ദേശീയം

രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണെന്ന് കേന്ദ്രസ‍ർക്കാർ; പുതിയ ഐടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, June 20, 2021

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ ഐടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ലെന്നും ഉപഭോക്താക്കളെ ശാക്തീകരിക്കാനാണെന്നും ഐക്യരാഷ്ട്ര സഭയ്ക്ക് ഇന്ത്യയുടെ മറുപടി. വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഐടി ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നും യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും യുഎന്നിനുള്ള മറുപടിയിൽ കേന്ദ്രം പറയുന്നു. സ്വതന്ത്രമായ ജുഡീഷ്യറിയും ശക്തമായ മാധ്യമങ്ങളും രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധികള്‍ രാജ്യത്തെ ഐടി ചട്ടങ്ങളില്‍ വലിയ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തണമെന്ന്‌ അഭ്യര്‍ഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

×