യൂണിടാക്ക് എംഡി ഹൈക്കോടതിയില്‍ കൊടുത്തത് സിപിഎം നല്‍കിയ ക്യാപ്‌സൂളോ ? ഐ ഫോണ്‍ മറ്റൊരു നീതു ജോണ്‍സണാകുമോ ? ലക്ഷങ്ങള്‍ വിലയുള്ള ഐ ഫോണ്‍ ആരുടെ കയ്യിലെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ; ഫോണിന്റെ ബില്ലും ഇ എം ഐ വിശദാംശങ്ങളും പുറത്തു വന്നതോടെ ഇപ്പോഴത്തെ ഉടമയാരെന്നു ഉടനറിയാം ? അപകടം മണത്ത് സി പി എം സൈബർ പോരാളികൾ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, October 2, 2020

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ നിര്‍മ്മാണ കരാര്‍ ലഭിച്ച യൂണിടാക്ക് കമ്പനിയുടെ എംഡി സന്തോഷ് ഈപ്പന്‍ തുറന്നുവിട്ട വിവാദമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യങ്ങളില്‍ സജീവ ചര്‍ച്ച.

ലൈഫ് ഇടപാടിലൂടെ ലഭിച്ച പണത്തില്‍ നിന്നും യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നല്‍കാനായി അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ഐ ഫോണ്‍ നല്‍കിയതിലൊരാള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആരോപണം നിഷേധിച്ച ചെന്നിത്തല നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. തനിക്ക് ആരും ഐ ഫോണ്‍ നല്‍കിയിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതോടെയാണ് ആരോപണം സിപിഎമ്മിന്റെ ക്യാപ്‌സൂള്‍ ആണെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

സംഗതി ഐ ഫോണായതിനാലും ഫോണ്‍ വാങ്ങിയ ബില്ലിനൊപ്പം ഫോണിന്റെ മറ്റു വിശദാംശങ്ങളും പുറത്തുവന്നതോടെ ഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന വിവരം ഉടന്‍ പുറത്തുവരാനാണ് സാധ്യത. ഫോണിന്റെ ഐഎഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്താമെന്നതാണ് ഒരു വഴി. മറ്റൊന്നു ആപ്പിളിന്റെ പ്രോപ്പര്‍ട്ടി സപ്പോര്‍ട്ട് സിസ്റ്റം വഴിയും ഉപഭോക്താവിനെ അറിയാം.

ഈ സാധ്യതകള്‍ ഉപയോഗിച്ച് ആരാണു ഫോണ്‍ ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയാല്‍ ഏതാണ് വാസ്തവമെന്നു കണ്ടെത്താനാകും. അന്വേഷണ ഏജന്‍സികള്‍ എന്തായാലും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

കൊച്ചി ലുലു മാളില്‍ നിന്നാണ് 393000 രൂപ വില വരുന്ന ആറു ഐ ഫോണുകള്‍ 2019 നവംബര്‍ 29ന് വാങ്ങിയത്. ഇതില്‍ ഒരു ഐ ഫോണിന് 1,13,900 രൂപ വിലയുള്ളതാണ്. ബാക്കിയുള്ള അഞ്ചെണ്ണം താരതമ്യേന വില കുറവുള്ളതാണ്. ഈ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തേണ്ടത്.

എന്തായാലും സത്യം പുറത്തുവരുന്നതോടെ ഇടതു ക്യാമ്പിന്റെ വാദങ്ങള്‍ ക്യാപ്‌സൂള്‍ പോലെ പൊടിയുമെന്നു രമേശ് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മറ്റൊരു നീതു ജോണ്‍സണാണ് ഐ ഫോണെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം മറിച്ചായാല്‍ അതു വലിയ കോളിളക്കമാകും സൃഷ്ടിക്കുക.

സന്തോഷ് ഈപ്പനെ ചില സിപിഎം കേന്ദ്രങ്ങളും പാര്‍ട്ടി അനുകൂല അഭിഭാഷകരും ചേര്‍ന്നു പഠിപ്പിച്ച മൊഴിയാണിതെന്നും ആക്ഷേപമുണ്ട്. ഫോണ്‍ കിട്ടിയത് സ്വപ്‌നയ്ക്കും സുഹൃത്തുക്കള്‍ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കുമാണെന്നും പറയപ്പെടുന്നുണ്ട്.

×