ഭര്‍തൃ വീട്ടില്‍ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു പരിക്കിനും ഉത്തരവാദി ഭര്‍ത്താവ് ആയിരിക്കുമെന്ന് സുപ്രീംകോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

ഡല്‍ഹി: ഭര്‍തൃ വീട്ടില്‍ ഭാര്യയ്ക്ക് ഉണ്ടാകുന്ന ഏതൊരു പരിക്കിനും ഉത്തരവാദി ഭര്‍ത്താവ് ആയിരിക്കുമെന്ന് സുപ്രീംകോടതി. ഭാര്യയെ മര്‍ദ്ദിച്ച ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

ഭര്‍തൃവീട്ടില്‍ ഭാര്യയ്ക്ക് ഏല്‍ക്കുന്ന ഏതൊരു പരിക്കിനും ഭര്‍ത്താവിനാണ് കൂടുതല്‍ ഉത്തരവാദിത്തമെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു ബന്ധു മൂലമാണ് പരിക്കു പറ്റിയതെങ്കിലും കൂടുതല്‍ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്. കോടതി വ്യക്തമാക്കി.

കേസില്‍ ആരോപണവിധേയനായ യുവാവിന്റെ മൂന്നാം വിവാഹവും യുവതിയുടെ രണ്ടാം വിവാഹവുമാണിത്. ഇരുവരും വിവാഹത്തിന് ഒരു വർഷത്തിനുശേഷം 2018 ൽ ഒരു കുട്ടിക്ക് ജന്മം നൽകി.കഴിഞ്ഞ വർഷം ജൂണിൽ യുവതി ഭർത്താവിനും അമ്മായിയമ്മയ്ക്കും എതിരെ ലുധിയാന പോലീസിൽ പരാതി നൽകി.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചുവെന്ന് യുവതി ആരോപിച്ചു.

ഭര്‍ത്താവ് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സ്വന്തം ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് കോടതി യുവാവിനോട് രൂക്ഷഭാക്ഷയിലാണ് ചോദിച്ചത്.

“നിങ്ങൾ എങ്ങനെയുള്ള ആളാണ്? കഴുത്തു ഞെരിച്ച് കൊല്ലാൻ പോവുകയായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. നിങ്ങൾ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചുവെന്ന് അവർ ആരോപിക്കുന്നു. നിങ്ങളുടെ ഭാര്യയെ തല്ലാൻ ഒരു ക്രിക്കറ്റ് ബാറ്റ് ഉപയോഗിക്കാൻ നിങ്ങൾ എങ്ങനെയുള്ള ആളാണ്? ”-കോടതി ചോദിച്ചു

ഭര്‍തൃപിതാവ് തന്നെ ബാറ്റ് ഉപയോഗിച്ച് അടിച്ചുവെന്നാണ് യുവതി പരാതിപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവോ ഭര്‍തൃപിതാവോ അടിച്ചു എന്നത് അല്ല പ്രശ്‌നമെന്നും ഭര്‍തൃവീട്ടില്‍ വച്ച് പരിക്കേറ്റു എന്നതിലാണ് കാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

അടിച്ചത് ആരെണെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ് കൂടുതലുള്ളതെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹരിയാന ഹൈക്കോടതിയും യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

×