അന്തര്‍ദേശീയം

സ്ത്രീകളുടെ വസ്ത്രധാരണം പീഡനങ്ങള്‍ക്ക് കാരണം; വീണ്ടും സ്ത്രീകളെ കുറ്റപ്പെടുത്തി ഇമ്രാന്‍ ഖാന്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, June 21, 2021

പാകിസ്ഥാനില്‍ സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നതിന് ഇടയാക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് വീണ്ടും വിമര്‍ശിച്ച് തിരിച്ചടി ഏറ്റുവാങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

‘സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ ധരിച്ചാല്‍ ഇത് പുരുഷന്‍മാരില്‍ പ്രലോഭനം ഉണ്ടാക്കും, അവര്‍ റോബോട്ടുകളല്ല. ഇത് കേവലം സാമാന്യ ബുദ്ധിയാണ്’, ആക്‌സിയോസ് ഓണ്‍ എച്ച്ബിഒ എന്ന അഭിമുഖത്തില്‍ പങ്കെടുക്കവെയാണ് ഇമ്രാന്‍ ഖാന്‍ തന്റെ വിവാദ പ്രസ്താവന പുതുക്കിയത്.

വീണ്ടും വിവാദ പ്രസ്താവന നടത്തിയതോടെ സോഷ്യല്‍ മീഡിയയ്ക്ക് പുറമെ പ്രതിപക്ഷ നേതാക്കളും, മാധ്യമപ്രവര്‍ത്തകരും ഖാനെ വിമര്‍ശിച്ച് രംഗത്തെത്തി. പാകിസ്ഥാനിലെ ലൈംഗിക അക്രമങ്ങളില്‍ ഇരകളെ കുറ്റപ്പെടുത്തുന്നത് തുടരുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിരാശാജനകമായ നിലപാടാണ് കൈക്കൊള്ളുന്നത്, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്‌സ് സൗത്ത് ഏഷ്യ ലീഗല്‍ അഡൈ്വസര്‍ റീമ ഒമര്‍ കുറ്റപ്പെടുത്തി.

പാകിസ്ഥാനിലെ ലൈംഗിക പീഡനങ്ങളില്‍ കലാശിക്കുന്നത് അശ്ലീലതയാണെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. പര്‍ദ്ദ എന്ന വസ്ത്രരീതി ഈ പ്രകോപനം ഒഴിവാക്കാനായി സൃഷ്ടിക്കപ്പെട്ടത്. എല്ലാവര്‍ക്കും ചിലപ്പോള്‍ പ്രകോപനം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല, പാക് പ്രധാനമന്ത്രി അന്ന് പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്ത്രീകളെ കുറ്റപ്പെടുത്തി ഖാന്‍ മറുപടി നല്‍കിയത്. പാകിസ്ഥാനില്‍ ഇത്തരം പ്രതികളില്‍ കേവലം 0.3 ശതമാനം പേരാണ് ശിക്ഷിക്കപ്പെടുന്നത്.

×