Advertisment

അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ പൂന്തോട്ടത്തില്‍ പെറ്റൂണിയച്ചെടികളുടെ വസന്തം തീര്‍ക്കാം

author-image
സത്യം ഡെസ്ക്
Updated On
New Update

ചട്ടികളിലും പാത്രങ്ങളിലും പൂന്തോട്ടത്തിലെ മണ്ണിലും വളര്‍ത്തി നല്ല ഭംഗിയുള്ള പൂക്കള്‍ വിരിയിക്കാന്‍ കഴിയുന്ന പെറ്റൂണിയ വിവിധ ഇനങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. ഗ്രാന്‍ഡിഫ്‌ളോറ, മള്‍ട്ടിഫ്‌ളോറ, മില്ലിഫ്‌ളോറ, സ്‌പ്രെഡ്ഡിങ്ങ് (വേവ്) എന്നിങ്ങനെ നാല് പ്രധാനപ്പെട്ട തരത്തിലുള്ള പെറ്റൂണിയകളാണുള്ളത്.ശരിയായ രീതിയില്‍ നനയ്ക്കാതിരുന്നാല്‍ പെറ്റൂണിയച്ചെടികള്‍ വാടിപ്പോകും. അതുപോലെ അമിതമായി വെള്ളം ഒഴിച്ചാലും പൂക്കള്‍ വാടിപ്പോകും. അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ പൂന്തോട്ടത്തില്‍ പെറ്റൂണിയച്ചെടികളുടെ വസന്തം തന്നെ തീര്‍ക്കാം.

Advertisment

publive-image

ഗ്രാന്‍ഡിഫ്‌ളോറ പെറ്റൂണിയയില്‍ത്തന്നെ വിവിധ ഇനങ്ങളുണ്ട്. അള്‍ട്രാ, ഡ്രീം, സ്റ്റോം, ഡാഡി, സൂപ്പര്‍മാജിക്, സൂപ്പര്‍കാസ്‌കേഡ് എന്നിവയാണ് അവ. മള്‍ട്ടിഫ്‌ളോറ എന്ന ഇനത്തില്‍പ്പെട്ട പൂക്കള്‍ ചെറുതാണ്. അല്‍പം ശക്തമായ കാറ്റിലും പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള തണ്ടുകളാണ് ഇവയ്ക്കുള്ളത്. ഈ ഇനത്തിലും പലതരക്കാരുണ്ട്. പ്രൈംടൈം, സിലബ്രിറ്റി, കാര്‍പെറ്റ്, ഹൊറിസോണ്‍, മിറാഷ്, എന്നിവയാണ് അവ. ഏകദേശം 20 സെ.മീ വലുപ്പത്തില്‍ വളരുന്നവയാണ് മള്‍ട്ടിഫ്‌ളോറ.

തൂക്കുപാത്രങ്ങളില്‍ വളര്‍ത്തുന്ന ഇനങ്ങളാണ് മില്ലിഫ്‌ളോറ . വളരെ കുറഞ്ഞ പരിപാലനം മാത്രം മതി നന്നായി വളരാന്‍. പൈക്കോബെല്ല, ഫാന്റസി എന്നിവയാണ് ഇതിലെ താരങ്ങള്‍.

അടുത്ത ഇനമായ സ്‌പ്രെഡിങ്ങ് പെറ്റൂണിയ അടുത്തകാലത്തായി പ്രചാരത്തില്‍ വന്നതാണ്. രണ്ടു മുതല്‍ നാല് അടി ഉയരത്തില്‍ വളരും. വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഈ വിഭാഗത്തിലുള്ള വിവിധ ഇനങ്ങളാണ് ഈസി വേവ്, ഷോക്ക് വേവ്, അവലാന്‍ഷെ എന്നിവ.

സൂര്യപ്രകാശം ലഭിക്കാതിരുന്നാല്‍ ചെടികള്‍ വാടിപ്പോകും. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രം വിടര്‍ന്ന് വിലസുന്ന പൂക്കളാണിവ. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് തന്നെ വളര്‍ത്തണം. അതുപോലെ ഫംഗസും പ്രാണികളും ആക്രമിച്ചാലും പെറ്റൂണിയച്ചെടികള്‍ വാടിപ്പോകും. വൈറ്റ് മോള്‍ഡ്, ഗ്രേ മോള്‍ഡ്, ബ്ലാക്ക് റൂട്ട് റോട്ട് എന്നീ അസുഖം ബാധിച്ചാലും ഇലകള്‍ വാടിപ്പോകും.

തൂക്കുപാത്രങ്ങളില്‍ വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് വെള്ളത്തില്‍ ലയിക്കുന്ന തരത്തിലുള്ള വളങ്ങള്‍ നല്‍കണം. വാടിപ്പോകുന്ന പൂക്കള്‍ അപ്പോള്‍ത്തന്നെ ഒഴിവാക്കണം. അല്ലെങ്കില്‍ ചെടിയില്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുകയും നേരത്തേ തന്നെ പൂവിടല്‍ നിലയ്ക്കുകയും ചെയ്യും.

കമ്പ് മുറിച്ചു നട്ടും വിത്തുകള്‍ മുളപ്പിച്ചും പെറ്റൂണിയ പൂന്തോട്ടത്തില്‍ വളര്‍ത്താം. വളര്‍ത്തുമ്പോള്‍ നല്ല ആരോഗ്യമുള്ള ചെടികളില്‍ നിന്നും കമ്പ് മുറിച്ചെടുക്കണം. തൈകളായാലും കമ്പ് ആയാലും നടാനായി ഉണങ്ങിയ ചാണകപ്പൊടിയും ആട്ടിന്‍കാഷ്ഠവും മണലും ചേര്‍ത്ത മിശ്രിതം ആവശ്യമാണ്. സാധാരണയായി നവംബര്‍ മാസം മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവിലാണ് ഇഷ്ടം പോലെ പൂക്കളുണ്ടാകുന്നത്.

gardening all news
Advertisment