ഇന്ത്യൻ പരമ്പര ഓസ്ട്രേലിയൻ ക്രിക്കറ്റ് ഭരണസമിതിക്കു നല്‍കുന്നത് വലിയ വരുമാനം; പരമ്പരയിൽനിന്നു പ്രതീക്ഷിക്കുന്നത് 1505 കോടി രൂപ

സ്പോര്‍ട്സ് ഡസ്ക്
Friday, May 29, 2020

മെൽബൺ : ഒക്ടോബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 3 വീതം ട്വന്റി20, ഏകദിനങ്ങളും 4 ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഓഗസ്റ്റ് 9ന് സിംബാബ്‌വെയ്ക്കെതിരായ മത്സരങ്ങളോടെയാണ് ഓസീസിന്റെ വേനൽക്കാല ഷെഡ്യൂളിനു തുടക്കം. ഒക്ടോബർ 11ന് ബ്രിസ്ബെയിനിൽ ട്വന്റി20 മത്സരത്തോടെ ഇന്ത്യൻ പര്യടനം തുടങ്ങും.

14, 17 തീയതികളിലായി ശേഷിക്കുന്ന മത്സരങ്ങൾ. തുടർന്ന് ഓസ്ട്രേലിയ ആതിഥേയരാകുന്ന ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യൻ ടീമിന്റെ പര്യടനം തുടരുമെന്നായിരുന്നു മുൻപു നിശ്ചയിച്ചിരുന്നത്. ഈ ഇടവേള കഴിഞ്ഞ് ഡിസംബർ 3ന് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇന്ത്യ തുടക്കമിടും. തുടർന്ന് 3 ഏകദിന മത്സരങ്ങളും കളിക്കും.

∙ കഴിഞ്ഞ 30 വർഷമായി ഓസ്ട്രേലിയ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ലാത്ത ബ്രിസ്ബെയ്നിലെ ഗാബയിലാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്.

∙ ലോകടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡ് ഓവലിൽ പകൽ – രാത്രി (പിങ്ക്ബോൾ) മത്സരമായി നടക്കും. പരമ്പരാഗത ബോക്സിങ് ഡേ ടെസ്റ്റിന് മെൽബണും പുതുവർഷ ടെസ്റ്റിനു സിഡ്നിയും വേദിയാകും.

∙ ജനുവരി 12ന് പെർത്തിലാണ് ആദ്യ ഏകദിനം. 15ന് മെൽബൺ, 17ന് സിഡ്നി എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.

∙ തുടർന്ന് ഇന്ത്യൻ വനിതാ ടീമിന്റെ പര്യടനത്തിനും ഓസ്ട്രേലിയ വേദിയൊരുക്കും. കാൻബെറ (ജനുവരി 22), സെന്റ് കിൽഡ (25), ഹൊബാർട്ട് (27) എന്നിവിടങ്ങളിലായി വനിതാടീമുകളുടെ ഏകദിന പരമ്പരയും അരങ്ങേറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിൻ റോബർട്സ് പറഞ്ഞു.

കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഭരണസമിതിക്കു വലിയ സഹായമാകും ഇന്ത്യൻ പരമ്പര. 30 കോടി ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1505 കോടി രൂപ) വരുമാനമാണ് പരമ്പരയിൽനിന്നു പ്രതീക്ഷിക്കുന്നത്.

×