സൗദിക്ക് നേരെയുള്ള ഹൂത്തി ഭീക്ഷണി. യു എന്‍ ഇടപെടണം: സൗദിഅറേബ്യ

author-image
admin
New Update

റിയാദ്: യെമനിലെ ഹൂത്തി കലാപകാരികളുടെ ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി ഊര്‍ജസ്വലമായി ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യ അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതിക്ക് അയച്ച കത്തില്‍ ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമിയാണ് മേഖലാ സുരക്ഷക്കും അന്താരാഷ്ട്ര സമാധാനത്തിനും ഹൂത്തി മിലീഷ്യകള്‍ സൃഷ്ടിക്കുന്ന ഭീഷണി അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.

Advertisment

publive-image

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച്, സ്വന്തം ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കാനും സ്വദേശികള്‍ക്കും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും സംരക്ഷണം നല്‍കാനും ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കും. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ തീരുമാനങ്ങളും നഗ്നമായി ലംഘിച്ച് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ തുടരുന്ന ശത്രുതാപരമായ ആക്രമണങ്ങളെ കുറിച്ച് സൗദി ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ രക്ഷാ സമിതിക്ക് വീണ്ടും കത്തയക്കുന്നതെന്ന് അബ്ദുല്ല അല്‍മുഅല്ലിമി പറഞ്ഞു.

നിരന്തരമായി ഹൂത്തി മിലീഷ്യകള്‍ സൗദി അറേബ്യക്ക് എതിരെ നടത്തുന്ന ഡോണ്‍ ആക്രമണം അബഹയിലും, റിയാദിന് നേരെയും അല്‍ ഖസീം മേഖലയിലും ഹൂത്തികള്‍ ഡോണ്‍ ആക്രമണം നടത്തിയിരുന്നു ആക്രമണ ശ്രമങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തിരുന്നു.

ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട രണ്ടു ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് ഇന്ന് പുലര്‍ച്ചെയും മറ്റൊന്ന് വ്യാഴാഴ്ച രാത്രിയുമാണ് സഖ്യസേന തകര്‍ത്തത്.

publive-image

അതിനിടെ അബഹ അന്താരാഷ്ട്ര എയർപോർട്ടിനു ഉണ്ടായ ഡ്രോൺ ആക്രമണത്തെ അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ ശക്തിയായി അപലപിച്ചു. സൗദി അറേബ്യക്കു നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ അമേരിക്ക കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തരം ശത്രുതാപരമായ പ്രവർത്തനങ്ങൾക്കെതിരെ സൗദി അറേബ്യക്കൊപ്പം അമേരിക്ക നിലയുറപ്പിക്കും. സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.

ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ആന്റണി ബ്ലിങ്കൻ ഫോണിൽ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും വിശകലം ചെയ്തു. സൗദി അറേബ്യ അമേരിക്കയുടെ സുപ്രധാന സുരക്ഷാ പങ്കാളിയാണ്. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനുള്ള ശ്രമം അമേരിക്ക തുടരും. ഇറാൻ പിന്തുണയോടെ സൗദി അറേബ്യക്കു നേരെ ഹൂത്തികൾ ആക്രമണങ്ങൾ നടത്തുകയാണ്. ഹൂത്തികൾക്കും  ഇറാനും മേൽ സമ്മർദം ചെലുത്തുന്നത് അമേരിക്ക തുടരുമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.

അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിക്കുന്നതായി വൈറ്റ്ഹൗസ് വക്താവ് ജെൻ സാകിയും പറഞ്ഞു. യെമൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നയതന്ത്രശ്രമങ്ങൾ അമേരിക്ക തുടരും. സൗദി അറേബ്യക്കു നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി യെമനിൽ യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് ഹൂത്തികൾ ആഗ്രഹിക്കുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

അബഹ എയർപോർട്ട് ആക്രമണത്തെ യു.എന്നും അപലപിച്ചു. ആക്രമണത്തിൽ യു.എൻ വക്താവ് സ്റ്റീഫൻ ദുജാരിക് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സാധാരണക്കാരെയും പശ്ചാത്തല സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള മുഴുവൻ ആക്രമണങ്ങളെയും ഐക്യരാഷ്ട്രസഭ അപലപിക്കുന്ന തായി സ്റ്റീഫൻ ദുജാരിക് പറഞ്ഞു.

ആക്രമണത്തെ അപലപിച്ച യു.എ.ഇ ഭീഷണികൾ ചെറുക്കുന്നതിന് സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും സുരക്ഷയും സ്ഥിരതയും കാത്തൂസൂക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും പിന്തുണക്കുമെന്നും പറഞ്ഞു. സൗദി അറേബ്യക്കെ തിരായ ഏതു ഭീഷണിയും യു.എ.ഇക്കെതിരായ ഭീഷണിയാണ്. ഇരു രാജ്യങ്ങളുടെയും സുരക്ഷ അവിഭാജ്യമാണെന്നും യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബഹ്‌റൈനും കുവൈത്തും ഫലസ്തീനും ജോർദാനും ഈജിപ്തും പാക്കിസ്ഥാനും യെമനും അഫ്ഗാനിസ്ഥാനും അറബ് ലീഗും ഗൾഫ് സഹകരണ കൗൺസിലും ഒ.ഐ.സിയും അബഹ എയർപോർട്ട് ആക്രമണത്തെ അപലപിക്കുകയും സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അതിനിടെ, ഖമീസ് മുശൈത്തിൽ ഡ്രോൺ ആക്രമണത്തിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തു. ഇന്നലെ രാവിലെയാണ് ഖമീസ് മുശൈത്തിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടത്. സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു.

അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായി അധികം കഴിയുന്നതിനു മുമ്പാണ് ഖമീസ് മുശൈത്തിൽ ഹൂത്തികൾ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. അബഹ എയർപോർട്ടിനു നേരെയുണ്ടായ ആക്രമണത്തിൽ വിമാനങ്ങളിൽ ഒന്നിന് കേടുപാടുകൾ സംഭവിക്കുകയും വിമാനം കത്തുകയും ചെയ്തിരുന്നു. അന്തരാഷ്ട്ര നേതാക്കളുടെ പ്രസ്താവന വന്നതിന് പിന്നാലെ ഹൂത്തികളെ നിയന്ത്രിക്കാനും, അമര്‍ച്ച ചെയ്യാനും യു എന്‍ ഇടപെടണമെന്ന ആവിശ്യം ശക്തമാക്കി സൗദി അറേബ്യ രംഗത്ത് വന്നിട്ടുള്ളത്.

Advertisment