24 മണിക്കൂറില്‍ 230 മരണം, 8,392 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന, ലോകത്ത് ഏഴാമത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 1, 2020

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 8,392 പേര്‍ക്ക്. കൂടാതെ ചികിത്സയിലായിരുന്ന 230 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 5,394 ആയി ഉയര്‍ന്നെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തെ കൊവിഡ് കേസുകള്‍ കൂടി കൂട്ടുമ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 1.90 ലക്ഷമാണ്. ഇതില്‍ രോഗമുക്തി നേടിയവരൊഴിച്ച് നിലവില്‍ 93,322 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെയും രോഗികളുടെ എണ്ണം എണ്ണായിരത്തില്‍ കൂടുതലായതോടെ ഇന്ത്യ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്തെത്തി. ഫ്രാന്‍സിനെയും ജര്‍മ്മനിയെയുമാണ് ഇന്ത്യ മറികടന്നത്. രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതര്‍ ഏറെയുമുളളത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലാണത്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,487 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 67,655 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും ഇന്നലെ 1,295 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. 19,844 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 438 പുതിയ കേസുകള്‍ കൂടി വന്നതോടെ ഗുജറാത്തിലെ രോഗികളുടെ എണ്ണം 16,794 ആയി. രാജസ്ഥാനില്‍ 8,831 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 7,823 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 5,501 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

×