ഇടുക്കി:അയർക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഉൾപ്പടെ ഇരുപത്തഞ്ചോളം പവൻ പട്ടാപ്പകൽ തോക്കുചൂണ്ടി കവർന്ന യുവാവ് അറസ്റ്റിൽ.
/sathyam/media/post_attachments/knIsK1KPWuyQwLBUvttn.jpg)
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടു മഠം വീട്ടിൽ 27 കാരനായ ശ്രീരാജ് നമ്പൂതിരിയെയാണ് കോട്ടയം ജില്ലാ പോലിസ് മേധാവി ഡി. ശില്പയുടെ മേൽനോട്ടത്തിൽ കോട്ടയം ഡി.വൈ.എസ്.പി എം. അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണ ത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. ഫെബ്രുവരി പത്താം തീയതിയാണ് അയർക്കുന്നത്ത് വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ ഭർത്താവ് പുറത്തു പോയ സമയം നോക്കി വെള്ളം ചോദിച്ച് ഒരാൾ എത്തുന്നത്. കുപ്പിയിൽ വെള്ളം നൽകിയ ശേഷം ഇയാൾ തിരികെപ്പോയി സമീപത്ത് ആരും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തു കയറി കയ്യിലിരുന്ന കളിത്തോക്ക് ചൂണ്ടി വൃദ്ധയുടെ വായിൽ തുണി കുത്തി കയറ്റി കയ്യും കാലും ബന്ധിച്ച് കഴുത്തിൽ കിടന്നിരുന്ന ആറു പവന്റെ മാല ഊരി എടുക്കുകയും മറ്റൊരു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്തൊൻപത് പവനോളം സ്വർണാഭരണങ്ങളും മോഷ്ടിച്ചു കടന്നു കളയുകയുമായിരുന്നു.
ഒറ്റപ്പെട്ടിരിക്കുന്ന വീടായതിനാലും തികച്ചും ഗ്രാമ പ്രദേശം ആയതിനാലും മോഷ്ടാവ് വാഹനങ്ങൾ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നതിനാലും , മോഷ്ടാവ് മുഖം മുഴുവൻ മറയ്ക്കുന്ന രീതിയിൽ വലിയ മാസ്ക് ഉപയോഗിച്ചിരുന്നതിനാലും ഒരു കിലോമീറ്റർ ചുറ്റളവിൽ സി. സി. ടി. വി ഇല്ലാതിരുന്നതിനാലും, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നതിനാലും മോഷ്ടാവിനെകുറിച്ചുള്ള യാതൊരു സൂചനയും ലഭ്യമായിരുന്നില്ല.
തുടർന്ന് ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശാനുസരണം കോട്ടയം ഡി. വൈ.എസ്.പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ഒരു മാസമായി നടത്തിവന്ന ശ്രമകരമായ അന്വേഷണ ത്തിനോടുവിലാണ് ഇയാളെ പിടിക്കാനായത് . സംഭവസ്ഥലത്ത്നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള സി സി ടി വി ദൃശ്യത്തിൽ തുടങ്ങി സംശയം തോന്നിയ ഏകദേശം നാനൂറിലേറെ പേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് കോട്ടയത്ത് നിന്ന് ബസിൽ ആണ് അയർക്കുന്നത്ത് എത്തിയതെന്ന് മനസ്സിലാക്കിയത്.
കോട്ടയം നഗരത്തിലെ നൂറിലേറെ സി സി ടി വി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും വിവിധ ലോഡ്ജുകളിൽ താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ചും അവരെ പിൻതുടർന്നും സംശയമുള്ള ആളുകളുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചത്. തുടർന്ന് പ്രതിയെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളാ തമിഴ്നാട് അതിർത്തിയിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ലോഡ്ജിൽ നിന്നും അയർക്കുന്നം പോലിസ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
അമയന്നൂർ ക്ഷേത്രത്തിൽ കുറച്ചുനാളുകൾക്കു മുൻപ് പൂജാരി ആയിരുന്നു ഇയാൾ. അവിടെ വച്ചു പരിചയപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്. ആയതുകൊണ്ട് അയർക്കുന്നത്തെയും പരിസരത്തെയും ഭൂപ്രകൃതിയും നിരവധി ഒറ്റപ്പെട്ട വീടുകളും ഇയാൾ ശ്രദ്ധിച്ചിരുന്നു. അങ്ങിനെയാണ് ഒറ്റപ്പെട്ടിരിക്കുന്ന ഈ വീടും വൃദ്ധ ദമ്പതികൾ മാത്രമാണ് ഇവിടെ താമസിക്കുന്നതെന്നും ഇയാൾ മനസ്സിലാക്കി. ഓൺലൈനിലൂടെ കളിത്തോക്ക് ഇതിനായി ഇയാൾ വാങ്ങി. മുഖം മറയ്ക്കുന്ന രീതിയിലുള്ള മാസ്കും, കയ്യുറയും ധരിച്ച് കോട്ടയത്ത് നിന്നും പുറപ്പെട്ടപ്പോൾ തന്നെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിട്ടാണ് ഇയാൾ അയർക്കുന്നത്തേയ്ക്ക് പുറപ്പെട്ടത്.
കൃത്യത്തിനു ശേഷം ധരിച്ചിരുന്ന ഷർട്ടും കയ്യുറയും ദമ്പതികളുടെ വീട്ടിൽ നിന്നെടുത്ത മൊബൈൽ ഫോണും ഇയാൾ വഴിയിൽ ഉപേക്ഷിച്ചു. വിവിധ കടകളിലായി മോഷ്ടിച്ച സ്വർണ്ണം ഇയാൾ വിൽക്കുകയും പണയം വയ്ക്കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് ഒരു സ്കോർപിയോ കാർ സ്വന്തമാക്കി . ഒരു മൊബൈൽ ഫോണും വാങ്ങി. തെളിവുകൾ ഒന്നും തനിക്കെതിരെ വരാതിരിക്കാനായി വളരെ ശ്രദ്ധിച്ചാണ് ഇയാൾ കൃത്യം ചെയ്തതും പിന്നീട്, പഴനി, ചിദംബരം തക്കല തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി നടന്നതും.
ട്രെയിൻ യാത്രക്കാരന്റെ പണവും ക്യാമറയും അടങ്ങിയ ബാഗ് തട്ടിപ്പറിച്ചതി നു കൊല്ലം റെയിൽവേ പോലീസും അടുത്ത വീട്ടിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ കുമളി പോലിസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു..
കോട്ടയം ഡി.വൈ.എസ്.പി എം.അനിൽ കുമാർ, അയർക്കുന്നം ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ടി റെനീഷ് , സബ് ഇൻസ്പെക്ടർ നാസർ കെ. എച്ച് , ഷിബുക്കുട്ടൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ കെ ആർ, സിവിൽ പോലിസ് ഓഫീസർമാരായ ശ്യാം എസ് നായർ , ബൈജു കെ.ആർ , ഗ്രിഗോറിയോസ് , ശ്രാവൺ രമേഷ് (സൈബർ സെൽ) , സജീവ് ടി ജെ, തോമസ് സ്റ്റാൻലി, കിരൺ, ചിത്രാംബിക എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us