ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ആരംഭിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. രാജ്യത്തെ അവസ്ഥ മോശമായെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്ത് 34,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10.38 ആയി. ഇത് സ്ഫോടനാത്മക വളര്‍ച്ചയാണെന്ന് ഐഎംഎ ചെയര്‍പേഴ്സണ്‍ ഡോ. വി.കെ മോംഗ പറഞ്ഞു.
ഓരോ ദിവസവും 30,000 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിന് നിരവധി ഘടകങ്ങളുണ്ടെങ്കിലും ഇപ്പോള്‍ ഗ്രാമങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇതൊരു മോശം സൂചനയാണ്. ഇത് സമൂഹവ്യാപനത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സമൂഹവ്യാപനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെ അംഗീകരിച്ചിട്ടില്ല. സമൂഹവ്യാപനം രാജ്യത്ത് ആരംഭിച്ചിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.