ഗഡാഗ്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ധിച്ചു വരുമ്പോള്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ മാര്‍ഗവുമായി ഒരു പൊലീസ് സ്റ്റേഷന്‍. കര്‍ണാടകയിലെ ഗഡാഗിലെ പ്രാദേശിക പൊലീസാണ് രാത്രി 10 നും രാവിലെ ആറിനും ഇടയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി സൗജന്യ യാത്രാ സേവനം ഒരുക്കിയത്.
/sathyam/media/post_attachments/lIWnBUCx1HrntnOfafbU.jpg)
രാത്രിയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലേക്കോ ടോള്‍ ഫ്രീ നമ്പരിലേക്കോ വിളിച്ച് സഹായം ആവശ്യപ്പെടാം. ഉടന്‍ തന്നെ പൊലീസ് അവിടെയെത്തി സ്ത്രീകളെ പോകേണ്ട സ്ഥലത്ത് എത്തിക്കുമെന്ന് ഗഡാഗ് എസ്പി പറഞ്ഞതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകള്‍ക്ക് കാര്യക്ഷമമായ രീതിയില്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഗഡാഗ് പൊലീസിന്‍റെ മാതൃകാപരമായ ഇടപെടലിന് കയ്യടിക്കുകയാണ് നാട്ടുകാരും സാമൂഹിക മാധ്യമങ്ങളും.