/sathyam/media/media_files/iglbFF68wInGn1mPUUmM.jpg)
ഡല്‍ഹി: ഇന്ത്യ 78–ാമത് സ്വാതന്ത്ര്യദിനാഘോത്തിന് മുന്നോടിയായി ജാഗ്രത നിര്‍ദേശം നല്‍കി സുരക്ഷ ഏജന്‍സികള്‍. ഇന്ത്യക്ക് നേരെ ഭീകരാക്രമണത്തിനുള്ള സാധ്യത വ്യക്തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ഈ ജാഗ്രതാ നിര്‍ദേശം.
ബന്ധപ്പെട്ട സുരക്ഷ വകുപ്പുകള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാലാണ് ശക്തമായ മുന്‍കരുതല്‍ നിർദേശം.
ജനങ്ങളുടെ സാന്നിധ്യവും മുന്നേ നിശ്ചയിച്ച വേദിയും സ്വാതന്ത്ര്യദിനത്തില്‍ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍, ആഗോള ജിഹാദി ശൃംഖലകള്‍, തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍, സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ തുടങ്ങിയവയില്‍ നിന്ന് ഭീഷണിയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.
അതേസമയം ന്യൂഡല്‍ഹിയിലെ ഉയര്‍ന്ന ജനസംഖ്യയും അനധികൃത കോളനികളുടെ സാന്നിധ്യവും ആക്രമണം നടത്താനെത്തുന്നവര്‍ക്ക് സുരക്ഷിത താവളമായി മാറാമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട് .
യൂണിഫോമിലല്ലാത്ത ഒരാളെ പോലും കടത്തിവിടരുത്, വ്യക്തികളെ കര്‍ശനമായി പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. കൂടാതെ ഏകോപിത തീവ്രവാദ ആക്രമണങ്ങള്‍ മുതല്‍ ചാവേറാക്രമണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.