വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമം

New Update

കൊൽക്കത്ത: വംശീയകലാപം ആളിക്കത്തുന്ന മണിപ്പുരിൽ ബിജെപി നേതാക്കളെ ഉന്നമിട്ട് ഇംഫാൽ താഴ്‌വരയിൽ വ്യാപക അക്രമം. ബിജെപി സംസ്ഥാന പ്രസിഡന്റ് എ.ശാരദാദേവിയുടെ വീട് ആക്രമിക്കാനും ബിരേൻ സിങ് സർക്കാരിലെ രണ്ടാമനായ മന്ത്രി തോങ്ങം ബിശ്വജിതിന്റെ വീടിനു തീയിടാനും ശ്രമമുണ്ടായി.

Advertisment

publive-image

ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തിയ മുന്നൂറിലേറെപ്പേരെ സൈന്യം ത‍ടഞ്ഞു. ഇംഫാൽ പാലസ് കോംപൗണ്ടിൽ തടിച്ചുകൂടിയ ആയിരത്തോളം പേർക്കു നേരെ ദ്രുതകർമസേന റബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിച്ചു; 2 പേർക്കു പരുക്കേറ്റു. ഇംഫാലിൽ രാത്രി ഒൻപതരയോടെ നൂറുകണക്കിനു മെയ്തെയ് വനിതകൾ മനുഷ്യച്ചങ്ങല തീർത്തു.

ഒന്നിലധികം പൊലീസ് സ്റ്റേഷനുകളിൽ തോക്കുകൾ തട്ടിയെടുക്കാനെത്തിയ ആൾക്കൂട്ടത്തെ ദ്രുതകർമസേന തുരത്തി. സൈന്യവും അസം റൈഫിൾസും ദ്രുതകർമസേനയും ചേർന്ന് ഇംഫാലിൽ ഫ്ലാഗ് മാർച്ച് നടത്തി. ബിഷ്ണുപുർ, ചുരാചന്ദ്പുർ ജില്ലകളിൽ യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള വെടിവയ്പ് നടന്നതായി സേനാ വൃത്തങ്ങൾ പറഞ്ഞു. പൊലീസിൽനിന്നു തട്ടിയെടുത്ത മൂവായിരത്തോളം തോക്കുകൾ ഇപ്പോഴും മെയ്തെയ് വിഭാഗത്തിന്റെ കൈവശമുണ്ട്.

കുക്കി തീവ്രസംഘടനകൾക്കെതിരെ സൈന്യവും അസം റൈഫിൾസും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇംഫാൽ താഴ്‌വരയിലെ മെയ്തെയ് വിഭാഗക്കാർ ബിജെപി നേതാക്കളുടെ വീടുകൾ ആക്രമിക്കുന്നത്. സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയും കുക്കി വംശജയുമായ നെംച കിപ്ഗെനിന്റെയും കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെയും വീടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കത്തിച്ചിരുന്നു.

ഇന്നു വ്യാപക അക്രമങ്ങൾക്കു സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ അതീവജാഗ്രത തുടരുകയാണ്. കുക്കി ഗോത്രക്കാർ ഉപേക്ഷിച്ച ഒട്ടേറെ വീടുകൾ കഴിഞ്ഞദിവസവും കത്തിച്ചു. പലായനം ചെയ്തവരുടെ വസ്തുവകകൾ വിൽക്കാനും ശ്രമിക്കുന്നു. ഇത്തരം ഭൂമി വാങ്ങരുതെന്നു സർക്കാർ മുന്നറിയിപ്പു നൽകി. ഇന്റർനെറ്റ് നിരോധനം 20 വരെ നീട്ടി. സ്കൂളുകൾ 21നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisment