത്നവുമാണ് സൗദി അധികൃതർ നടപ്പിലാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഹജ്ജ് വേളയിലെന്ന പോലെ വൈറസ് വ്യാപനത്തിന് തീർത്ഥാടനം ഒരു നിമിത്തമാകില്ലെന്നതിന് ആവശ്യമായ സർവ മുൻകരുതലുകളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും എല്ലാ തലങ്ങളിലും കൈക്കൊണ്ടിട്ടുണ്ട് - അതോടൊപ്പം, എത്രയും വേഗത്തിൽ തീർത്ഥാടനം നിലവിൽ വരുത്തണമെന്ന അഭിനിവേശവും സൗദി ഭരണകൂടത്തിനുണ്ടായി.
/sathyam/media/post_attachments/M6BgDfJsIjyzOdV9yO7p.jpg)
ഘട്ടങ്ങളായാണ് ഉംറ തീർത്ഥാടനം പുനഃസ്ഥാപിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഞായറാഴ്ച രാവിലെ ആറു മുതൽ തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചു തുടങ്ങി. ഈ ഘട്ടത്തില്‍ ആറായിരം തീര്‍ഥാടകര്‍ക്കാണ് പ്രതിദിനം ഉംറ നിര്‍വഹിക്കാന്‍ അവസരം. ദിവസം തോറും ആറ് സമയങ്ങളിലായി ആയിരം പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് തീർഥാടകരെ ഹറമിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. ഹറമിലേക്ക് പോകുംമുമ്പ് ഒരുമിച്ച് കൂടുന്നതിന് ഖുദയ്, ശിശ, അജിയാദ്, ശുബൈക്ക, ഗസ്സ എന്നീ അഞ്ച് സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
ഓരോ ഗ്രൂപ്പിനൊപ്പവും തീർത്ഥാടകരെ നിരീക്ഷിച്ചു കൊണ്ട് സൂപ്പർവൈസർമാരും ആരോഗ്യപ്രവർത്തകരും ഉണ്ടായിരിക്കും. വൈറസ് ബാധിതരെയോ ലക്ഷണങ്ങൾ കാണുന്നവരെയോ പാർപ്പിക്കാൻ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജമാണ്. 18 നും 65 ഇടയിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ഉംറ തീർത്ഥാടനത്തിന് അനുവാദം. ഒരു തവണ ഉംറ നിർവഹിച്ചവർക്ക് പതിനാല് ദിവസങ്ങൾക്കു ശേഷമേ വീണ്ടുമൊരു ഉംറക്ക് അനുവാദം നൽകുകയുള്ളൂ.
/sathyam/media/post_attachments/HtHevmUFHHz7lnIjjJWj.jpg)
ഈ മാസം 18 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 15,000 മുതല്‍ 40,000 വരെ തീര്‍ഥാടകരെ അനുവദിക്കുന്ന രണ്ടാംഘട്ടം ആരംഭിക്കും. നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നുള്ളവരടക്കം പ്രതിദിനം 20,000 മുതല്‍ 60,000 വരെ തീര്‍ഥാടകരെ ഹറം ശരീഫിലേയ്ക്ക് പ്രവേശിപ്പിക്കും.
ഇതോടൊപ്പം, മദീനയിലെ സിയാറത്ത് അനുഷ്ട്ടാനവും പുനരാരംഭിക്കുന്നതായി സൗദി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം പതിനെട്ട് ഞായറാഴ്ച (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ മദീനാ സിയാറത്തും റൗളാ ശരീഫിലെ നിസ്കാരവും പുനരാരംഭിക്കുക. ഇതും കർശന മുൻകരുതലുകളോടെയായിരിക്കും.
ഹജ്ജ് - ഉംറ മന്ത്രാലയം രൂപകൽപന ചെയ്ത ഇഅ്തമര്‍നാ ആപ് വഴിയാണ് ഉംറയും സിയാറത്തും ക്രമീകരിക്കുന്നത്. ആപ്പിലൂടെ ലഭിക്കുന്ന ദിവസവും സമയവും അനുസരിച്ചായിരിക്കും അനുഷ്ഠാനങ്ങൾക്കുള്ള അനുവാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us