ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സുപ്രീം കോടതി

New Update

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതി മാധ്യമങ്ങള്‍ക്ക് നിര്‍ണ്ണായക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷഷണ നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

Advertisment

publive-image

സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി.എസ്. സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിനു നിയോഗിച്ചത്. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

സുപ്രീംകോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഏറ്റുമുട്ടല്‍ സംബന്ധിച്ച് വസ്തുനിഷ്ടമായ അന്വേഷണം ആവശ്യമാണ്. ജനങ്ങള്‍ക്ക് സത്യം അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

encounter hyderabad
Advertisment