വണ്ടിപ്പെരിയാറിലെ കള്ളനോട്ട് കേസ്: ബസ് കണ്ടക്ടർ ഉൾപ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം വ്യാപിപ്പിച്ചു

author-image
neenu thodupuzha
New Update

പീരുമേട്: വണ്ടിപ്പെരിയാറില്‍നിന്നു കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അണക്കര പാമ്പുപാറ സ്വദേശി രാജേഷ്, കരുണാപുരം സ്വദേശിയും സ്വകാര്യബസ് കണ്ടക്ടറുമായ സിജു ഫിലിപ്പ് എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

കേസിലെ മുഖ്യപ്രതി  സബിന്‍ ജേക്കബ് നേരത്തെ അറസ്റ്റിലായിരുന്നു. നോട്ട് ഇരട്ടിപ്പെന്ന പേരിലാണ് പ്രതികള്‍ കള്ളനോട്ട് വിതരണം നടത്തിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പീരുമേട് ഡിെവെ.എസ്.പി: ജെ. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബിന്‍ ജേക്കബിനെ പിടികൂടിയതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചശേഷം സബിന്‍ 3,000 രൂപയുടെ കള്ളനോട്ട് നല്‍കിയിരുന്നു. പമ്പ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സബിനെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം സബിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 44 കള്ളനോട്ടുകള്‍ കണ്ടെത്തി.

ചെെന്നെയില്‍നിന്ന് 20,000 രൂപ നല്‍കിയാണ് 40,000 രൂപയുടെ കള്ളനോട്ട് വാങ്ങിയതെന്നാണ് സബിന്റെ മൊഴി. ബസിലെ കോയിലിന് വലിയ വില ലഭിക്കുമെന്ന് അറിവ് ലഭിച്ച സബിന്‍ ഇതിനായാണ് സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു ഫിലിപ്പുമായി അടുപ്പത്തിലാകുന്നത്. ഇവര്‍ തമ്മില്‍ ഇത്തരത്തില്‍ ഇടപാട് നടന്നിട്ടുള്ളതായും പോലീസ് സംശയിക്കുന്നു.

ഇതിനിടെയാണ് രാജേഷ് മുഖേന സബിന്‍ തമിഴ്‌നാട് സ്വദേശിയായ കള്ളനോട്ട് ഇടപാടുകാരനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കള്ളനോട്ട് ഇടപാട് നടത്തുകയായിരുന്നു. സബിന്‍ നല്‍കിയ കള്ളനോട്ടുകള്‍ സിജു കോട്ടയം കോടിമതയിലെ പെട്രോള്‍ പമ്പില്‍ മാറിയതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ആരംഭിച്ചതായും വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് കുമാര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ വി. വിനോദ് കുമാര്‍, എ.എസ്.ഐ: റെജി, സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഇന്നലെ തെളിവെടുപ്പു നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment