എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ നല്‍കാമെന്ന് യുവാവ്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 26, 2020

കൊച്ചി: മൂന്നുകിടപ്പുമുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള എറണാകുളം പള്ളിക്കരയിലെ പുതിയ വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധതയറിയിച്ച്‌ യുവാവ്. അന്തേവാസികള്‍ക്കായി കൊച്ചിന്‍ ഫുഡീസ് റിലീഫ് ആര്‍മിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിക്കാന്‍ തയ്യാറാണെന്നും കറുകപ്പാടത്ത് കെ.എസ്. ഫസലുറഹ്മാന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

സ്വകാര്യസ്ഥാപനത്തില്‍ റീജണല്‍ മാനേജരായ ഫസലു നിലവില്‍ കൊടുങ്ങല്ലൂരിലെ കുടുബവീട്ടിലാണു താമസം. അടിയന്തരസാഹചര്യത്തില്‍ ജോലിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീട് നല്‍കാന്‍ തയ്യാറാണ്.

പാലുകാച്ചിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. വളരെ കുറച്ചുദിവസംമാത്രമാണ് വീട്ടില്‍ താമസിച്ചിട്ടുള്ളത്. താന്‍ കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയുമ്ബോള്‍ തനിക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിനുപിന്നിലെന്ന് യുവാവ് വ്യക്തമാക്കുന്നു.

×