‘‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയേ…സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ…ഇടുക്കി ജില്ലയുടെ അഭിമാനമാണ് നമ്മുടെ മന്ത്രിയാം വൈദ്യുതി മന്ത്രി… ; പാടി പാടി ഒടുവില്‍ മന്ത്രിയെ ‘ബാര്‍ബറാക്കി’ ; പാട്ടു കേട്ട് ആസ്വദിച്ച് ചിരിച്ച് കടല കൊറിച്ചിരുന്ന മന്ത്രി ഒടുവില്‍ തലയില്‍ കൈവച്ചു ; പിന്നെ ക്ഷമിച്ചു..!

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, January 19, 2020

ഇടുക്കി : ‘ഇടുക്കിയുടെ സ്വന്തം മന്ത്രിയെ പുകഴ്ത്താൻ പാട്ടിൽ പാരഡി പരീക്ഷിച്ചു, പക്ഷേ പാരഡിപ്പാട്ടിന്റെ വരികൾ മറന്നപ്പോൾ സംഗതി കോമഡിയും ട്രാജഡിയുമായി… സങ്കടപ്പാട്ടിന്റെ ഈണം അണപൊട്ടി ഒഴുകുകയാണ് കുടുംബശ്രീ പ്രവർത്തക, കട്ടപ്പന വണ്ടൻമേട് രാജാക്കണ്ടം മുല്ലയിൽ ലളിത പാപ്പന്റെ (52)വാക്കുകളിൽ.

സബ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനായി മന്ത്രി മണി എത്തുമ്പോൾ വ്യത്യസ്തമായി എന്തു ചെയ്യണം എന്ന ആലോചനയാണ് പാട്ടിന്റെ പിറവിക്ക് ഇടയാക്കിയത്. രാജാക്കണ്ടം പ്രതീക്ഷ കുടുംബശ്രീ സംഘത്തിലെ അംഗമായ ഞാൻ ഇക്കാര്യം, സംഘം പ്രസിഡന്റ് ലിസമ്മയോടു പറഞ്ഞപ്പോൾ പച്ചക്കൊടി കാട്ടി. പല പാട്ടുകളും കടന്നുവന്നെങ്കിലും മനസ്സിന്റെ പവർഹൗസിൽ മിന്നിയത് ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ, ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…’ എന്ന ഗാനമായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സബ് സ്റ്റേഷൻ ഉദ്ഘാടനം. ശനി വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലെത്തി. ഒറ്റയിരിപ്പിനു പാട്ടെഴുതി. ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…’ എന്ന വരികൾക്കു പകരം ‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ…’ എന്നാക്കി തിരുത്തി. ഇടുക്കിയും കറന്റും വെളിച്ചവുമെല്ലാം വരികളിൽ ‘ലൈൻ വലിച്ചു’. 10 മിനിട്ടിനുള്ളിൽ പാരഡി പാട്ട് റെഡി. ഒപ്പം പാടാൻ കുടുംബശ്രീ അംഗങ്ങളായ സരസ്വതി രാമചന്ദ്രൻ, കുഞ്ഞൂഞ്ഞമ്മ കുട്ടപ്പൻ, രമണി വിജയൻ എന്നിവരെയും ക്ഷണിച്ചു.

ഞായർ വൈകിട്ട് എല്ലാവരും വീട്ടിലെത്തി. ഒറ്റ റിഹേഴ്സൽ. പിന്നെയും ഒരിക്കൽ കൂടി ഞാനൊറ്റയ്ക്ക് വരികൾ മനഃപാഠമാക്കി. പിറ്റേ ദിവസം ഉദ്ഘാടനം തുടങ്ങുന്നതിനു മുൻപും എല്ലാവരും കൂടി റിഹേഴ്സൽ നടത്തി.

ഉദ്ഘാടന സമ്മേളനത്തിനായി മന്ത്രി എത്തി. പാട്ടു പാടാൻ ഞങ്ങൾ 4 പേരും മുന്നോട്ടു വന്നു. മൈക്കെടുത്ത് ഞാൻ പാടി..

‘‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയേ…
സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ…
ഇടുക്കി ജില്ലയുടെ അഭിമാനമാണ്
നമ്മുടെ മന്ത്രിയാം വൈദ്യുതി മന്ത്രി…
മന്ത്രി നമ്മുടെ മന്ത്രി… നമ്മുടെ മന്ത്രി..
നമ്മുടെ മന്ത്രി.. വൈദ്യുതി മന്ത്രി…

(പാട്ടു തുടരുകയാണ്. കടല കൊറിച്ചിരുന്ന മന്ത്രി, പാട്ടു കേട്ട് ആസ്വദിച്ച് ചിരിക്കുന്നതും തലയിൽ കൈ വയ്ക്കുന്നതും സദസ്സിൽ നിന്നു കയ്യടി ഉയരുന്നതും കണ്ടു. ഞങ്ങൾ ആവേശത്തോടെ പാട്ടു തുടർന്നു)‘സംസ്ഥാനമാകെ അറിയപ്പെടുന്നതാം മന്ത്രി, നമ്മുടെ മന്ത്രി വൈദ്യുതി മന്ത്രി…’ എന്ന വരികൾ ആയിരുന്നു അടുത്തതായി പാടേണ്ടിരുന്നത്. പക്ഷേ എന്റെ നാവിൽ ഈ വരികൾക്കു പകരം എത്തിയത് യഥാർഥ പാട്ടിന്റെ ഭാഗമായിരുന്നു – ‘വിശ്വസ്തനാം ഒരു ബാർബറാം ബാലനെ…’’

അബദ്ധം മനസ്സിലായപ്പോൾ പാട്ടു നിർത്തി. സദസ്സിൽ കൂട്ടച്ചിരി. മന്ത്രി തലയിൽ കൈ വയ്ക്കുന്നതു കണ്ടു. ഒപ്പം പാടിയവർ സ്റ്റേജിന്റെ മൂലയിലേക്ക് ഓടിമാറി. മന്ത്രി വഴക്കു പറയുമോ എന്നായിരുന്നു എന്റെ പേടി. വരുന്നതു വരട്ടെ എന്നു കരുതി ഞാൻ മന്ത്രിയെ നോക്കി ‘സോറി’ പറഞ്ഞു. എന്നിട്ടു പാടിത്തീർത്തുബഹുമാനപ്പെട്ട മന്ത്രി ക്ഷമിക്കണം. പാട്ടിന്റെ ലൈൻ തെറ്റിപ്പോയി. അറിയാതെ പാടിയതാണ്… എന്നു പറഞ്ഞ് മന്ത്രിയെ രണ്ടു വട്ടം തൊഴുതു. പൊയ്ക്കൊള്ളാൻ മന്ത്രി ആംഗ്യം കാട്ടി.

നാക്കു പിഴച്ചതിന്റെ പേരിൽ അതിയായ ദുഃഖമുണ്ട്. ഒന്നും മനഃപൂർവമല്ല. മന്ത്രിയെ നേരിട്ടുകണ്ടു ക്ഷമാപണം നടത്തണം. ഞാനൊരു കമ്യൂണിസ്റ്റുകാരിയാണ്. ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണു മണിയാശാൻ. 30 വർഷമായി കുടുംബശ്രീയിൽ പ്രവർത്തിക്കുന്നു. ഭർത്താവ് പാപ്പന് രാജാക്കണ്ടത്ത് ചെറിയ മാടക്കടയുണ്ട്. നാലു മക്കളുണ്ട്.

നാക്കുപിഴയുടെ പേരിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും എം.എം.മണി ഏറെ പഴി കേട്ടിട്ടുണ്ട്. പക്ഷേ, പാരഡി ഗാനത്തിലൂടെ ‘പുകഴ്ത്തി’ ഒരു പരുവമാക്കിയ കുടുംബശ്രീ പ്രവർത്തകയുടെ നാവിൽ വരികൾ മാറി ആകെ ‘കുളമായി’.

‘പാട്ടുകൾ എനിക്കിഷ്ടമാണ്. ഏതൊരു പാട്ടും ആസ്വദിച്ചതു പോലെ കുടുംബശ്രീ പ്രവർത്തകരുടെ പാരഡി പാട്ടും ആസ്വദിച്ചു. വരികൾ തെറ്റിയപ്പോൾ അവർ മാപ്പു പറഞ്ഞല്ലോ. അവർ പാവങ്ങളല്ലേ, അബദ്ധം പറ്റിയതായിരിക്കാം. പാര‍ഡി പാട്ടുകൾ പാടുമ്പോൾ തെറ്റു പറ്റുന്നത് സ്വാഭാവികം…’– മന്ത്രി പറഞ്ഞു.

×