സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോപ്ലക്‌സുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മെയ് 3 വരെ അടഞ്ഞു തന്നെ കിടക്കും: വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍

New Update

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോപ്ലക്‌സുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മെയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിതര്‍ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളില്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ ഏപ്രില്‍ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവ് നടപ്പാക്കാനിരിക്കേയാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയത്. കോവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്.

ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമുണ്ടാവില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച്‌ പ്ലാന്റേഷന്‍ ജോലികളും നാളെ മുതല്‍ പുനരാരംഭിക്കാം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും. സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാവുന്നതാണ്. ചരക്ക് നീക്കവും സുഗമമാകും.

വാണിജ്യ, വ്യവസായ സംരംഭങ്ങളും നാളെ മുതല്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം. നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐടി, ഇകൊമേഴ്‌സ്, കൃഷി എന്നിവ അനുവദിക്കുമെന്നാണ് കേന്ദ്രം ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

അതേസമയം, ബസ് സര്‍വ്വീസും മെട്രോയും ഉള്‍പ്പടെ പൊതുഗതാഗതം ലോക്ക്ഡൗണ്‍ തീരുന്ന മെയ് മൂന്നുവരെ അനുവദിക്കില്ല. അടച്ചിടല്‍ തീരുന്ന മെയ് മൂന്നു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുന്നത് തുടരണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു.

Advertisment