സൗദിയില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ 1,60,000 ലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ട്ടപെട്ടു, സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, January 23, 2021

റിയാദ് : സ്വദേശി വല്‍ക്കരണം ഊര്‍ജിതമായി നടക്കെ സൗദി  അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ 1,60,000 ലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി ജീവനക്കാരുടെ എണ്ണം 2.9 ശതമാനം തോതില്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ മഹാമാരി തീര്‍ത്ത രൂക്ഷമായ പ്രതിസന്ധിക്കിടെയും സൗദിയില്‍ സ്വകാര്യ മേഖലയില്‍  നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടാമായ വാര്‍ത്തകള്‍ നിരന്തരം വരുന്നതിനിടെയാണ് ഗോസിയുടെ കണക്കുകള്‍ പുറത്തുവരുന്നത്‌

സ്വകാര്യ മേഖലയില്‍ 17.5 ലക്ഷത്തോളം സ്വദേശി ജീവനക്കാരാണ് ഉള്ളതെന്ന്  കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പറയുന്നത് . 2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 17 ലക്ഷത്തോളമായിരുന്നു. ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 49,000 ഓളം പേരുടെ വര്‍ധനവുണ്ടായി. കോറോണ വ്യാപനം ലോകമെങ്ങും തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെങ്കിലും സൗദിയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് കഴിഞ്ഞ കൊല്ലം തൊഴില്‍ ലഭിച്ചതായാണ് ഗോസി കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത്. വനിതാ ജീവനക്കാരുടെ എണ്ണം 7.6 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 42,400 സൗദി വനിതകള്‍ക്കു കൂടി സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ചു. ഇതേസമയം 6,500 ഓളം സ്വദേശി പുരുഷന്മാര്‍ക്കു മാത്രമാണ് കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ പുതുതായി തൊഴില്‍ ലഭിച്ചത്. വരും വര്‍ഷങ്ങളില്‍ സ്വദേശി അനുപാതം സ്വകാര്യ മേഖലയില്‍ വര്‍ദ്ധിക്കു മെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് .അതനുസരിച്ച പ്രവാസികളുടെ ജോലി നഷ്ട്ടവും വര്‍ദ്ധിക്കാനാണ് സാധ്യത.

×