കേരളം

ഭാര്യ കോവിഡ് പോസിറ്റീവായതോടെ പട്ടിണിയിലായ വീട്ടിലെ പശുവിന് പുല്ലുചെത്താനായി പുറത്തിറങ്ങിയ ഭര്‍ത്താവിന് പിഴ 2000 രൂപ ! കാസര്‍കോട് കോഡം-ബേളൂര്‍ പാറയ്ക്കല്‍ സ്വദേശി നാരായണന് പിഴയിട്ടത് അമ്പലത്തറ പോലീസ്. ആരുമില്ലാത്ത പ്രദേശത്ത് മാസ്‌ക് ധരിച്ച് പുല്ലുചെത്തിയത് കടുത്ത ശിക്ഷയ്ക്കുള്ള കുറ്റം ! മാസ്‌ക് ധരിച്ച് ഒറ്റയ്ക്ക് പുല്ലുചെത്തിയത് ഗുരുതര കുറ്റമെന്ന് പോലീസ്. പണമില്ലാത്തതിനാല്‍ പിഴയടച്ചത് സഹോദരന്‍. 50000 രൂപ ലോണെടുത്തു വാങ്ങിയ പശുവിനെ പട്ടിണിക്കിടണോയെന്ന ചോദ്യത്തിന് മറുപടിയില്ല. പണ്ട് കോവിഡ് ബാധിച്ച ഭാര്യയെ പിപിഇ കിറ്റ് പോലുമില്ലാതെ ഒപ്പമിരുത്തി യാത്ര ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു പോലീസും കണ്ടില്ല ! ജീവിക്കാനായി നാരായണന്‍ പുല്ലുചെത്തിയാല്‍ അതു ഗുരുതര കുറ്റം

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, July 30, 2021

കാസര്‍കോട്: ഭാര്യയ്ക്ക് കോവിഡ് പോസിറ്റീവായ സമയത്ത് പശുവിന് പുല്ലുചെത്താന്‍ പോയതിന്റെ പേരില്‍ ഭര്‍ത്താവിന് 2000 രൂപ ഫൈന്‍ ചുമത്തി അമ്പലത്തറ പോലീസ്. കാസര്‍കോട് കോഡം-ബേളൂര്‍ പഞ്ചായത്തിലെ അറ്റങ്ങാനം പാറയ്ക്കല്‍ സ്വദേശിയായ വി നാരായണനാണ് പോലീസ് പിഴ ചുമത്തിയത്. പണമില്ലാത്തതിനാല്‍ നാരായണന്റെ സഹോദരനാണ് പിഴയടച്ചത്.

ഒന്‍പതു ദിവസം മുമ്പാണ് നാരായണന്റെ ഭാര്യ ഷൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 50000 രൂപ ലോണെടുത്ത് വാങ്ങിയ പശുവിനെ പട്ടിണിക്കിടാന്‍ കഴിയാതെ വന്നതിനാല്‍ നാരായണന്‍ പശുവിന് പുല്ലു ചെത്താന്‍ പോയത്. ആരും ഇല്ലാത്ത പ്രദേശത്ത് മാസ്‌ക് ഉപയോഗിച്ച് തന്നെയാണ് നാരായണന്‍ പുല്ലു ചെത്താന്‍ പോയത്.

എന്നാല്‍ കോവിഡ് പോസിറ്റീവായ രോഗിയുടെ പ്രൈമറി കോണ്‍ടാക്റ്റ് പുറത്തിറങ്ങിയെന്ന പേരിലായിരുന്നു പോലീസിന്റെ ഈ ഫൈന്‍ ഈടാക്കല്‍. ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കാതെ നടന്നാലാണ് കോവിഡ് പരത്തുകയോ, വരികയോ ഉള്ളുവെന്നാണ് താന്‍ മനസിലാക്കിയിരുന്നതെന്നും പുല്ലു ചെത്തിയാല്‍ കോവിഡ് വരുമെന്നു തനിക്കറിയില്ലായിരുന്നുവെന്നും നാരായാണന്‍ പോലീസിന്റെ പ്രവര്‍ത്തിയെ പരിഹസിച്ചു.

ആരുമില്ലാത്ത പ്രദേശത്താണ് നാരായണന്‍ പുല്ലു ചെത്താന്‍ പോയിരുന്നത്. ഇതറിഞ്ഞിട്ടും പോലീസ് പിഴ ഈടാക്കുകയായിരുന്നു. 50000 രൂപ ലോണെടുത്താണ് ഇവര്‍ പശുവിനെ വാങ്ങിയത്. ദിവസം എട്ടു ലിറ്റര്‍ പാല്‍ തരുന്ന പശുവിനെ പട്ടിണിക്കിട്ടാല്‍ തന്റെ കുടുംബം പട്ടിണിയിലാകുമെന്നതിനാലാണ് പുല്ലു ചെത്താന്‍ പോയതെന്നും ഇദ്ദേഹം പറയുന്നു.

പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് നാരായണനുള്ളത്. പണമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്‌ഫോണ്‍ പോലും വാങ്ങാനായിട്ടില്ലെന്ന് നാരായണന്‍ പറയുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയെ കൂടെ കൂട്ടിയതും, അസുഖം ഭേദമായി തിരികെ വരുമ്പോ പിപിഇ കിറ്റ് പോലും ധരിക്കാതെ കോവിഡ് പോസിറ്റീവായ ഭാര്യയെ ഒപ്പമിരുത്തി യാത്രചെയ്തതുമൊക്കെ കേരളം കണ്ടതാണ്. അന്നു മുഖ്യമന്ത്രി പറഞ്ഞ ന്യായവും മലയാളികളെല്ലാം കണ്ടിരുന്നു.

ഇതൊക്കെ കാണുമ്പോള്‍ ഒരു കാര്യം വ്യക്തം. കോവിഡ് പ്രോട്ടോക്കോളും ലോക്ഡൗണ്‍ നിയമങ്ങളുമൊക്കെ നാരായണന്‍മാര്‍ക്ക് മാത്രം. സ്വാധീനമുള്ളവരെ കോവിഡ് പിടികൂടില്ലെന്നും നമുക്ക് കരുതാം.

×