ഇന്ത്യൻ സൈന്യം കണ്ട ധീരരായ വനിതാ സൈനികർ. ദുർഘടമായ പ്രദേശങ്ങളിൽ സേനയെ നയിക്കുന്നത് മുതൽ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ട് വഴി താഴേക്ക് ചാടുന്നതുവരെ. അവരുടെ പ്രവർത്തികളിൽ ലിം​ഗഭേദമന്യേ ഒരോ വ്യക്തിക്കും പഠിക്കേണ്ടുന്ന പാഠങ്ങളുണ്ട്. ഇന്ത്യയുടെ കരുത്തുറ്റ വനിത സൈനികരുടെ വാക്കുകളിലൂടെ

വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്ത യൂണിറ്റുകൾ, റെജിമെന്റുകൾ, ഓപ്പറേഷനുകൾ എന്നിവയിൽ നിന്നും വന്ന ഈ ഓഫീസർമാർ, സ്ത്രീകൾ എത്രത്തോളം മുന്നോട്ട് വന്നിരിക്കുന്നു എന്നും, ഇനിയും എത്രത്തോളം മുന്നോട്ട് പോകാൻ അവർക്ക് ദൃഢനിശ്ചയമുണ്ടെന്നും ഊന്നിപ്പറയുന്നു. 

New Update
images (1280 x 960 px)(14)

ഇന്ത്യ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ, നമ്മുടെ ധീരരായ വനിതാ സൈനികരുടെ അസാധാരണമായ ധീരതയും, പ്രതിരോധശേഷിയും, നേതൃപാടവവും പ്രതിപാദിക്കാതിരിക്കുന്നതെങ്ങനെയാണ്. 

Advertisment

അചഞ്ചലമായ അർപ്പണബോധത്തോടെ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാവുകയും ചെയ്യുന്ന എത്രയധികം വനിത യോദ്ധാക്കൾ നമ്മുടെ സൈനിക ശക്തിക്ക് കരുത്തേകുന്നു. 


അവരിൽ ഓരോരുത്തരും തങ്ങളുടെ തനതായ കഴിവുകളിലൂടെ കരുത്ത് പ്രകടമാക്കിയവരാണ്. മുൻനിരയിൽ നിന്ന് നയിക്കുന്ന ഈ സ്ത്രീകളിലൂടെ ഇന്ത്യൻ പ്രതിരോധ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കുകയും ചെയ്യുന്നു.


വിവിധ പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്ത യൂണിറ്റുകൾ, റെജിമെന്റുകൾ, ഓപ്പറേഷനുകൾ എന്നിവയിൽ നിന്നും വന്ന ഈ ഓഫീസർമാർ, സ്ത്രീകൾ എത്രത്തോളം മുന്നോട്ട് വന്നിരിക്കുന്നു എന്നും, ഇനിയും എത്രത്തോളം മുന്നോട്ട് പോകാൻ അവർക്ക് ദൃഢനിശ്ചയമുണ്ടെന്നും ഊന്നിപ്പറയുന്നു. 

ദുർഘടമായ പ്രദേശങ്ങളിൽ സേനയെ നയിക്കുന്നത് മുതൽ വിമാനങ്ങളിൽ നിന്ന് പാരച്യൂട്ട് വഴി താഴേക്ക് ചാടുന്നതുവരെ, അവരുടെ ഓരോ കഥകളും ധൈര്യത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും, ഇന്ത്യൻ പ്രതിരോധ മേഖലയുടെ മാറുന്ന മുഖത്തിന്റെയും നേർസാക്ഷ്യങ്ങളാണ്.


ഓപ്പറേഷൻ സിന്ദൂറിന്റെ ദേശീയതലത്തിലുള്ള പത്രസമ്മേളനത്തിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷി തുല്യ പ്രാതിനിധ്യത്തെക്കുറിച്ച് ശക്തമായ ഒരു സന്ദേശം പങ്കുവെക്കുന്നുണ്ട്. 


"ഓപ്പറേഷൻ സിന്ദൂറിന്റെ പത്രസമ്മേളനത്തിൽ വനിതാ ഓഫീസർമാരുടെ സാന്നിധ്യം, മികവിന് ലിംഗഭേദമില്ല എന്ന സന്ദേശമാണ് നൽകുന്നത്."

നിലവിൽ ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ഒരു ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്പോർട്ട് ബറ്റാലിയനെ നയിക്കുന്ന കേണൽ മേഘ്ന ഡവെയെ സംബന്ധിച്ചിടത്തോളം, ഭയത്തെ നേരിടുമ്പോളാണ് ശക്തിയുണ്ടാകുന്നത്. 


"തയ്യാറെടുപ്പും, അറിവും, പ്രവർത്തനവും കൊണ്ട് നമുക്ക് ഭയത്തെ അതിജീവിക്കാൻ കഴിയും. അടുത്തതെന്താണെന്ന് അറിയാൻ നമ്മൾ നമ്മുടെ ഭയത്തെ അഭിമുഖീകരിക്കണം." എന്നാണ് മേഘ്നയുടെ വാക്കുകൾ. 


ലഡാക്കിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കേണൽ പദവിയിലെത്തിയ ആദ്യ വനിതാ ഓഫീസറായ കേണൽ പൊനങ് ഡോമിങ് ആണ്. 

സ്ഥിരമായ പരിശ്രമത്തെക്കുറിച്ചുള്ള അവരുടെ മന്ത്രം ഇങ്ങനെയാണ്: "യുവതലമുറയോടുള്ള എൻ്റെ ഉപദേശം, സ്വപ്നം (dream), ദൃഢനിശ്ചയം (determination), അച്ചടക്കം (discipline) എന്നീ മൂന്ന് 'ഡി'കൾ പിന്തുടരുക എന്നതാണ്."


ഒരു ഓപ്പറേഷണൽ എയർ ഡിഫൻസ് യൂണിറ്റിനെ നയിക്കുന്ന ഇന്ത്യൻ ആർമിയിലെ ആദ്യ വനിതയായ കേണൽ അൻഷു ജംവാൾ, യഥാർത്ഥ നേതൃത്വം പ്രവർത്തനങ്ങളിൽ അധിഷ്ഠിതമാണെന്ന് ഓർമ്മിപ്പിക്കുന്നു. 


"നേതൃത്വം എന്നത് വെറും ഉത്തരവുകൾ നൽകുന്നതിലോ തീരുമാനങ്ങൾ എടുക്കുന്നതിലോ ഒതുങ്ങുന്നതല്ല, മറിച്ച് അനിശ്ചിതമായ സാഹചര്യങ്ങളിലൂടെ നിങ്ങളുടെ ടീമിനെ നയിക്കുന്നതിനും, അവരെ പിന്തുണയ്ക്കുന്നതിനും, കടുത്ത സമ്മർദ്ദമുണ്ടാകുമ്പോൾ അവരോടൊപ്പം നിൽക്കുന്നതിനും കൂടിയുള്ളതാണ്," എന്നാണ് കേണൽ അൻഷു ജംവാൾ വ്യക്തമാക്കുന്നത്.

മെഡൽ ജേതാവായ കുതിരയോട്ടക്കാരിയും നാഷണൽ ഡിഫൻസ് അക്കാദമിയിലെ പരിശീലകയുമായ ലെഫ്റ്റനന്റ് കേണൽ കൃതിക പാട്ടീൽ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റാണ് ശക്തിയാർജ്ജിച്ചത്. "നിങ്ങൾ കുതിരപ്പുറത്ത് നിന്ന് വീണിട്ടില്ലെങ്കിൽ, വിജയത്തിന്റെ രുചി അറിയാൻ നിങ്ങൾക്ക് കഴിയില്ല," എന്നാണ് കൃതിക പാട്ടീൽ ഊന്നിപ്പറയുന്നു.

അസമിൽ നിന്നുള്ള ആദ്യ വനിതാ പാരച്യൂട്ട് ജമ്പറും, എലൈറ്റ് പാരച്യൂട്ട് മെഡിക്കൽ റെജിമെന്റിന്റെ ഭാഗവുമായ മേജർ ദ്വിപന്നിത കലിത പരമ്പരാഗതമായ രീതികളെ ധിക്കരിക്കാൻ ആവശ്യപ്പെടുന്നു. "നിങ്ങൾ ഒരു മാതൃകയിലേക്ക് ഒതുങ്ങാൻ ഇവിടെ വന്നതല്ല, മറിച്ച് അതിൽ നിന്ന് പുറത്തുവരാനാണ്," എന്നാണ് അവരുടെ വാക്കുകൾ.


സജീവമായി സേവനമനുഷ്ഠിക്കുന്ന വളരെ കുറച്ച് വനിതാ ഓഫീസർമാരിൽ ഒരാളായ ക്യാപ്റ്റൻ ഓജസ്വിതാ ശ്രീ, ബഹുമാനം നിർണ്ണയിക്കുന്നത് കഴിവാണെന്നും, ലിംഗഭേദമല്ലെന്നും ഓർമ്മിപ്പിക്കുന്നു. 


"നിങ്ങളുടെ ലിംഗഭേദമല്ല, മറിച്ച് നിങ്ങളുടെ സ്വഭാവവും, പ്രൊഫഷണലിസവും, ജോലിയോടുള്ള പ്രതിബദ്ധതയുമാണ് നിങ്ങളുടെ സൈനികരുടെയും സഹപ്രവർത്തകരുടെയും ബഹുമാനം നേടുന്നത്," അവർ പറയുന്നു.

ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ആർമി ഹെലികോപ്റ്റർ പൈലറ്റായ ക്യാപ്റ്റൻ ശ്രദ്ധ ശിവ്ദാവ്കർ തൻ്റെ കഠിനാധ്വാനം നിറഞ്ഞ പാതയെക്കുറിച്ച് ഓർത്തെടുക്കുന്നു. 


"ആ നിമിഷത്തിൽ (എട്ടാമത്തെ ശ്രമത്തിൽ SSB പരീക്ഷ വിജയിച്ചപ്പോൾ), വെറും ആഗ്രഹം കൊണ്ട് മാത്രം കാര്യമില്ലെന്ന് ഞാൻ മനസ്സിലാക്കി - കഠിനാധ്വാനം ചെയ്യണം, അത് നമ്മളെ നമ്മൾ ആഗ്രഹിക്കുന്നിടത്ത് എത്തിക്കും." 


ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലാൻസ് നായിക് ആശിക ഒരു ഉയർന്ന ലക്ഷ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. 

"സഹ പൗരന്മാരെ സംരക്ഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ടുവെന്ന തോന്നൽ മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവാത്തതാണ്," അവർ പറയുന്നു.


ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്കൈ-ഡൈവിംഗ് സൈനികയായ ലാൻസ് നായിക് മഞ്ജു, 10,000 അടി ഉയരത്തിൽ നിന്ന് റെക്കോർഡ് ബ്രേക്കിംഗ് ജമ്പ് പൂർത്തിയാക്കിയ ശേഷം രാജ്യത്തോട് പറഞ്ഞത്  "ഞാൻ താഴെയിറങ്ങിയപ്പോൾ ഒരു കാര്യത്തിൽ മനസ്സുവെച്ചാൽ ജീവിതത്തിൽ ഒന്നും അസാധ്യമല്ലെന്ന് എനിക്ക് ഉറപ്പായി." എന്നായിരുന്നു.


ഈ സ്വാതന്ത്ര്യദിനത്തിൽ, യൂണിഫോം ധരിച്ചതിന് മാത്രമല്ല, സേവനത്തിന്റെയും, നേതൃത്വത്തിന്റെയും, വളർച്ചയുടെയും നിയമങ്ങൾ തിരുത്തിക്കുറിച്ചതിന് രാജ്യം ഈ വനിതകളെ സല്യൂട്ട് ചെയ്യുന്നു. അവരുടെ യാത്രകൾ ധൈര്യത്തിന് ലിംഗഭേദമില്ലെന്നും, സേവനത്തിന് പരിധികളില്ലെന്നും വിശ്വസിക്കാൻ ഒരു തലമുറയെ മുഴുവൻ തുടർന്നും പ്രചോദിപ്പിക്കുന്നതായിരിക്കും.

Advertisment