ന്യൂഡൽഹി: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണയ്ക്കാത്തതിൽ വിശദീകരണവുമായി ഇന്ത്യ. യുക്രെയ്നിൽ നിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് രാജ്യാന്തര വേദികളിൽ ചർച്ചയായിരുന്നു. യുഎൻ രക്ഷാസമിതിയിൽ യുഎസും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
/sathyam/media/post_attachments/ylhjcn3p1jrZ1yAE5OAW.jpg)
15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. പ്രമേയം സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല.
നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം രമ്യമായി പരിഹരിക്കണമെന്നാണ് ഇന്ത്യൻ നിലപാടെന്നും അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഏക വഴി നയതന്ത്ര സംഭാഷണം മാത്രമാണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി പറഞ്ഞു.
നയതന്ത്രത്തിന്റെ പാത കൈവിട്ടുപോയത് തീർത്തും ഖേദകരമാണെന്നും നയതന്ത്ര പാതയിലേക്ക് ഉടൻ മടങ്ങേണ്ടത് അനിവാര്യമാണെന്നും കൂടുതൽ ചർച്ചകളിലേക്കും അനുരഞ്ജനത്തിലേക്കും വഴി തുറക്കേണ്ടതിനാലാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്നാണ് ഇന്ത്യയുടെ വിശദീകരണം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇരുരാജ്യങ്ങളെയും പിണക്കാതെ സന്തുലിതമായ നയതന്ത്ര സമീപനം സ്വീകരിച്ച ഇന്ത്യ വോട്ടെടുപ്പിലും സമാനമായ സമീപനം കൈകൊള്ളുകയായിരുന്നു.
റഷ്യയുടെ സൈനിക നടപടിയെ വിമർശിച്ച ഇന്ത്യ, മനുഷ്യ ജീവനെടുത്ത് ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ലെന്ന നിലപാടെടുത്തു. റഷ്യയെ തള്ളിയതു കൊണ്ട് മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിക്കില്ലെന്നും നയതന്ത്ര പരിഹാരമാണ് വേണ്ടതെന്നും ഇന്ത്യ കണക്കുകൂട്ടുന്നു. സമാധാനത്തിന് ഇടം കൊടുക്കാനാണ് ഒരു വിഭാഗത്തിന്റെയും ഭാഗമാകാത്തതെന്നും ഇന്ത്യ പറയുന്നു.