കൊച്ചി: ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടർ ഡോ. രേണു രാജ്. സംഭരണ ശേഷിക്കു മുകളിലേക്കു ജലനിരപ്പ് ഉയർന്നാൽ ഡാം തുറന്നു വിടാനുള്ള സാധ്യത മുൻനിർത്തിയാണ് കലക്ടറുടെ മുന്നറിയിപ്പ്.
/sathyam/media/post_attachments/9eTBGJkBTRxiTrRvhhFz.jpg)
ഡാം തുറന്നു കഴിഞ്ഞാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധർ വിലയിരുത്തുന്നു. ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടർ എത്ര സമയം തുറന്നു, പെരിയാറിന്റെ ജലനിരപ്പ് ഇവയുടെ എല്ലാം അടിസ്ഥാനത്തിൽ സമയം വ്യത്യാസപ്പെട്ടിരിക്കുമെന്നും പറയുന്നു.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇപ്പോൾ തന്നെ ഇത് 2382.54ൽ എത്തിയിട്ടുണ്ട്. റെഡ് അലർട്ട് 2382.53 ആയാണ് നിശ്ചയിച്ചിരിക്കുന്നത്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അധിക ജലം ഒഴുക്കി വിടുന്നതിനാലും ഇതിനകം റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ഏതു സമയത്തും ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകും.