മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ; പൊലീസെത്തിയപ്പോൾ ചോര ഒലിച്ച നിലയിൽ കുടുംബാംഗങ്ങൾ, തമിഴ്നാട്ടിൽ ആറുപേർ അറസ്റ്റിൽ

author-image
Charlie
New Update

publive-image

Advertisment

ചെന്നെെ: നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ട് പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും മന്ത്രവാദിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപ്പെടുത്തിയാൽ സ്വയം ബലി നൽകുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തഹസീൽദാരും പൊലീസും വീടിനകത്തേക്ക് കയറിയത്.

തിരുവണ്ണാമല ജില്ലയിലെ ആറണി എസ് വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ വീട്ടിൽ നിന്നു കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിനെയും തഹസീൽദാരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ തഹസിൽദാരും പൊലീസും വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ തുറക്കാൻ തയ്യാറായില്ല.

തുടർന്ന് ഫയർ ഫോഴ്‌സിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചു. എന്നാൽ വീടിനകത്തേക്ക് പ്രവേശിച്ചാൽ സ്വയം ബലി നൽകുമെന്ന് വീട്ടുകാർ ഭീഷണി മുഴക്കി. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വാതിൽ തകർത്താണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്.

വീടിനുള്ളിൽ കയറിയ തഹസീൽദാരെയും പൊലീസിനെയും പൂജക്ക്‌ നേതൃത്വം നൽകിയ വ്യക്തി അപായപ്പെടുത്താൻ ശ്രമിച്ചു. വീട്ടുടമ തരമണി, ഭാര്യ കാമാക്ഷി, മകനും താമ്പരത്തെ സായുധ സേന യൂണിറ്റിലെ പൊലീസുകാരനുമായ ഭൂപാൽ, മറ്റൊരു മകൻ ബാലാജി , മകൾ ഗോമതി, മന്ത്രവാദി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്.

മുറിവേറ്റ് ചോര ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങൾ. മുറിയിലാകെ പാവകൾ നിരത്തിയിട്ടിരുന്നു. വീട്ടിനുള്ളിൽ മൃഗബലി നടന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വയം ബലി നൽകുമെന്ന ഭീഷണിയെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാൻഡ് ചെയ്തു.

Advertisment