‘രാഷ്ട്രീയകാര്‍ക്ക്‌ തൊലിക്ക്‌ കട്ടി കൂടുതലാണ്‌ എന്നാണ്‌ ജനങ്ങളുടെ അഭിപ്രായം’; സൂചിക്ക്‌ നല്ല കട്ടിയുണ്ടല്ലോ അല്ലേ ? വാക്‌സിന്‍ എടുക്കുന്നതിനിടെ നഴ്‌സിനോട് പ്രധാനമന്ത്രിയുടെ ചോദ്യം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 1, 2021

ന്യൂഡല്‍ഹി: വാക്‌സിന്‍ എടുക്കുന്നതിനിടെ നഴ്‌സുമാരോട് തമാശ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക്‌ കുത്തിവെയ്‌പ്‌ എടുത്ത പുതുച്ചേരി സ്വദേശിനിയായ നഴ്‌സ്‌ പി. നിവേദയോടായിരുന്നു മോദിയുടെ തമാശ. ‘ സൂചിക്ക്‌ നല്ല കട്ടിയുണ്ടല്ലോ അല്ലേ ‘ എന്നായിരുന്നു പ്രധാനമന്ത്രിയുടെ നര്‍മം കലര്‍ന്ന ചോദ്യം.

പെട്ടെന്നുളള ചോദ്യം കേട്ട്‌ നഴ്‌സ്‌ പി. നിവേദയ്‌ക്ക്‌ ഒന്നും മനസിലായില്ല. തുടര്‍ന്ന്‌ മോദി തന്നെ കാര്യം വിശദീകരിച്ചു. രാഷ്ട്രീയകാര്‍ക്ക്‌ തൊലിക്ക്‌ കട്ടി കൂടുതലാണ്‌ എന്നാണ്‌ ജനങ്ങളുടെ അഭിപ്രായം. ഇതാണ്‌ സൂചിയുടെ കട്ടി ചോദിക്കാന്‍ കാരണമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

ആശുപത്രി ജീവനക്കാരോടു പേരും നാടുമെല്ലാം മോദി ചോദിച്ചറിഞ്ഞു. വാക്‌സീൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ‘തീർന്നോ? എനിക്ക് ഒന്നും തോന്നിയില്ല’ എന്നു പറഞ്ഞതായും നഴ്‌സ് നിവേദ ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘എയിംസിൽനിന്നു കോവിഡ് വാക്സീൻ സ്വീകരിച്ചു.

കോവിഡിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിനു നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചെന്നതു ശ്രദ്ധേയമാണ്. വാക്സീൻ എടുക്കാൻ അർഹരായ എല്ലാവരോടും അഭ്യർഥിക്കുന്നു’– മോദി പിന്നിടു ട്വീറ്റ് ചെയ്തു.

×