മുഖക്കുരു, കറുത്ത പാടുകള്‍, ചുളിവുകള്‍, നിറം മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രക്തചന്ദനം ഇങ്ങനെ പുരട്ടൂ

ഹെല്‍ത്ത് ഡസ്ക്
Tuesday, August 4, 2020

ചില സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ ഇതൊക്കെ പരിഹരിക്കാന്‍ എത്ര മികച്ചതായി തോന്നിയാലും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ നിര്‍മ്മിച്ച പായ്ക്കുകളെപ്പോലെ ഗുണം നല്‍കുന്നില്ല എന്നതാണ് വാസ്തവം.

നിങ്ങളുടെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ മികച്ച ചേരുവകളിലൊന്നാണ് രക്തചന്ദനം. ഇത് പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചുവരുന്നു. മുഖത്തെ കളങ്കം കുറയ്ക്കുന്നതിനും മുഖക്കുരു ചികിത്സിക്കുന്നതിനും വളരെ ഫലപ്രദമാണ് രക്തചന്ദനം. സുന്ദരവും തിളക്കമുള്ളതുമായ മുഖം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനം പല ചേരുവകളുമായും യോജിപ്പിച്ച് ഉപയോഗിക്കാം. അത്തരം ചില എളുപ്പ കൂട്ടുകള്‍ നിങ്ങള്‍ക്ക് വായിക്കാം.

വരണ്ട മുഖത്തിന് പരിഹാരമാണ് രക്തചന്ദനവും വെളിച്ചെണ്ണയും യോജിപ്പിച്ച് മുഖത്തു തേക്കുന്നത്. അല്‍പം രക്തചന്ദനപ്പൊടിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി 10-15 മിനിറ്റിനു ശേഷം മുഖം നന്നായി കഴുകുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ സഹായിക്കുന്നു. നിങ്ങളുടെ മുഖത്ത് വരണ്ട പ്രദേശങ്ങളില്‍ മോയ്‌സ്ചറൈസ് ചെയ്യുന്നതിന് ഇത് ഗുണം ചെയ്യുന്നു.

രക്തചന്ദനത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഒരു മാസ്‌ക് രൂപത്തില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിടുക. അതിനുശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഇത് സെബത്തിന്റെ സ്രവത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചര്‍മ്മ സുഷിരങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. മുഖക്കുരു നീക്കാനും മുഖക്കുരു പാടുകള്‍ കുറയ്ക്കുന്നതിനും മുഖക്കുരു മൂലമുണ്ടാകുന്ന ചര്‍മ്മ പ്രകോപനങ്ങള്‍ക്കും മികച്ചതാണ് രക്തചന്ദനം. റോസ് വാട്ടറും രക്തചന്ദനവും കൂട്ടിക്കലര്‍ത്തി നിങ്ങളുടെ മുഖത്ത് ഫെയ്‌സ് പായ്ക്ക് ആയി പ്രയോഗിക്കാവുന്നതാണ്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു നുള്ള് മഞ്ഞളും ഈ പാക്കിലേക്ക് ചേര്‍ക്കാം.

മൃത ചര്‍മ്മത്തെ നീക്കം ചെയ്യാന്‍ രക്തചന്ദനവും പപ്പായയും യോജിപ്പിച്ച് മുഖത്തു പുരട്ടുന്നതിലൂടെ സാധിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ രക്തചന്ദനവും രണ്ട് ടേബിള്‍സ്പൂണ്‍ പപ്പായയും ഉപയോഗിച്ച് ഒരു പായ്ക്ക് തയാറാക്കി നിങ്ങള്‍ക്ക് മുഖത്തു പുരട്ടാവുന്നതാണ്.

×